Quantcast

ആശാ ഭോസ്‌ലെയ്ക്ക് ആദരാഞ്ജലി അർപ്പിച്ചു; പാകിസ്താൻ ചാനലിന് നോട്ടീസ്

പാകിസ്താൻ ഇലക്ട്രോണിക് മീഡിയ റെഗുലേറ്ററി അതോറിറ്റിയുടെ തീരുമാനത്തെ ജിയോ ന്യൂസ് എംഡി ചോദ്യം ചെയ്തു

MediaOne Logo
ആശാ ഭോസ്‌ലെയ്ക്ക് ആദരാഞ്ജലി അർപ്പിച്ചു; പാകിസ്താൻ ചാനലിന് നോട്ടീസ്
X

ഇസ്‍ലാമാബാദ്: അന്തരിച്ച പ്രശസ്ത പിന്നണിഗായിക ആശ ഭോസ്‌ലെയുടെ വിയോഗവുമായി ബന്ധപ്പെട്ട വാർത്തകൾ സംപ്രേഷണം ചെയ്തതിനു പാകിസ്താനിലെ പ്രമുഖ വാർത്താ ചാനലായ ജിയോ ന്യൂസിനു പാകിസ്താൻ ഇലക്ട്രോണിക് മീഡിയ റെഗുലേറ്ററി അതോറിറ്റി കാരണം കാണിക്കൽ നോട്ടിസ് നൽകി. ഭോസ്‌ലെയുടെ വിയോഗ വാർത്ത നൽകിയപ്പോൾ അവരുടെ പ്രശസ്തമായ ഇന്ത്യൻ ഗാനങ്ങളും ചലച്ചിത്ര ദൃശ്യങ്ങളും പ്രദർശിപ്പിച്ചു എന്നതാണ് നോട്ടിസിനു കാരണമായി അതോറിറ്റി ചൂണ്ടിക്കാട്ടുന്നത്. ജിയോ ന്യൂസ് ഉറുദുവിന്റെ എംഡി അസ്ഹർ അബ്ബാസാണ് ഇക്കാര്യം സോഷ്യൽ മീഡിയയിൽ അറിയിച്ചത്.

ഇതിഹാസ തുല്യരായ കലാകാരന്മാരെക്കുറിച്ച് റിപ്പോർട്ട് ചെയ്യുമ്പോൾ അവരുടെ സൃഷ്ടികൾ ആഘോഷിക്കുന്നത് പതിവാണ്.എന്നാൽ പാക് ഭരണകൂടം ഇത് നിയന്ത്രിക്കാനാണ് ശ്രമിക്കുന്നതെന്ന് അസ്ഹർ അബ്ബാസ് പറഞ്ഞു. ആശാ ഭോസ്‌ലെയുടെ പോലെൊരു കലാകാരിക്ക്, അവരുടെ കാലാതീതവും അവിസ്മരണീയവുമായ ഗാനങ്ങൾ ഇനിയും പങ്കുവെക്കേണ്ടതായിരുന്നു. എന്നിട്ടും പാകിസ്താന്‍റെ ഇലക്ട്രോണിക് മീഡിയ റെഗുലേറ്ററായ പെമ്ര ഇത് നിയന്ത്രിക്കാൻ തീരുമാനിച്ചെന്നും അദ്ദേഹം വിമര്‍ശിച്ചു.

പാകിസ്താൻ ഇലക്ട്രോണിക് മീഡിയ റെഗുലേറ്ററി അതോറിറ്റിയുടെ തീരുമാനത്തെയും അദ്ദേഹം ചോദ്യം ചെയ്തു. അറിവിനെപ്പോലെ കലയും മനുഷ്യരാശിയുടെ പൊതുവായ പൈതൃകമാണ്, അതിനെ അതിരുകൾക്കുള്ളിൽ തളച്ചിടരുത്. ആശാ ഭോസ്‌ലെ പാകിസ്താനിലെ ഇതിഹാസ ഗായിക നൂർ ജഹാനെ ഏറെ ആരാധിച്ചിരുന്നു.അവരെ അവർ സ്നേഹപൂർവം "മൂത്ത സഹോദരി" എന്ന് വിളിച്ചു. നുസ്രത്ത് ഫത്തേ അലി ഖാനുമായി സഹകരിച്ച് പ്രവർത്തിച്ച അവർ നസീർ കാസ്മിയെപ്പോലെയുള്ള മഹാൻമാരായ ഉർദു കവികളുടെ കവിതകൾക്ക് ജീവൻ നൽകി. യുദ്ധത്തിന്റെയും സംഘർഷത്തിന്റെയും കാലഘട്ടങ്ങളിൽ കലയും കലാകാരന്മാരും ഇരകളാകാൻ പാടില്ല." അദ്ദേഹം പറഞ്ഞു.

പാകിസ്താൻ ടെലിവിഷൻ ചാനലുകളിൽ ഇന്ത്യൻ ഉള്ളടക്കങ്ങൾ പ്രദർശിപ്പിക്കുന്നത് നിരോധിച്ചുകൊണ്ടുള്ള പാക് സുപ്രിംകോടതിയുടെ 2018ലെ ഉത്തരവിന്റെ ലംഘനമാണെന്നാണ് അധികൃതരുടെ വിശദീകരണം.

ഞായറാഴ്ച മുംബൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ആശ ഭോസ്‌ലെ അന്തരിച്ചത്. 800ലധികം ചിത്രങ്ങളിലായി പതിനായിരത്തിലധികം ഗാനങ്ങൾ പാടിയിട്ടുണ്ട്. രണ്ട് ദേശീയ പുരസ്കാരങ്ങൾ, ഫിലിം ഫെയര്‍ അവാര്‍ഡുകൾ, മഹാരാഷ്ട്ര സര്‍ക്കാരിന്‍റെ പുരസ്കാരങ്ങൾ തുടങ്ങി നിരവധി അവാര്‍ഡുകൾ ആശയെ തേടിയെത്തിയിട്ടുണ്ട്. 2000ൽ ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം ലഭിച്ചു. ബംഗാളിലെ പരമോന്നത ബഹുമതിയായ ബംഗാബിഭൂഷണും ആശക്ക് ലഭിച്ചിട്ടുണ്ട്. ക്ലാസിക്കൽ, കാബറേ, പോപ്പ്, ഗസലുകൾ എന്നിവയിലൂടെ അനായാസമായി പാടാറുള്ള ആശയുടെ വിയോഗത്തോടെ ഒരു യുഗത്തിനാണ് അന്ത്യമാകുന്നത്.

TAGS :

Next Story