Quantcast

മൃതദേഹം കണ്ടെത്തിയത് ജൂലൈ 8 ന്, മരിച്ചത് 9 മാസം മുൻപ്? പാക് നടിയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ഞെട്ടിക്കുന്നത്

2024 ഒക്ടോബറിലായിരിക്കും ഹുമൈറ മരിച്ചിട്ടുണ്ടാവുകയെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം

MediaOne Logo

Web Desk

  • Published:

    11 July 2025 2:56 PM IST

Humaira Asghar Ali
X

കറാച്ചി: ചൊവ്വാഴ്ചയാണ് (ജൂലൈ 8) പാക് നടി ഹുമൈറ അസ്ഗറിനെ കറാച്ചിയിലെ അപ്പാര്‍ട്ട്മെന്‍റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അഴുകിത്തുടങ്ങിയ മൃതദേഹത്തിന് രണ്ടാഴ്ചയോളം പഴക്കമുണ്ടെന്നായിരുന്നു പൊലീസ് പറഞ്ഞത്. എന്നാൽ നടിയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ഞെട്ടിക്കുന്നതായിരുന്നു. മരണം സംഭവിച്ചിട്ട് ഏകദേശം 9 മാസം കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ടിലെ കണ്ടെത്തൽ.

2024 ഒക്ടോബറിലായിരിക്കും ഹുമൈറ മരിച്ചിട്ടുണ്ടാവുകയെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം. ''ഫ്ലാറ്റിലെ റഫ്രിജറേറ്ററിലുണ്ടായിരുന്ന ഭക്ഷണ പാനീയങ്ങളുടെ കാലാവധി മാസങ്ങൾക്ക് മുൻപെ കഴിഞ്ഞിട്ടുണ്ടായിരുന്നു. നടിയുടെ കോൾ റെക്കോർഡുകൾ പ്രകാരം അവസാനമായി ഫോൺ ഉപയോഗിച്ചത് 2024 ഒക്ടോബറിലാണ്. ഫോണിലെ രണ്ട് സിമ്മുകളും അന്നുമുതൽ പ്രവർത്തനരഹിതമാണ്. ബില്ലുകൾ അടയ്ക്കാത്തതിനാൽ അപ്പാർട്ട്മെന്‍റിലേക്കുള്ള വൈദ്യുതി ബന്ധം ഏതാണ്ട് അതേ സമയം തന്നെ വിച്ഛേദിക്കപ്പെട്ടു. സെപ്റ്റംബറിലോ ഒക്ടോബറിലോ ഹുമൈറയെ കണ്ടതായി അയൽവാസികളും മൊഴി നൽകിയിട്ടുണ്ട്.'' പാക് ഡപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ സയീദ് ആസാദ് റാസ പറഞ്ഞു. ഹുമൈറെയുടം ഫ്ലാറ്റിനോട് ചേർന്നുള്ള അപ്പാർട്ട്മെന്റിൽ ആളില്ലായിരുന്നു. അതുകൊണ്ടാണ് അയൽക്കാർ ആരും അവളുടെ വീട്ടിൽ നിന്ന് ദുർഗന്ധം വമിക്കുന്നതായി പരാതിപ്പെടാതിരുന്നത്.

കഴിഞ്ഞ ഒക്ടോബര്‍ 7നാണ് വാട്ട്സാപ്പ് മെസേജ് അവസാനമായി വായിച്ചത്. ഒക്ടോബർ 20 ന് നടിയുടെ സ്റ്റൈലിസ്റ്റായ ഡാനിഷ് മഖ്‌സൂദ് അയച്ച സന്ദേശം വായിച്ചിട്ടില്ല. 2024 സെപ്റ്റംബർ 30 നാണ് അവസാനമായി ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തത്. മൃതദേഹം അഴുകലിന്‍റെ വക്കോളമെത്തിയ ഘട്ടത്തിലാണെന്ന് പ്രാഥമിക പോസ്റ്റ്‌മോർട്ടം സ്ഥിരീകരിച്ചതിനാൽ മരണകാരണം കണ്ടെത്തുന്നത് ബുദ്ധിമുട്ടായിരുന്നു.

ഹുമൈറയുടെ മൃതദേഹം ഏറ്റെടുക്കാൻ ആദ്യം കുടുംബം വിസമ്മതിച്ചിരുന്നുവെങ്കിലും, ഇപ്പോൾ സഹോദരൻ നവീദ് അസ്ഗർ മൃതദേഹാവശിഷ്ടങ്ങൾ ഏറ്റുവാങ്ങാൻ കറാച്ചിയിലെത്തിയിട്ടുണ്ടെന്ന് പാകിസ്താൻ പൊലീസ് അറിയിച്ചു. ഏഴ് വർഷം മുൻപാണ് ഹുമൈറ ലാഹോറിൽ നിന്ന് കറാച്ചിയിലെത്തിയതെന്നും കുടുംബവുമായി അടുപ്പമുണ്ടായിരുന്നില്ലെന്നും നവീദ് പറഞ്ഞു. ഒന്നര വർഷം മുൻപാണ് അവസാനമായി ലാഹോറിലെ വീട്ടിലെത്തിയത്. അതുകൊണ്ടാണ് മൃതദേഹം ഏറ്റെടുക്കില്ലെന്ന് പിതാവ് ഡോ. അസ്ഗര്‍ അലി പറഞ്ഞതെന്നും നവീദ് കൂട്ടിച്ചേർത്തു. കഴിഞ്ഞ ഏഴ് വര്‍ഷമായി ഇത്തിഹാദ് കൊമേഴ്‌സ്യൽ ഏരിയയിലെ ആറാം ഫേസിലെ അപ്പാര്‍ട്ട്മെന്‍റിൽ ഒറ്റയ്ക്കാണ് ഹുമൈറ താമസിച്ചിരുന്നത്.

ഹുമൈറ 2024 മുതൽ വാടക നൽകിയിട്ടില്ലെന്ന് ഫ്ലാറ്റുടമ വ്യക്തമാക്കിയിരുന്നു. ഫ്ലാറ്റ് ഒഴിപ്പിക്കാൻ പൊലീസിനെയും കൂട്ടി ഉടമ എത്തിയപ്പോൾ കണ്ടത് നടിയുടെ അഴുകിത്തുടങ്ങിയ മൃതദേഹമാണ്. ബിഗ് ബ്രദർ ഫോർമാറ്റിന്‍റെ പ്രാദേശിക പതിപ്പായ എആർവൈ ഡിജിറ്റലിന്‍റെ റിയാലിറ്റി പരമ്പരയായ 'തമാഷാ ഘർ'ലൂടെയാണ് ഹുമൈറ അസ്ഗർ പ്രശസ്തയാകുന്നത്. 2015-ൽ പുറത്തിറങ്ങിയ പാകിസ്ഥാൻ ചിത്രമായ 'ജലൈബീ'യിലും എഹ്സാൻ ഫറാമോഷ്, ഗുരു എന്നിവയുൾപ്പെടെ വിവിധ ടെലിവിഷൻ ഷോകളിലും അഭിനയിച്ചു. 2023-ൽ ദേശീയ വനിതാ നേതൃത്വ അവാർഡ് ലഭിച്ചിരുന്നു.

TAGS :

Next Story