Quantcast

എല്ലാവരെയും ഉൾക്കൊള്ളുന്ന സർക്കാർ രൂപീകരിക്കാൻ താലിബാനെ സഹായിക്കുമെന്ന് പാകിസ്താൻ

ഇസ്‌ലാമാബാദിൽ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബുമായി നടന്ന കൂടിക്കാഴ്ചയ്ക്കിടെ പാക് സൈനിക മേധാവി ജനറൽ ഖമർ ജാവേദ് ബാജ്‌വ അറിയിച്ചതാണ് ഇക്കാര്യം

MediaOne Logo

Web Desk

  • Published:

    4 Sep 2021 3:42 PM GMT

എല്ലാവരെയും ഉൾക്കൊള്ളുന്ന സർക്കാർ രൂപീകരിക്കാൻ താലിബാനെ സഹായിക്കുമെന്ന് പാകിസ്താൻ
X

അഫ്ഗാനിസ്താനിൽ എല്ലാവരെയും ഉൾക്കൊള്ളുന്ന സർക്കാർ രൂപീകരിക്കാൻ താലിബാനെ സഹായിക്കുമെന്ന് പാകിസ്താൻ. പാക് സൈനിക മേധാവി ജനറൽ ഖമർ ജാവേദ് ബാജ്‌വ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബിനെ അറിയിച്ചതാണ് ഇക്കാര്യം. ഇസ്‌ലാമാബാദിൽ നടന്ന കൂടിക്കാഴ്ചയ്ക്കിടെയായിരുന്നു ഖമർ ബാജ്‌വ ഇക്കാര്യം വ്യക്തമാക്കിയത്.

അഫ്ഗാനിൽ സമാധാനവും സുസ്ഥിരതയും കൊണ്ടുവരാനുള്ള പോരാട്ടം പാകിസ്താൻ തുടരും. അവിടെ എല്ലാവരെയും ഉൾക്കൊള്ളുന്ന ഒരു ഭരണകൂടം രൂപീകരിക്കാൻ വേണ്ട സഹായങ്ങളും ചെയ്യും-ഖമർ ബാജ്‌വ ഡൊമിനിക് റാബിനെ അറിയിച്ചു. കഴിഞ്ഞ ദിവസം പാക് ഇന്റലിജൻസ് വിഭാഗം(ഐഎസ്‌ഐ) മേധാവി ജനറൽ ഫൈസ് ഹമീദ് കാബൂളിലെത്തിയിരുന്നു. സർക്കാർ രൂപീകരണം അടക്കമുള്ള വിഷയങ്ങൾ ചർച്ച ചെയ്യാനാണ് ഐഎസ്‌ഐ മേധാവിയും സംഘവും അഫ്ഗാനിലെത്തിയത്. ഇതിനു പിന്നാലെയാണ് പാക് സൈനിക മേധാവിയുടെ പ്രസ്താവന പുറത്തുവരുന്നത്.

മുല്ല അബ്ദുൽ ഗനി ബറാദറിന്റെ നേതൃത്വത്തിൽ പുതിയ അഫ്ഗാൻ ഭരണകൂടത്തെ താലിബാൻ ഇന്നലെ പ്രഖ്യാപിക്കുമെന്നാണ് കരുതപ്പെട്ടിരുന്നത്. എന്നാൽ, സർക്കാർ രൂപീകരണം ഒരു ആഴ്ചത്തേക്കുകൂടി നീട്ടിയിട്ടുണ്ട്. എല്ലാവരെയും ഉൾക്കൊള്ളുന്ന സർക്കാർ രൂപീകരിക്കണമെന്ന അന്താരാഷ്ട്ര സമ്മർദം ശക്തമാകുന്നതിനു പിറകെയായിരുന്നു ഇത്. അഫ്ഗാനിൽ നിയന്ത്രണം പിടിച്ചടക്കിയ ശേഷം ഇതു രണ്ടാം തവണയാണ് താലിബാൻ സർക്കാർ രൂപീകരണം നീട്ടിവയ്ക്കുന്നത്.

TAGS :

Next Story