ഗസ്സ വംശഹത്യയിൽ പക്ഷപാതപരമായ റിപ്പോർട്ടിങ്; 'ന്യൂയോർക്ക് ടൈംസ്' ബഹിഷ്‌കരിച്ച് 150 എഴുത്തുകാർ
ഫലസ്തീൻ വിരുദ്ധ നിലപാട് പുനഃപരിശോധിക്കണമെന്നും ഫലസ്തീൻ വിഷയം റിപ്പോർട്ട് ചെയ്യുന്നതിൽ പുതിയ എഡിറ്റോറിയൽ മാനദണ്ഡം തയ്യാറാക്കണമെന്നും എഴുത്തുകാർ 'ന്യൂയോർക്ക് ടൈംസ്' മാനേജ്‌മെന്റിനോട് ആവശ്യപ്പെട്ടു

The New York Times headquarters in Manhattan [Selçuk Acar – Anadolu Agency
ന്യൂയോർക്ക്: ഗസ്സയിലെ ഇസ്രായേൽ വംശഹത്യയെ കുറിച്ച് പക്ഷപാതപരമായ റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചതിൽ പ്രതിഷേധിച്ച് ന്യൂയോർക്ക് ടൈംസ് ബഹിഷ്‌കരിക്കാൻ തീരുമാനിച്ച് 150ൽ കൂടുതൽ എഴുത്തുകാർ. പൂർണമായും ഇസ്രായേൽ അനുകൂലമായ റിപ്പോർട്ടുകളാണ് പത്രം പ്രസിദ്ധീകരിച്ചതെന്നും ഇതിൽ പ്രതിഷേധിച്ചാണ് പത്രത്തിൽ എഴുതേണ്ടതില്ലെന്ന് തീരുമാനിച്ചതെന്നും എഴുത്തുകാരെ ഉദ്ധരിച്ച് 'മിഡിൽ ഈസ്റ്റ് ഐ' റിപ്പോർട്ട് ചെയ്തു.
ഫലസ്തീൻ വിരുദ്ധ നിലപാട് പുനഃപരിശോധിക്കണമെന്നും ഫലസ്തീൻ വിഷയം റിപ്പോർട്ട് ചെയ്യുന്നതിൽ പുതിയ എഡിറ്റോറിയൽ മാനദണ്ഡം തയ്യാറാക്കണമെന്നും എഴുത്തുകാർ 'ന്യൂയോർക്ക് ടൈംസ്' മാനേജ്‌മെന്റിനോട് ആവശ്യപ്പെട്ടു. ഇസ്രായേലിനെതിരെ യുഎസ് ആയുധ ഉപരോധം ഏർപ്പെടുത്തണമെന്ന് ന്യൂയോർക്ക് ടൈംസിന്റെ എഡിറ്റോറിയൽ ആവശ്യപ്പെടണമെന്നും എഴുത്തുകാർ ആവശ്യപ്പെട്ടു.
''ന്യൂയോർക്ക് ടൈംസ് അതിന്റെ പക്ഷപാതപരമായ കവറേജിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുകയും ഗസ്സക്ക് എതിരായ യു.എസ്്- ഇസ്രായേൽ ആക്രമണത്തെ കുറിച്ച് സത്യസന്ധവും ധാർമികവുമായ റിപ്പോർട്ടിങ് നടത്താൻ തയ്യാറാവുകയും വേണം. അല്ലെങ്കിൽ ഇത് വംശഹത്യ തുടരാനുള്ള അനുമതിയായി കണക്കാക്കേണ്ടിവരും. ഞങ്ങളുടെ സഹകരണം നിർത്തിവെച്ചുകൊണ്ട് മാത്രം ടൈംസ് വളരെക്കാലമായി അമേരിക്കയുടെയും ഇസ്രായേലിന്റെയും നുണകൾ മറച്ചുവെക്കാൻ ഉപയോഗിക്കുന്ന ആധിപത്യ അധികാരത്തിനെതിരെ ഫലപ്രദമായ വെല്ലുവിളി ഉയർത്താൻ കഴിയൂ''- എഴുത്തുകാർ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.
റീമ ഹസൻ, ചെൽസി മാനിങ്, റാഷിദ തലൈബ്, സാലി റൂണി, എലിയ സുലൈമാൻ, ഗ്രെറ്റ തുൻബർഗ്, ഡേവ് സിറിൻ തുടങ്ങിയ പ്രമുഖ ആക്ടിവിസ്റ്റുകളും കലാകാരൻമാരും രാഷ്ട്രീയ നേതാക്കളുമാണ് പ്രസ്താവനയിൽ ഒപ്പുവെച്ചത്.
Adjust Story Font
16

