Quantcast

'ഭക്ഷണശാല തുടങ്ങാന്‍ പണം വേണം'; 12 ദിവസം പ്രായമുള്ള കുഞ്ഞിനെ വിൽക്കാൻ ശ്രമിച്ച മാതാപിതാക്കൾ പിടിയില്‍

കുറ്റം തെളിഞ്ഞാല്‍ ഇരുവര്‍ക്കും 20 വർഷം വരെ തടവ് ലഭിച്ചേക്കും

MediaOne Logo
ഭക്ഷണശാല തുടങ്ങാന്‍ പണം വേണം; 12 ദിവസം പ്രായമുള്ള കുഞ്ഞിനെ വിൽക്കാൻ ശ്രമിച്ച മാതാപിതാക്കൾ പിടിയില്‍
X

AI generated images

മനില: തെരുവില്‍ ഭക്ഷണ ശാല തുടങ്ങാനായി 12 ദിവസം പ്രായമുള്ള കുഞ്ഞിനെ വിൽക്കാൻ ശ്രമിച്ച യുവ ദമ്പതികൾ പിടിയില്‍. 19 വയസുള്ള പിതാവും 22 വയസ്സുള്ള അമ്മയുമാണ് പിടിയിലായത്. കുറ്റം തെളിഞ്ഞാല്‍ ഇരുവര്‍ക്കും 20 വർഷം വരെ തടവ് അനുഭവിക്കേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഫെബ്രുവരി 2 നാണ് ഇരുവരെയും തിരക്കേറിയ ഷോപ്പിംഗ് മാളിൽ വെച്ച് പൊലീസ് അറസ്റ്റ് ചെയ്തത്. കാടമുട്ടപോലുള്ള ലഘുഭക്ഷണങ്ങൾ വിൽക്കുന്ന തെരുവ് ഭക്ഷണശാല തുടങ്ങാനുള്ള മൂലം ധനം കണ്ടെത്താനാണ് കുഞ്ഞിനെ വില്‍ക്കാന്‍ ദമ്പതികൾ ശ്രമിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞതായി 'ദി മെട്രോ' റിപ്പോർട്ട് ചെയ്യുന്നു.

രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പൊലീസുകാര്‍ തന്നെയാണ് കുഞ്ഞിനെ വാങ്ങുന്നവരായി എത്തിയത്. 27500 ഫിലിപ്പൈൻ പെസോയ്ക്ക് (43113 രൂപ) കുഞ്ഞിനെ വാങ്ങാൻ ഉറപ്പിക്കുകയും ചെയ്തു. പിന്നീട് ഫിലിപ്പൈൻ നാഷണൽ പൊലീസ് മാളിനുള്ളിലെ പ്രാദേശിക ഫാസ്റ്റ് ഫുഡ് ഔട്ട്ലെറ്റിൽ വെച്ചാണ് ദമ്പതികളെ അറസ്റ്റ് ചെയ്തത്.

മനുഷ്യക്കടത്ത്, ബാലപീഡനം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് പ്രതികളെ കസ്റ്റഡിയിലെടുത്തതെന്ന് പൊലീസ് പറഞ്ഞു. കുഞ്ഞിനെ വിൽക്കാന്‍ ശ്രമിച്ചതായി അമ്മ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. മനുഷ്യക്കടത്ത് കുറ്റം തെളിയിക്കപ്പെട്ടാൽ ദമ്പതികൾക്ക് 20 വർഷം വരെ തടവ് ശിക്ഷ ലഭിക്കാം. ചിലപ്പോള്‍ ശിക്ഷ ജീവപര്യന്തം തടവ് വരെയും ലഭിക്കാം

മനുഷ്യക്കടത്ത്, കുട്ടികളെ ദുരുപയോഗം ചെയ്യൽ, നിയമവിരുദ്ധമായി ദത്തെടുക്കൽ എന്നീ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. മനുഷ്യക്കടത്ത് കേസിൽ ജാമ്യമില്ല, അവർക്ക് 20 വർഷം തടവോ ജീവപര്യന്തം തടവോ ലഭിക്കാമെന്ന് നാഷണൽ അതോറിറ്റി ഫോർ ചൈൽഡ് കെയറിന്റെ അണ്ടർസെക്രട്ടറി ജനെല്ല എജെർസിറ്റോ എസ്ട്രാഡ പറഞ്ഞു. വില്‍ക്കാന്‍ ശ്രമിച്ച കുഞ്ഞിനെ പരിശോധനയ്ക്ക് വിധേയമാക്കി അംഗീകൃത ചൈൽഡ് കെയർ ഏജൻസിയിലേക്ക് മാറ്റിയതായി ഉദ്യോഗസ്ഥർ പറഞ്ഞു.

ഒരു കുഞ്ഞിന്‍റെ ജീവന്‍ വിലമതിക്കാനാവാത്തതാണ്. അതൊരിക്കലും വില്‍പ്പന വസ്തുവല്ല. സാഹചര്യങ്ങൾ എന്തുതന്നെയായാലും ഒരു തുകയ്ക്കും കൈമാറ്റം ചെയ്യരുതെന്ന് എന്‍എസിസി പ്രസ്താവനയിൽ അറിയിച്ചു. ഈ വർഷം അഞ്ച് കുഞ്ഞുങ്ങളെ ഇത്തരത്തില്‍ രക്ഷപ്പെടുത്തിയിട്ടുണ്ടെന്ന് നാഷണൽ പോലീസിന്റെ വനിതാ-ശിശു സംരക്ഷണ കേന്ദ്രം പറഞ്ഞു.

TAGS :

Next Story