രണ്ടാഴ്ചക്കിടയിൽ 1000 ചെറുഭൂചലനങ്ങൾ; ആശങ്കയൊഴിയാതെ ജപ്പാൻ
പക്ഷെ ഇതുവരെ എവിടെയും സുനാമി മുന്നറിയിപ്പോ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ല

ടോക്കിയോ: ജൂലൈ 5 പുലർച്ചെ 4ന് ഒരു മഹാദുരന്തം സംഭവിക്കുമെന്ന റിയോ തത്സുകിയുടെ പ്രവചനം ഫലിച്ചില്ലെങ്കിലും ജപ്പാൻ ആശങ്കയിലാണ്. കാരണം രണ്ടാഴ്ചക്കിടെ ഉണ്ടായ ആയിരത്തോളം ചെറു ഭൂചലനങ്ങൾ അവരുടെ ഉറക്കം കെടുത്തിയിരിക്കുകയാണ്. പക്ഷെ ഇതുവരെ എവിടെയും സുനാമി മുന്നറിയിപ്പോ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ല.
അടിസ്ഥാനരഹിതമായ പ്രവചനങ്ങൾക്ക് വഴങ്ങരുതെന്ന് സർക്കാർ ജനങ്ങളോട് അഭ്യർഥിച്ചിട്ടുണ്ടെങ്കിലും പ്രധാന ദ്വീപുകളുടെ തെക്ക് പടിഞ്ഞാറുള്ള വെള്ളത്തിൽ കൂടുതൽ ശക്തമായ ഭൂകമ്പങ്ങൾ ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്ന് വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. "നമ്മുടെ നിലവിലുള്ള ശാസ്ത്രീയ അറിവ് ഉപയോഗിച്ച്, ഒരു ഭൂകമ്പത്തിന്‍റെ കൃത്യമായ സമയം, സ്ഥലം അല്ലെങ്കിൽ സ്കെയിൽ പ്രവചിക്കാൻ പ്രയാസമാണ്," ജപ്പാൻ കാലാവസ്ഥാ ഏജൻസിയുടെ ഭൂകമ്പ, സുനാമി നിരീക്ഷണ വിഭാഗം ഡയറക്ടർ ആയതക എബിത പറഞ്ഞു.
പേടിപ്പെടുത്തുന്ന രാത്രികൾ, ഉറങ്ങാൻ പോലും ഭയമാണ്
സുനാമിയുണ്ടാകുമെന്ന് തത്സുകിയുടെ പ്രവചനത്തിന് ഏതാനും ദിവസങ്ങൾക്ക് മുൻപാണ് ഒന്നിലധികം ഭൂകമ്പങ്ങൾ ജപ്പാനിലുണ്ടായത്. പ്രത്യേകിച്ച് അവയുടെ സമയം കാരണം ആളുകൾ പരിഭ്രാന്തരായി."ഉറങ്ങാൻ പോലും വളരെ ഭയമാണ്. എപ്പോഴും കുലുങ്ങുന്നത് പോലെ തോന്നുന്നു," ജാപ്പീനസുകാരനെ ഉദ്ധരിച്ച് ബിബിസി റിപ്പോർട്ട് ചെയ്തു.700 ഓളം ആളുകൾ താമസിക്കുന്ന ടോകാര ദ്വീപുകൾ, ഒന്നിലധികം ഭൂകമ്പങ്ങൾ ഏറ്റവും കൂടുതൽ ബാധിച്ച ജപ്പാനിലെ പ്രദേശങ്ങളിൽ ഒന്നാണ്. ഇവിടുത്തെ പല ദ്വീപുകളിലും ആശുപത്രികളിലേക്ക് പെട്ടെന്ന് എത്തിച്ചേരാനുള്ള സൗകര്യമില്ല.
ഭൂകമ്പം ഉണ്ടാകുന്നതിന് മുമ്പ് സമുദ്രത്തിൽ നിന്ന് ഒരു വലിയ ഇരമ്പൽ കേട്ടുവെന്ന് താമസക്കാർ പറഞ്ഞു. സ്ഥിതിഗതികളെ ഭയാനകമെന്നാണ് ജപ്പാൻകാര്‍ വിശേഷിപ്പിക്കുന്നത്. "താഴെ നിന്ന് ഒരു കുലുക്കത്തോടെയാണ് ഭൂകമ്പങ്ങൾ ആരംഭിക്കുന്നത്, തുടർന്ന് വീട് ആടിയുലയുന്നു. ഇത് അസഹ്യകരമാണ്," അകുസെകിജിമ ദ്വീപിലെ താമസക്കാരനായ ഇസാമു സകാമോട്ടോ പറയുന്നു.
അതേസമയം, ഈ വർഷം ഏപ്രിലിൽ റെക്കോഡ് 3.9 ദശലക്ഷം സഞ്ചാരികളെ കണ്ട ജപ്പാനിലെ ടൂറിസത്തിലും തത്സുകിയുടെ പ്രവചനം ഗണ്യമായ ഇടിവ് ഉണ്ടാക്കിയിട്ടുണ്ട്. ഹോങ്കോങ്ങിൽ നിന്നുള്ള വിനോദസഞ്ചാരത്തിൽ ഏറ്റവും കൂടുതൽ ഇടിവ് സംഭവിച്ചത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 11 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. ഹോങ്കോങ്ങിൽ നിന്ന് ജപ്പാനിലേക്കുള്ള നിരവധി വിമാന സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്. അതേസമയം, ബജറ്റ് എയർലൈനായ ഗ്രേറ്റർ ബേ എയർലൈൻസ് ടോകുഷിമയിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കുന്നതായി പ്രഖ്യാപിച്ചു.
എന്താണ് മാംഗ പ്രവചനം
ജപ്പാനിലെ മാംഗ ആര്‍ടിസ്റ്റാണ് (ഗ്രാഫിക് നോവലുകൾ) 70 കാരിയായ റിയോ തത്സുകി. 2025 ജൂലൈ അഞ്ചിന് പുലര്‍ച്ചെ 4.18 മഹാദുരന്തം സംഭവിക്കുമെന്നായിരുന്നു ഫ്യൂച്ചര്‍ ഐ സോ എന്ന കൃതിയിലൂടെയുള്ള തത്സുകിയുടെ പ്രവചനം. 1999-ൽ പ്രസിദ്ധീകരിച്ച ഫ്യൂച്ചര്‍ ഐ സോയുടെ കവർ പേജിൽ തന്നെ 2011 മാർച്ചിലെ ഭൂകമ്പവും തുടർന്നുള്ള സുനാമിയും രേഖപ്പെടുത്തിയിരുന്നു. ഈ ദുരന്തത്തിൽ ഏകദേശം 16,000 പേർ മരിക്കുകയും ഫുകുഷിമ ഡൈചി ആണവ ദുരന്തത്തിന് കാരണമാവുകയും ചെയ്‌തിരുന്നു. താൻ പ്രവചിച്ച അതേ വർഷം അതേ സമയത്താണ് ഈ ദുരന്തങ്ങൾ ഉണ്ടായതെന്നാണ് തത്സുകിയുടെ അവകാശവാദം.
അതേസമയം പ്രവചനം സംബന്ധിച്ച എല്ലാ കിംവദന്തികളും തത്സുകി നിഷേധിച്ചെന്നും താനൊരു പ്രവാചകയല്ല എന്ന് വ്യക്തമാക്കുകയും ചെയ്തതായി അവരുടെ പ്രസാധകർ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. തത്സുകിയുടെ പ്രവചനം ലോകം മുഴുവനും പരിഭ്രാന്തി പടര്‍ത്തിയെങ്കിലും ദി ഫ്യൂച്ചർ ഐ സോ ഒരു ദശലക്ഷത്തിലധികം കോപ്പികൾ വിറ്റു. ഇപ്പോൾ പുസ്തകശാലകളുടെ പ്രദർശനങ്ങളിൽ പോലും മുന്നിലാണ്. "നിങ്ങൾ വിശ്വസിക്കണോ വേണ്ടയോ എന്നത് നിങ്ങളുടേതാണ്." എന്നായിരുന്നു ടോക്കിയോയിലെ ഒരു കടയിൽ പുസ്തകത്തിന് സമീപം വച്ച ബോര്‍ഡിൽ കുറിച്ചിരുന്നത്.
Adjust Story Font
16

