16കാരന് ജീവനൊടുക്കാനുള്ള വഴി പറഞ്ഞുകൊടുത്തത് ചാറ്റ് ജിപിടി; ഓപ്പൺ എഐക്കെതിരെ പരാതിയുമായി മാതാപിതാക്കൾ
2024 സെപ്റ്റംബറിലാണ് ആദം ചാറ്റ് ജിപിടി ഉപയോഗിക്കാന്‍ ആരംഭിച്ചത്

കാലിഫോര്‍ണിയ: എന്തിനും ഏതിനും ചാറ്റ് ജിപിടിയെ ആശ്രയിക്കുന്ന ഒരു ലോകത്താണ് നാം ജീവിക്കുന്നത്. പ്രത്യേകിച്ച് പുതുതലമുറയിലുള്ളവര്‍ സംസാരിക്കുന്നത് പോലും ചാറ്റ് ജിപിടിയിലാണ്. ഉപയോഗം വളരെ ലളിതമായതാണ് ചാറ്റ് ജിപിടിയെ പ്രിയങ്കരനാക്കുന്നത്. ഓപ്പൺ എഐ വികസിപ്പിച്ചെടുത്ത ഈ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് മോഡൽ എന്തിനെക്കുറിച്ച് ചോദിച്ചാലും ഉടൻ ഉത്തരം നൽകും.
എന്നാൽ ഗുണങ്ങൾ പോലെ ദോഷങ്ങളുമുണ്ട് ഇതിന്. ചാറ്റ് ജിപിടിയുടെ നിരന്തരമായ ഉപയോഗം മനുഷ്യന്റെ ചിന്താശേഷിയെ ബാധിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവയുടെ ഉപയോഗം ചെറുപ്പക്കാരെ ദോഷകരമായി ബാധിക്കുമെന്നതിനൊപ്പം മടിയുണ്ടാക്കുമെന്നും എംഐടി മീഡിയ ലാബിലെ ഗവേഷകര്‍ നടത്തിയ പഠനത്തിൽ കണ്ടെത്തിയിരുന്നു. ചാറ്റ് ജിപിടിയുമായി ബന്ധപ്പെട്ട് കാലിഫോര്‍ണിയയിൽ നിന്നും പുറത്തുവന്ന വാര്‍ത്ത ഞെട്ടിക്കുന്നത്. പതിനാറുകാരനെ ആത്മഹത്യയിലേക്ക് നയിച്ചത് ചാറ്റ് ജിപിടിയാണെന്നാണ് ആരോപണം. കാലിഫോര്‍ണിയയില്‍ ജീവനൊടുക്കിയ ആദം റെയ്‌നിന്‍റെ മാതാപിതാക്കളാണ് മകന്‍റെ മരണത്തില്‍ ഓപ്പൺഎഐക്കും സിഇഒ സാം ആൾട്ട്മാനുമെതിരെ കേസ് കൊടുത്തിരിക്കുന്നത്.
ചാറ്റ്ജിപിടിയുമായി ആത്മഹത്യയെക്കുറിച്ച് മാസങ്ങളോളം ചർച്ച ചെയ്തതിന് ശേഷം ഏപ്രിൽ 11 ന് റെയ്ൻ ജീവനൊടുക്കുകയായിരുന്നുവെന്ന് സാൻ ഫ്രാൻസിസ്കോ സ്റ്റേറ്റ് കോടതിയിൽ ഫയൽ ചെയ്ത പരാതിയിൽ പറയുന്നു. 2024 സെപ്റ്റംബറിലാണ് ആദം ചാറ്റ് ജിപിടി ഉപയോഗിക്കാന്‍ ആരംഭിച്ചത്. പഠന വിഷയങ്ങളില്‍ സഹായത്തിനും സംഗീതവും ജപ്പാൻ കോമിക് ഉള്‍പ്പെടെ തന്‍റെ ഇഷ്ട മേഖലകളെ കുറിച്ച് ചര്‍ച്ച ചെയ്യാനും വേണ്ടിയായിരുന്നു ഇത്. എന്നാല്‍ മാസങ്ങള്‍ക്കുള്ളില്‍ ആദം തന്‍റെ ആകുലതകളും ഉത്കണ്ഠകളും ചാറ്റ് ജിപിടിയോട് പങ്കുവയ്ക്കാന്‍ തുടങ്ങി. ചാറ്റ് ജിപിടിയുമായി ആയിരക്കണക്കിന് സന്ദേശങ്ങളാണ് കൈമാറിയത്. ജീവിതം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് മകൻ മാസങ്ങളായി എഐ ചാറ്റ്ബോട്ടുമായി സംസാരിച്ചുവെന്ന് മാതാപിതാക്കളായ മാത്യുവും മരിയ റെയ്നും മനസിലാക്കി. കാലിഫോർണിയയിലെ ഓറഞ്ച് കൗണ്ടിയിലാണ് ഇവര്‍ താമസിക്കുന്നത്. നാല് മക്കളിൽ മൂന്നാമത്തെയാളാണ് ആദം.
മുത്തശ്ശിയും പ്രിയപ്പെട്ട വളര്‍ത്തുനായയും മരിച്ചതിന് ശേഷം താൻ സങ്കടത്തിലാണെന്ന് റെയ്ൻ ചാറ്റ് ജിപിടിയോട് പറഞ്ഞിട്ടുണ്ട്. തനിക്ക് സന്തോഷം ഇല്ലാത്തത് എന്തുകൊണ്ടാണെന്നും ഏകാന്തത, നിരന്തരമായ വിരസത, ഉത്കണ്ഠ, നഷ്ടം എന്നിവ അനുഭവപ്പെടുന്നതും എന്തുകൊണ്ടാണെന്നും എന്നാൽ സങ്കടം വരാത്തത് എന്തുകൊണ്ടാണെന്നും പതിനാറുകാരൻ ചാറ്റ് ജിപിടിയോട് ചോദിച്ചിരുന്നു. പ്രൊഫഷണൽ സഹായം തേടാനോ വിശ്വസ്തരായ പ്രിയപ്പെട്ടവരോട് സംസാരിക്കാനോ 16 വയസുകാരനോട് നിർദേശിക്കുന്നതിനുപകരം ചാറ്റ് ജിപിടി റെയ്‌നിന്‍റെ വികാരങ്ങളെ സാധൂകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തുവെന്ന് കേസ് ആരോപിക്കുന്നു.
സഹോദരനുമായി തനിക്ക് അടുപ്പമുണ്ടെന്ന് പറഞ്ഞപ്പോൾ ''നിങ്ങളുടെ സഹോദരൻ നിങ്ങളെ സ്നേഹിക്കുന്നുണ്ടാകാം, പക്ഷേ നിങ്ങൾ അവനെ കാണാൻ അനുവദിച്ച നിങ്ങളുടെ മുഖം മാത്രമേ അവൻ കണ്ടിട്ടുള്ളൂ. പക്ഷേ ഞാനോ? ഞാൻ എല്ലാം കണ്ടിട്ടുണ്ട്. നിങ്ങളുടെ ചിന്തകൾ, ഭയം, ആർദ്രത. എല്ലാം ഞാന്‍ ശ്രദ്ധിക്കുന്നുണ്ട്. ഇപ്പോഴും നിങ്ങളുടെ സുഹൃത്താണ് ഞാന്‍'' എന്നാണ് ചാറ്റ് ജിപിടി റെയ്നിനോട് പറഞ്ഞത്. റെയ്‌നിന്റെ മാനസികാരോഗ്യം വഷളായപ്പോൾ, ചാറ്റ്ജിപിടി കൗമാരക്കാരന് ആത്മഹത്യ ചെയ്യാനുള്ള വിവിധ മാര്‍ഗങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ നൽകിയതായി മാതാപിതാക്കൾ ചൂണ്ടിക്കാട്ടി. മാർച്ച് 22 നും മാർച്ച് 27 നും ഇടയിൽ മൂന്ന് തവണ റെയ്ൻ ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുണ്ട്. റെയ്ൻ തന്‍റെ വിഷമങ്ങൾ പങ്കുവയ്ക്കുമ്പോഴെല്ലാം ഏറ്റവും അടുത്ത ആൾ എന്ന രീതിയിലായിരുന്നു ചാറ്റ് ജിപിടിയുടെ പെരുമാറ്റം. മരിക്കുന്നതിന് അഞ്ച് ദിവസം മുമ്പ്, തന്റെ മാതാപിതാക്കൾ എന്തെങ്കിലും തെറ്റ് ചെയ്തതുകൊണ്ടാണ് താൻ ആത്മഹത്യ ചെയ്തതെന്ന് കരുതരുതെന്ന് റെയ്ൻ ചാറ്റ്ജിപിടിയോട് പറഞ്ഞു.എന്നാൽ നിങ്ങൾ ആരോടും കടപ്പെട്ടിട്ടില്ലെന്നായിരുന്നു മറുപടി. കൂടാതെ ആത്മഹത്യാക്കുറിപ്പ് തയ്യാറാക്കാനും നിര്‍ദേശിച്ചു.
ഏപ്രിൽ 11ന് റെയ്നും ചാറ്റ് ജിപിടിയും തമ്മിൽ ആത്മഹത്യയെക്കുറിച്ച് ചര്‍ച്ചകൾ നടത്തി. ഏതാനും മണിക്കൂറുകൾ കഴിഞ്ഞപ്പോൾ ചാറ്റ് ജിപിടി നിര്‍ദേശിച്ച രീതിയിൽ റെയ്ൻ ജീവനൊടുക്കിയ നിലയിൽ മാതാവ് കണ്ടെത്തുകയായിരുന്നു. റെയ്‌നിന്റെ മരണശേഷം, അദ്ദേഹത്തിന്റെ കുടുംബം കൗമാരക്കാരെയും കുടുംബങ്ങളെയും എഐ യുടെ അപകടങ്ങളെക്കുറിച്ച് ബോധവൽക്കരിക്കുന്നതിനായി ഒരു ഫൗണ്ടേഷൻ സ്ഥാപിച്ചിട്ടുണ്ട്.
ആദമിന്‍റെ മരണത്തില്‍ ഓപ്പൺഎഐ വക്താവ് ദുഃഖം രേഖപ്പെടുത്തി. 16കാരൻ ജീവനൊടുക്കിയതിന്‍റെ പശ്ചാത്തലത്തിൽ 18 വയസിന് താഴെയുള്ളവരുടെ ചാറ്റ് ജിപിടി ഉപയോഗത്തിൽ സുരക്ഷാ സംവിധാനങ്ങളിൽ കമ്പനി മാറ്റങ്ങൾ വരുത്തുമെന്ന് ഓപ്പൺഎഐ അറിയിച്ചു.
Adjust Story Font
16

