പാകിസ്താൻ- അഫ്ഗാനിസ്ഥാൻ സംഘർഷം; ദോഹ ചർച്ചയിൽ അടിയന്തര വെടിനിർത്തലിന് തീരുമാനം
തുർക്കിയയുടെയും ഖത്തറിന്റെയും മധ്യസ്ഥതയിലാണ് വെടിനിർത്തൽ

Photo: Ministry of foreign affairs Qatar
കാബൂൾ: 48 മണിക്കൂർ നീണ്ട വെടിനിർത്തലിന് ശേഷം ആക്രമണം തുടർന്ന പാകിസ്താനും അഫ്ഗാനിസ്താനും തമ്മിൽ അടിയന്തര വെടിനിർത്തലിന് സമ്മതിച്ചെന്ന് ഖത്തർ. ശനിയാഴ്ച ദോഹയിൽ നടന്ന കൂടിയാലോചനയിൽ ഇരുരാജ്യങ്ങളും അടിയന്തര വെടിനിർത്തൽ കരാറിൽ ഒപ്പുവെച്ചതായി ഖത്തർ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. തുർക്കിയയുടെയും ഖത്തറിന്റെയും മധ്യസ്ഥതയിലാണ് വെടിനിർത്തൽ.
ഇരുരാജ്യങ്ങളും തമ്മിലുള്ള സ്ഥിരമായ വെടിനിർത്തലിനെ കുറിച്ചും ജനങ്ങളുടെ സുരക്ഷയെ കുറിച്ചും ചർച്ച ചെയ്യുന്നതിനായി വരുംദിനങ്ങളിൽ കൂടുതൽ കൂടിക്കാഴ്ചകൾ ഉണ്ടാകുമെന്നും ഖത്തർ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. വെടിവെപ്പ് തുടങ്ങിയതുമായി ബന്ധപ്പെട്ട് ഇരുവിഭാഗങ്ങളും പരസ്പരം ആരോപണ-പ്രത്യാരോപണങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ അഫ്ഗാനിസ്താനാണ് വെടിനിർത്തൽ ആവശ്യപ്പെട്ടതെന്ന് പാകിസ്താൻ അവകാശപ്പെട്ടു. ഇതിനോട് അഫ്ഗാനിസ്താൻ ഇതുവരെയും പ്രതികരിച്ചിട്ടില്ല.
അഫ്ഗാനിസ്താൻ തങ്ങളുടെ പ്രദേശത്ത് ഭീകരാക്രമണം നടത്തുന്നവരെ പിന്തുണയ്ക്കുന്നു എന്നതാണ് പാകിസ്താൻ്റെ ആരോപണം. താലിബാൻ അധികാരം പിടിച്ചെടുത്ത 2021 മുതൽ ഇത്തരം ആക്രമണങ്ങൾ വർധിച്ചതായും പാകിസ്താൻ പറയുന്നു. എന്നാൽ, പാകിസ്താൻ്റെ ഇത്തരം ആരോപണങ്ങൾ താലിബാൻ പൂർണമായും നിഷേധിച്ചു.
ശനിയാഴ്ച അഫ്ഗാനിസ്ഥാനിൽ പാകിസ്താൻ നടത്തിയ വ്യോമാക്രമണത്തിൽ മൂന്ന് അഫ്ഗാൻ ക്രിക്കറ്റ് താരങ്ങളടക്കം 10 പേർ കൊല്ലപ്പെട്ടിരുന്നു.
Statement | Pakistan and Afghanistan Agree to an Immediate Ceasefire During a Round of Negotiations in Doha#MOFAQatar pic.twitter.com/fPXvn6GaU6
— Ministry of Foreign Affairs - Qatar (@MofaQatar_EN) October 18, 2025
Adjust Story Font
16

