13-ാം വയസ്സിൽ ഇസ്രായേൽ അറസ്റ്റ് ചെയ്ത അഹമ്മദ് മനാസറക്ക് ഒമ്പത് വർഷത്തിന് ശേഷം മോചനം
സ്കിസോഫ്രീനിയ രോഗിയായ അഹമ്മദ് മനാസറയെ മോചിപ്പിക്കണമെന്ന് യൂറോപ്യൻ യൂണിയനും ഐക്യരാഷ്ട്ര സഭയും ഉൾപ്പെടെ ആവശ്യപ്പെട്ടെങ്കിലും ഇസ്രായേൽ മനപ്പൂർവം വൈകിപ്പിക്കുകയായിരുന്നു.

ജെറുസലേം: 13-ാം വയസ്സിൽ അറസ്റ്റ് ചെയ്ത അഹമ്മദ് മനാസറയെന്ന ഫലസ്തീൻ കൗമാരക്കാരനെ ഒമ്പത് വർഷങ്ങൾക്ക് ശേഷം മോചിപ്പിച്ച് ഇസ്രായേൽ. തടവറയിൽ ഗുരുതര മാനസിക പ്രശ്‌നങ്ങൾ നേരിട്ട മനാസറയുടെ മോചനം ഇസ്രായേൽ മനപ്പൂർവം വൈകിപ്പിക്കുകയായിരുന്നു. ഇപ്പോൾ 23 വയസ്സുള്ള മനാസറയെ വ്യാഴാഴ്ചയാണ് ഇസ്രായേൽ മോചിപ്പിച്ചത്.
2015ൽ കിഴക്കൻ ജെറുസലേമിലെ അനധികൃത കുടിയേറ്റക്കാരായ രണ്ട് ഇസ്രായേലികളെ കുത്തി പരിക്കേൽപ്പിച്ച കേസിലാണ് മനാസറയെ അറസ്റ്റ് ചെയ്തത്. സംഭവം നടക്കുമ്പോൾ ബന്ധുവായ ഹസൻ മനാസറക്കൊപ്പം അഹമ്മദും ഉണ്ടായിരുന്നുവെന്ന് ആരോപിച്ചാണ് അവനെ അറസ്റ്റ് ചെയ്തത്.
അന്ന് 15 വയസ്സുണ്ടായിരുന്ന ഹസൻ മനാസറയെ ഒരു ഇസ്രായേലി അനധികൃത കുടിയേറ്റക്കാരൻ വെടിവെച്ചു കൊല്ലുകയായിരുന്നു. അഹമ്മദിനെ ക്രൂരമായി മർദിക്കുകയും മനപ്പൂർവം വാഹനമിടിച്ച് തെറിപ്പിക്കുകയും ചെയ്തിരുന്നു. തലയോട്ടി പൊട്ടി ചോരയൊലിച്ച് തെരുവിൽ കിടന്ന അഹമ്മദിനെ ഇസ്രായേലികൾ ചുറ്റും കൂടി പരിഹസിക്കുന്നതിന്റെ ഒരു ഗ്രാഫിക് വീഡിയോ അക്കാലത്ത് സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.
ആരെയും കുത്തിയില്ലെങ്കിലും വധശ്രമത്തിനാണ് അഹമ്മദിനെതിനെ പൊലീസ് കേസെടുത്തത്. 2021ൽ സഹതടവുകാരനുമായുള്ള തർക്കത്തെ തുടർന്ന് അഹമ്മദിനെ ഏകാന്ത തടവിലേക്ക് മാറ്റിയിരുന്നു. അഹമ്മദിനെ ഒരു ദിവസത്തിൽ 23 മണിക്കൂറും ഒരു ചെറിയ സെല്ലിലാണ് പാർപ്പിക്കുന്നതെന്നും തുടർച്ചയായി ഉറക്കം തടസ്സപ്പെട്ടതിന് തുടർന്ന് അഹമ്മദിന്റെ മാനസിക നില തകരാറിലായിട്ടുണ്ടെന്നും അവന്റെ ബന്ധുക്കളും അഭിഭാഷകരും പിന്നീട് വെളിപ്പെടുത്തിയിരുന്നു.
ഏതാനും മാസങ്ങൾക്ക് ശേഷം മറ്റൊരു ജയിലിലെ സൈക്യാട്രിക് വിഭാഗത്തിലേക്ക് അഹമ്മദിനെ മാറ്റിയെങ്കിലും മാനസികനില ശരിയാവാനുള്ള ഇൻജക്ഷനുകൾ നൽകുകയാണ് ഡോക്ടർമാർ ചെയ്തത്. 2021ലാണ് പുറത്തുനിന്നുള്ള ഒരു ഡോക്ടറെ അഹമ്മദ് മനാസറയെ ആദ്യമായി പരിശോധിക്കാൻ അനുവദിച്ചത്. പരിശോധനയിൽ അഹമ്മദിന് സ്‌കിസോഫ്രീനിയ ആണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. ജയിൽ മോചനം വൈകിയാൽ അഹമ്മദ് സ്ഥിരമായി മാനസികരോഗിയായ മാറുമെന്നും ഡോക്ടർ മുന്നറിയിപ്പ് നൽകിയിരുന്നു.
അഹമ്മദിനെ മോചിപ്പിക്കണമെന്ന് ഐക്യരാഷ്ട്ര സഭയും യൂറോപ്യൻ യൂണിയനും അടക്കമുള്ള അന്താരാഷ്ട്ര ഏജൻസികൾ ഇസ്രായേലിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ തീവ്രവാദക്കേസിൽ ശിക്ഷിക്കപ്പെട്ട പ്രതിയെ പ്രായമോ ആരോഗ്യാവസ്ഥയോ പരിഗണിച്ച് മോചിപ്പിക്കാനാവില്ലെന്ന നിലപാടാണ് ഇസ്രായേലി സുപ്രിംകോടതി സ്വീകരിച്ചത്.
Adjust Story Font
16

