യെമനിലെ യുഎസ് ആക്രമണത്തിൽ മരണം 80 ആയി; 150ലേറെ പേർക്ക് പരിക്ക്
ഹൂതികളുടെ സൈനികശേഷി ഇല്ലാതാക്കും വരെ ആക്രമണം തുടരുമെന്ന് പെന്‍റഗൺ അറിയിച്ചു

സന: യെമനിൽ അമേരിക്ക നടത്തിയ ആക്രമണത്തിൽ എൺപത് പേർ കൊല്ലപ്പെടുകയും 150ൽ ഏറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഹൂതികളുടെ സൈനികശേഷി ഇല്ലാതാക്കും വരെ ആക്രമണം തുടരുമെന്ന് പെന്‍റഗൺ അറിയിച്ചു. അതിനിടെ ഗസ്സയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ അമ്പതിലേറെ പേര്‍ കൊല്ലപ്പെട്ടു.
ഗസ്സ യുദ്ധവും ഉപരോധവും അടിച്ചേൽപ്പിച്ച് ഫലസ്തീൻ ജനതയെ വേട്ടയാടുന്ന ഇസ്രയേലിനെതിരെ നിലയുറപ്പിച്ചതിന്‍റെ പേരിൽ യെമനിലെ ഹൂതികൾക്കെതിരായ ആക്രമണം വ്യാപിപ്പിച്ച് അമേരിക്ക. ഹുദൈദ പ്രവിശ്യയിലെ റാസ് ഇസ തുറമുഖത്തിനു നേരെ നടന്ന ആക്രമണത്തിൽ 80 പേരാണ് കൊല്ലപ്പെട്ടത്. 150 അധികം പേർക്ക് പരിക്കേറ്റതായും ഹുദൈദ ഹെൽത്ത് ഓഫീസ് അറിയിച്ചു. മാർച്ച് 15 മുതൽ യെമനിലെ ഹൂതികൾക്ക് നേരെയുള്ള അമേരിക്കൻ ആക്രമണത്തിലെ ഏറ്റവും വലുതാണിത്.യെമനിലെ ജനതക്കെതിരെയല്ല, ഹൂതികളുടെ സൈനികശേഷി അമർച്ച ചെയ്യുകയാണ് ആക്രമണലക്ഷ്യമെന്ന് അമേരിക്ക അറിയിച്ചു. ഹൂതി കേന്ദ്രങ്ങളിൽ ആക്രമണം കൂടുതൽ ശക്തമാക്കുമെന്ന് പെന്‍റഗൺ വെളിപ്പെടുത്തി. ഗസ്സയിലെ ഇസ്രായേൽ ആക്രമണവും തുടരുകയാണ്. ഇന്നലെ മാത്രം 51 പേരാണ് വിവിധ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്. ഇവരിൽ പകുതിയിലേറെയും കുട്ടികളും സ്ത്രീകളുമാണ്.
ഗസ്സയിലെ മാനുഷിക ശൃംഖല അപ്പാടെ തകർന്നതായി ലോകത്തെ 12 പ്രധാന സന്നദ്ധ സംഘടനകൾ സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി. ഭക്ഷണവും വെള്ളവും മരുന്നും നിഷേധിച്ച് ആയിരങ്ങളെ മരണവഴിയിലേക്ക് തള്ളിവിടുന്ന സാഹചര്യമാണ് രൂപപ്പെട്ടിരിക്കുന്നതെന്ന് യു.എൻ ഏജൻസികളും കുറ്റപ്പെടുത്തി. അതിനിടെ, ഈജിപ്ത് സമർപ്പിച്ച പുതിയ വെടിനിർത്തൽ നിർദേശം ഹമാസ് അംഗീകരിച്ചെങ്കിലും ഇസ്രായേലിന്‍റെ ഭാഗത്തു നിന്നുള്ള പ്രതികരണം വൈകുകയാണ്. എത്രയും പെട്ടെന്ന് വെടിനിർത്തൽ കരാർ യാഥാർഥ്യമാക്കാനുള്ള ഊർജിത നടപടികൾ തുടരുമെന്ന് മധ്യസ്ഥ രാജ്യങ്ങൾ അറിയിച്ചു.
Adjust Story Font
16

