എൽ നിനോ ശക്തിപ്പെടുന്നു; ചരിത്രത്തിലാദ്യമായി പസഫികിലെ താപനില 30 ഡിഗ്രി കടന്നു- ഇന്ത്യയിലും ആശങ്ക
എൽ നിനോയുടെ ശക്തി വർധിക്കുന്നത് ഇന്ത്യയിൽ മഴക്കുറവിനും താപനില വർധനവിനും ഇടയാക്കുമെന്നാണ് വിലയിരുത്തൽ

- Published:
24 Oct 2026 2:46 PM IST

ന്യൂഡൽഹി: ആഗോള കാലാവസ്ഥയെ മാറ്റിമറിക്കാൻ ശേഷിയുള്ള എൽ നിനോ പ്രതിഭാസം അതിശക്തമായി തുടരുന്നതിനിടെ, ചരിത്രത്തിലാദ്യമായി പസഫിക് സമുദ്രോപരിതല താപനില 30 ഡിഗ്രി സെൽഷ്യസ് കടന്നു. ശാസ്ത്രജ്ഞർ സൂക്ഷ്മമായി നിരീക്ഷിച്ചുവരുന്ന മധ്യ ഭൂമധ്യരേഖാ പസഫിക് മേഖലയിലെ താപനില ഒക്ടോബർ 22-നാണ് മുമ്പൊരിക്കലും രേഖപ്പെടുത്തിയിട്ടില്ലാത്ത തരത്തിൽ 30 ഡിഗ്രി സെൽഷ്യസിലെത്തിയത്. യുഎസ് നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷൻ പുറത്തുവിട്ട വിവരങ്ങളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
പസഫിക് സമുദ്രത്തിലെ താപനില അസാധാരണമാംവിധം ഉയർന്നത് ഇന്ത്യ ഉൾപ്പെടെയുള്ള ലോകരാജ്യങ്ങളിലെ കാലാവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്ക വർധിപ്പിച്ചിട്ടുണ്ട്. ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള മാസങ്ങളിൽ മധ്യ-കിഴക്കൻ ഉഷ്ണമേഖലാ പസഫിക് മേഖലയിലെ താപനില റെക്കോർഡ് നിലവാരത്തിലേക്ക് ഉയരുമെന്നും ഡിസംബറോടെ എൽ നിനോ അതിന്റെ പരമാവധി ശക്തിയിലെത്തുമെന്നും ലോക കാലാവസ്ഥാ സംഘടന വ്യക്തമാക്കി. ഈ കാലാവസ്ഥാ പ്രതിഭാസം 2027-ന്റെ തുടക്കം വരെ ശക്തമായി തുടർന്നേക്കുമെന്നാണ് പ്രവചനം.
എന്താണ് എൽ നിനോ? എന്തുകൊണ്ട് ആശങ്കപ്പെടണം?
മധ്യ-കിഴക്കൻ ഉഷ്ണമേഖലാ പസഫിക് സമുദ്രോപരിതല ജലം അസാധാരണമായി ചൂടുപിടിക്കുന്ന സ്വാഭാവിക കാലാവസ്ഥാ പ്രതിഭാസമാണ് എൽ നിനോ. സമുദ്രജലത്തിലെ ഈ താപവ്യതിയാനം കാറ്റിന്റെ ഗതിയെയും മഴമേഘങ്ങളുടെ സഞ്ചാരത്തെയും സ്വാധീനിക്കുകയും, സമുദ്രതീരങ്ങളിൽ നിന്ന് ഏറെ അകലെയുള്ള പ്രദേശങ്ങളിലടക്കം കാലാവസ്ഥയിൽ വലിയ മാറ്റങ്ങൾക്ക് വഴിവെക്കുകയും ചെയ്യുന്നു.
ഇത്തവണ രൂപപ്പെട്ടിരിക്കുന്ന എൽ നിനോ മുൻകാലങ്ങളേക്കാൾ അതീവ ശക്തമാണെന്ന് ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നു. WMO-യുടെ കണക്കുകൾ പ്രകാരം, നിനോ 3.4 മേഖലയിലെ സമുദ്രോപരിതല ശരാശരി താപനില സാധാരണയേക്കാൾ ജൂണിൽ 1.6 ഡിഗ്രിയും ഓഗസ്റ്റിൽ 2.5 ഡിഗ്രിയും ഉയർന്നു. ഒക്ടോബർ-ഡിസംബർ കാലയളവിൽ ഇത് സാധാരണയേക്കാൾ 3.7 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാമെന്നാണ് അനുമാനം. 2015 നവംബർ-2016 ജനുവരി കാലയളവിൽ രേഖപ്പെടുത്തിയ 2.6 ഡിഗ്രി എന്ന മുൻ റെക്കോർഡിനെ മറികടക്കുന്ന വർധനവാണിത്. മുൻകാല ശരാശരിയേക്കാൾ സമുദ്രജലം എത്രത്തോളം ചൂടായിരിക്കുന്നുവെന്നാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്.
ഇന്ത്യക്ക് ആശങ്കയുണ്ടാക്കുന്ന കാര്യങ്ങൾ
എൽ നിനോയുടെ ശക്തി വർധിക്കുന്നത് ഇന്ത്യയിൽ മഴക്കുറവിനും താപനില വർധനവിനും ഇടയാക്കുമെന്നാണ് വിലയിരുത്തൽ. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ കണക്കുകൾ പ്രകാരം 2026-ലെ തെക്കുപടിഞ്ഞാറൻ കാലവർഷത്തിൽ സാധാരണ ലഭിക്കേണ്ടതിനേക്കാൾ 13 ശതമാനം കുറവ് മഴയാണ് ഇന്ത്യയിൽ ലഭിച്ചത്.
വരും മാസങ്ങളിൽ ദക്ഷിണേഷ്യയിലെ മിക്ക പ്രദേശങ്ങളിലും താപനില സാധാരണയേക്കാൾ ഉയർന്നുനിൽക്കാൻ സാധ്യതയുണ്ടെന്ന് ലോക കാലാവസ്ഥാ സംഘടനയുടെ ഒക്ടോബർ മാസത്തെ മുന്നറിയിപ്പിൽ പറയുന്നു. ഒക്ടോബർ-ഡിസംബർ കാലയളവിൽ ദക്ഷിണേഷ്യയുടെ മധ്യ-ദക്ഷിണ ഉപദ്വീപ് മേഖലകളിൽ സാധാരണ ലഭിക്കേണ്ടതിനേക്കാൾ മഴ കുറയാനാണ് സാധ്യത.
ഇന്ത്യയിലെ കാലാവസ്ഥയെ എൽ നിനോ മാത്രമായി നിർണയിക്കുന്നില്ലെന്നും പ്രാദേശിക ഘടകങ്ങളും മറ്റ് കാലാവസ്ഥാ വ്യതിയാനങ്ങളും ഇതിൽ പങ്കുവഹിക്കുന്നുണ്ടെന്നും വിദഗ്ധർ വ്യക്തമാക്കുന്നു. എങ്കിലും, പസഫിക് സമുദ്രത്തിലെ ക്രമാതീതമായ ചൂട് കഠിനമായ ഉഷ്ണതരംഗങ്ങൾക്കും മഴയുടെ ക്രമം തെറ്റുന്നതിനും വഴിവെച്ചേക്കാം. സാഹചര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് കാലാവസ്ഥാ ശാസ്ത്രജ്ഞർ അറിയിച്ചു.
Adjust Story Font
16
