Quantcast

'തീരാത്ത യുദ്ധം'; ഇറാൻ യുദ്ധത്തിന് 20,000 കോടി കൂടി ആവശ്യപ്പെട്ട് പെന്റഗൺ

യുദ്ധത്തിന്റെ ആദ്യ ആഴ്ചയിൽ തന്നെ അമേരിക്കക്ക് 1100 കോടി ഡോളറിലധികം ചെലവായിരുന്നു

MediaOne Logo
തീരാത്ത യുദ്ധം; ഇറാൻ യുദ്ധത്തിന് 20,000 കോടി കൂടി ആവശ്യപ്പെട്ട് പെന്റഗൺ
X

വാഷിംഗ്ടൺ: ഇറാനിലെ യുദ്ധം മുന്നോട്ട് കൊണ്ടുപോകുന്നതിനായി 20,000 കോടിയിലധികം (200 ബില്യൺ) ഡോളറിന്റെ ഫണ്ട് അനുവദിക്കാൻ വൈറ്റ് ഹൗസിനോട് ആവശ്യപ്പെട്ട് അമേരിക്കൻ പ്രതിരോധ മന്ത്രാലയമായ പെന്റഗൺ. എന്നാൽ അമേരിക്കൻ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഈ തുകയ്ക്ക് അംഗീകാരം നൽകുന്നതിനെതിരെ യുഎസ് കോൺഗ്രസിൽ ജനപ്രതിനിധികളുടെ ഭാഗത്തുനിന്നും കടുത്ത എതിർപ്പുയരുമെന്നാണ് സൂചന.കഴിഞ്ഞ മൂന്നാഴ്ചയായി അമേരിക്കൻ-ഇസ്രായേൽ സേനകൾ ഇറാനിൽ നടത്തുന്ന വൻ വ്യോമാക്രമണങ്ങൾക്കും സൈനിക നീക്കങ്ങൾക്കുമാണ് ഈ തുക പ്രധാനമായും ഉപയോഗിക്കുക. യുദ്ധത്തിൽ ഇതിനകം ഉപയോഗിച്ചു തീർന്ന നിർണായക ആയുധങ്ങളുടെ ഉത്പാദനം അടിയന്തരമായി വർധിപ്പിക്കുന്നതിനാണ് പെന്റഗൺ ഇത്രയും വലിയ തുക ആവശ്യപ്പെട്ടിരിക്കുന്നതെന്ന് വാഷിംഗ്‌ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.

യുഎസ് കോൺഗ്രസിൽ ഈ ഫണ്ട് പാസാക്കിയെടുക്കുക എന്നത് ട്രംപ് ഭരണകൂടത്തിന് വലിയ രാഷ്ട്രീയ വെല്ലുവിളിയാകും. അമേരിക്കൻ ജനതക്കിടയിൽ യുദ്ധത്തിന് കാര്യമായ പിന്തുണ ലഭിക്കാത്ത സാഹചര്യത്തിൽ ഡെമോക്രാറ്റുകൾ ഈ സൈനിക നീക്കത്തെ ശക്തമായി വിമർശിക്കുന്നുണ്ട്. റിപ്പബ്ലിക്കൻ പാർട്ടിക്ക് ഫണ്ട് അനുവദിക്കുന്നതിൽ അനുകൂല നിലപാടാണെങ്കിലും, സെനറ്റിൽ ബിൽ പാസാകാൻ ആവശ്യമായ 60 വോട്ടുകൾ എന്ന കടമ്പ എങ്ങനെ മറികടക്കുമെന്നത് ഇപ്പോഴും വ്യക്തമല്ല. വിദേശ രാജ്യങ്ങളിലെ യുദ്ധങ്ങളിൽ അമേരിക്ക ഇടപെടുന്നതിനെ ശക്തമായി എതിർത്തും, യുക്രൈൻ യുദ്ധത്തിന് ബൈഡൻ ഭരണകൂടം നൽകിയ വലിയ സാമ്പത്തിക സഹായത്തെ (ഏകദേശം 188 ബില്യൺ ഡോളർ) വിമർശിച്ചുമാണ് ഡൊണാൾഡ് ട്രംപ് തെരഞ്ഞെടുപ്പിൽ മത്സരിച്ചത് എന്നത് നിലവിലെ സാഹചര്യത്തിൽ ഏറെ ശ്രദ്ധേയമാണ്.

യുദ്ധത്തിന്റെ ആദ്യ ആഴ്ചയിൽ തന്നെ അമേരിക്കക്ക് 1100 കോടി ഡോളറിലധികം (11 ബില്യൺ) ചെലവായിരുന്നു. യുഎസ് പ്രതിരോധ മേഖലയിലെ ആയുധ ക്ഷാമം പരിഹരിക്കാനും ആയുധ നിർമാണ വ്യവസായത്തെ ഉത്തേജിപ്പിക്കാനും ലക്ഷ്യമിട്ട് ഡെപ്യൂട്ടി ഡിഫൻസ് സെക്രട്ടറി സ്റ്റീവൻ ഫെയ്‌ൻബെർഗിന്റെ നേതൃത്വത്തിലാണ് പുതിയ ഫണ്ട് പാക്കേജുകൾ തയ്യാറാക്കിയത്. ഇറാൻ യുദ്ധത്തിന് മുമ്പ് തന്നെ അമേരിക്കയുടെ പ്രതിരോധ ബജറ്റ് 1.5 ട്രില്യൺ ഡോളറായി (മുൻ വർഷത്തേക്കാൾ 50 ശതമാനം വർധനവ്) ഉയർത്തണമെന്ന് ട്രംപ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ പുതിയതായി ആവശ്യപ്പെട്ടിരിക്കുന്ന ഈ തുക പ്രസ്തുത ബജറ്റിന്റെ ഭാഗമാകുമോ എന്ന് വ്യക്തമല്ല. പുതിയ പാക്കേജിൽ ഇന്റലിജൻസ് വിഭാഗത്തിനായുള്ള ഫണ്ടും ഉൾപ്പെടുത്തണമെന്ന് സെനറ്റ് ഇന്റലിജൻസ് കമ്മിറ്റി ചെയർമാൻ ടോം കോട്ടൺ ആവശ്യപ്പെട്ടിട്ടുണ്ട്.

പെന്റഗൺ ഫണ്ട് ആവശ്യപ്പെടുന്നതിലൂടെ യുദ്ധത്തിനെതിരെയുള്ള പ്രതിഷേധങ്ങൾ കോൺഗ്രസിൽ കൂടുതൽ ശക്തമാകുമെന്ന് വാഷിംഗ്ടൺ ആസ്ഥാനമായുള്ള സെന്റർ ഫോർ സ്ട്രാറ്റജിക് ആൻഡ് ഇന്റർനാഷണൽ സ്റ്റഡീസിലെ മുതിർന്ന ഉപദേഷ്ടാവ് മാർക്ക് കാൻസിയൻ ചൂണ്ടിക്കാട്ടി. യുദ്ധത്തിന് എത്രത്തോളം ജനസമ്മതി ഉണ്ടെന്നറിയാനുള്ള ഒരു പരീക്ഷണമായിരിക്കും കോൺഗ്രസിലെ ഈ ഫണ്ട് വോട്ടെടുപ്പ് എന്ന് വിദഗ്ദ്ധർ വിലയിരുത്തുന്നു. പെന്റഗൺ പുതിയതായി ആവശ്യപ്പെട്ട ഫണ്ടിനോട് പ്രതിരോധ മന്ത്രാലയമോ വൈറ്റ് ഹൗസോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. പണം വാരിയെറിഞ്ഞത് കൊണ്ട് മാത്രം ആയുധ നിർമാണം പെട്ടെന്ന് വർധിപ്പിക്കാൻ സാധിക്കില്ലെന്നും, മതിയായ തൊഴിലാളികളുടെയും അസംസ്കൃത വസ്തുക്കളുടെയും ലഭ്യതയെ ആശ്രയിച്ചായിരിക്കും പ്രതിരോധ വ്യവസായത്തിന് മുന്നോട്ട് പോകാൻ കഴിയുകയെന്നും മുൻ പെന്റഗൺ ആക്ടിംഗ് കൺട്രോളർ എലെയ്ൻ മക്കസ്കർ വ്യക്തമാക്കി.

TAGS :

Next Story