Quantcast

പാക് മണ്ണിൽ സൈനികതാവളമൊരുക്കാന്‍ അമേരിക്കയെ അനുവദിക്കില്ലെന്ന് ഇമ്രാൻ ഖാൻ

ലോകചരിത്രത്തിലെ ഏറ്റവും ശക്തമായ സൈനിക സജ്ജീകരണങ്ങളുണ്ടായിട്ടും യുഎസിന് അഫ്ഗാനിലെ യുദ്ധം ജയിക്കാനായില്ലെങ്കിൽ ഞങ്ങളുടെ നാട്ടിൽനിന്ന് അവർ എങ്ങനെ നേട്ടമുണ്ടാക്കാനാണ്?- വാഷിങ്ടൺ പോസ്റ്റ് ലേഖനത്തിൽ പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ചോദിച്ചു

MediaOne Logo

Web Desk

  • Published:

    22 Jun 2021 3:16 PM GMT

പാക് മണ്ണിൽ സൈനികതാവളമൊരുക്കാന്‍ അമേരിക്കയെ അനുവദിക്കില്ലെന്ന് ഇമ്രാൻ ഖാൻ
X

ഇനിമുതൽ സ്വന്തം മണ്ണിൽ സൈനികതാവളമൊരുക്കാന്‍ അമേരിക്കയെ അനുവദിക്കില്ലെന്ന് പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. അഫ്ഗാനിസ്താനിലെ സൈനിക നടപടികൾക്കായി താവളമൊരുക്കാൻ യുഎസിനെ അനുവദിച്ചതിന്റെ പേരിൽ രാജ്യത്തിന് ഏറെ വിലയൊടുക്കേണ്ടി വന്നിട്ടുണ്ടെന്നും ഇമ്രാൻ ഖാൻ പറഞ്ഞു. വാഷിങ്ടൺ പോസ്റ്റിൽ എഴുതിയ ലേഖനത്തിലാണ് ഇമ്രാൻ ഇക്കാര്യം വ്യക്തമാക്കിയത്.

ഈയാഴ്ച വൈറ്റ്ഹൗസിൽ അഫ്ഗാൻ നേതാക്കളുമായുള്ള യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ കൂടിക്കാഴ്ച നടക്കാനിരിക്കെയാണ് ഇമ്രാൻ ഖാൻ നിലപാട് വ്യക്തമാക്കിയതെന്നത് ശ്രദ്ധേയമാണ്. മേഖലയിലെ സൈനിക നടപടികൾക്കായി പാകിസ്താനിൽ വീണ്ടും താവളമൊരുക്കാൻ യുഎസ് ആലോചിക്കുന്നതായി വാർത്തയുണ്ടായിരുന്നു. എന്നാൽ, പാകിസ്താനിലെ പഴയ യുഎസ് സൈനികതാവളങ്ങളുടെ ഫലപ്രാപ്തിയെ ലേഖനത്തിൽ പാക് പ്രധാനമന്ത്രി ചോദ്യം ചെയ്യുന്നുണ്ട്.

ഇത് ഇനിയും താങ്ങാനാവില്ല. നേരത്തെ തന്നെ വലിയ വിലയൊടുക്കേണ്ടി വന്നിട്ടുണ്ട്. അഫ്ഗാനിസ്താനിൽ ബോംബിടാനായി അമേരിക്കയ്ക്ക് താവളമൊരുക്കാൻ സൗകര്യമൊരുക്കിയാൽ രാജ്യം ഭീകരരിൽനിന്ന് തിരിച്ചടി നേരിടേണ്ടിവരും. ലോകചരിത്രത്തിലെ ഏറ്റവും ശക്തമായ സൈനിക സജ്ജീകരണങ്ങളുണ്ടായിട്ടും അമേരിക്കയ്ക്ക് 20 വർഷമായിട്ടും അഫ്ഗാനിലെ യുദ്ധം ജയിക്കാനായില്ലെങ്കിൽ ഞങ്ങളുടെ നാട്ടിൽനിന്ന് അവർ എങ്ങനെ നേട്ടമുണ്ടാക്കാനാണ്? ലേഖനത്തിൽ ഇമ്രാൻ ഖാൻ ചോദിച്ചു.

അതേസമയം, അഫ്ഗാനിൽ അമേരിക്ക നടത്തുന്ന സമാധാന പ്രവർത്തനങ്ങളിൽ പങ്കുചേരാൻ തയാറാണെന്നും അദ്ദേഹം അറിയിച്ചു. എന്നാൽ, യുഎസ് സൈന്യം പിൻവലിഞ്ഞ ശേഷം കൂടുതൽ സംഘർഷത്തിനിടയാക്കുന്ന പ്രവർത്തനങ്ങളിൽനിന്ന് പാകിസ്താൻ വിട്ടുനിൽക്കും. ഞങ്ങൾക്ക് ആരോടും പ്രത്യേക മമതയില്ല. അഫ്ഗാൻ ജനതയുടെ വിശ്വാസമുള്ള ഏതു ഭരണകൂടവുമായും സഹകരിച്ചുപ്രവർത്തിക്കും. അഫ്ഗാനെ പുറത്തുനിന്നു നിയന്ത്രിക്കാനാകില്ലെന്ന് ചരിത്രം തെളിയിച്ചതാണെന്നും ഇമ്രാൻ ഖാൻ കൂട്ടിച്ചേർത്തു.

2008 മുതൽ ബലൂചിസ്താനിലെ ശംസി വ്യോമതാവളത്തിൽനിന്നായിരുന്നു അമേരിക്ക അഫ്ഗാനിലെ സൈനിക നടപടികൾക്ക് നേതൃത്വം നൽകിയിരുന്നത്. മേഖലയിലെ പർവതനിരകളിലുള്ള അൽഖാഇദ താവളങ്ങൾ ലക്ഷ്യമിട്ട് അമേരിക്ക നിരവധി തവണ ഡ്രോൺ ആക്രമണം നടത്തിയിരുന്നു. ഇതിൽ നിരവധി സാധാരണക്കാർക്കും ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്.

TAGS :

Next Story