Quantcast

ഗസ്സ യുദ്ധക്കുറ്റം: ഇസ്രായേല്‍ സൈനികനെതിരെ നിയമ നടപടിയുമായി പെറു

പെറുവിലെ പ്രമുഖ മനുഷ്യാവകാശ അഭിഭാഷകനും സാമൂഹിക പ്രവര്‍ത്തകനുമായ ജൂലിയോ സീസര്‍ ഗോണ്‍സാലെസാണ് കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്

MediaOne Logo

Web Desk

  • Published:

    29 May 2025 3:16 PM IST

ഗസ്സ യുദ്ധക്കുറ്റം: ഇസ്രായേല്‍ സൈനികനെതിരെ നിയമ നടപടിയുമായി പെറു
X

ലിമ: ഗസ്സ യുദ്ധത്തിനിടെ നടന്ന കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്‌സിലെ(ഐഡിഎഫ്) സൈനികനെതിരെ പെറു ഭരണകൂടം അന്വേഷണം ആരംഭിച്ചു. ബ്രസല്‍സ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹിന്ദ് റജബ് ഫൗണ്ടേഷന്‍(എച്ച്ആര്‍എഫ്) നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ നടപടി.

പെറുവിലെ പ്രമുഖ മനുഷ്യാവകാശ അഭിഭാഷകനും സാമൂഹിക പ്രവര്‍ത്തകനുമായ ജൂലിയോ സീസര്‍ ഗോണ്‍സാലെസാണ് കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്. ഗസ്സ ഓപറേഷനില്‍ സുപ്രധാന പങ്കുവഹിച്ച ഈ സൈനികന്‍, ഐഡിഎഫിലെ കോംബാറ്റ് എന്‍ജിനീയറിങ് യൂണിറ്റിലെ അംഗമായിരുന്നു. സിവിലിയന്‍ പാര്‍പ്പിട മേഖലകള്‍ വ്യവസ്ഥാപിതമായി തകര്‍ക്കാന്‍ സൈന്യത്തിന് സഹായം നല്‍കിയ സംഘത്തിലാണ് ഇയാള്‍ പ്രവര്‍ത്തിച്ചിരുന്നതെന്ന് എച്ച്ആര്‍എഫ് വ്യക്തമാക്കി.

Watch Video Report Here:

നേരത്തെ സോഷ്യല്‍ മീഡിയയില്‍ ഈ സൈനികന്‍ തന്നെ പങ്കുവച്ച ദൃശ്യങ്ങളാണ് തെളിവായി ഹര്‍ജിക്കൊപ്പം സമര്‍പ്പിച്ചിരിക്കുന്നത്. ഗസ്സയിലെ ഒരു പാര്‍പ്പിട സമുച്ചയം തകര്‍ക്കാന്‍ സ്‌ഫോടകവസ്തുക്കള്‍ സ്ഥാപിക്കുന്ന ദൃശ്യങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. യുദ്ധക്കുറ്റങ്ങള്‍, വംശഹത്യ, മനുഷ്യത്വവിരുദ്ധ കുറ്റകൃത്യങ്ങള്‍ എന്നിവയില്‍ ഇയാള്‍ക്ക് പങ്കുണ്ടെന്ന് തെളിയിക്കുന്നതാണ് ഈ ദൃശ്യ-ഓഡിയോ തെളിവുകളെന്ന് എച്ച്ആര്‍എഫ് ചൂണ്ടിക്കാട്ടി.

നടപടി നേരിടുന്ന സൈനികന്‍ ഇപ്പോള്‍ പെറുവില്‍ ഉണ്ടോ എന്നതിന് സ്ഥിരീകരണമില്ല. ഇത്തരം വിവരങ്ങള്‍ പുറത്തുവിട്ടാല്‍ ഇസ്രായേല്‍ ഭരണകൂടം ഇടപെട്ട് ഇയാളെ രക്ഷിക്കാന്‍ സാധ്യതയുണ്ടെന്നാണ് എച്ച്ആര്‍എഫ് പറയുന്നത്. സൈനികന്റെ പേരുവിവരങ്ങള്‍ പുറത്തുവിടാതിരിക്കുന്നതും ഇതേ കാരണത്താലാണെന്നാണു വ്യക്തമാകുന്നത്. മുമ്പ് ബ്രസീല്‍, ബെല്‍ജിയം, നെതര്‍ലന്‍ഡ്‌സ് തുടങ്ങിയ രാജ്യങ്ങളില്‍ ഐഡിഎഫ് അംഗങ്ങള്‍ക്കെതിരെ നിയമനടപടികള്‍ നേരിട്ടപ്പോള്‍ ഇസ്രായേല്‍ എംബസികള്‍ ഇടപെട്ട് അവരെ വേഗത്തില്‍ രക്ഷപ്പെടുത്തിയിരുന്നു.

പെറു ഭരണകൂടത്തിന്റെ ഈ ഇടപെടലിനെ ഹിന്ദ് റജബ് ഫൗണ്ടേഷന്‍ അഭിനന്ദിച്ചു. അന്താരാഷ്ട്ര മാനുഷിക-ക്രിമിനല്‍ നിയമങ്ങള്‍ നടപ്പാക്കുന്നതില്‍ പെറു കാണിക്കുന്ന ഉറച്ച നിലപാടിന്റെ തെളിവാണ് ഈ നടപടിയെന്ന് എച്ച്ആര്‍എഫ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. ബ്രസീല്‍, അര്‍ജന്റീന, ചിലി, തായ്ലന്‍ഡ്, സ്വീഡന്‍, ശ്രീലങ്ക, ബെല്‍ജിയം, സ്പെയിന്‍, ഇറ്റലി, ജര്‍മനി, നെതര്‍ലന്‍ഡ്‌സ്, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങളില്‍ എച്ച്ആര്‍എഫ് നിയമനടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഫലമായി പല ഇസ്രായേല്‍ സൈനികര്‍ക്കും നേതാക്കള്‍ക്കും രാജ്യം വിട്ട് ഓടേണ്ടിയും വന്നിരുന്നു.

നീതി തോന്നിയ പോലെ ചെയ്യാനുള്ളതല്ല, അനിവാര്യമായി നടപ്പാക്കേണ്ടതാണെന്നാണ് എച്ച്ആര്‍എഫ് സ്ഥാപകനും ചെയര്‍മാനുമായ ദിയാബ് അബൂ ജഹ്ജ പറഞ്ഞത്. ഇസ്രായേലിന് ആഗോളതലത്തില്‍ ലഭിക്കുന്ന നയതന്ത്ര സംരക്ഷണം ഇല്ലാതാക്കുന്ന കാര്യത്തില്‍ പെറുവിന്റെ അന്വേഷണം നിര്‍ണായകമാണ്. ഫലസ്തീനിലും മറ്റിടങ്ങളിലും ശാശ്വത സമാധാനവും മനുഷ്യന്റെ അന്തസ്സും യാഥാര്‍ഥ്യമാകാന്‍ നീതി നടപ്പാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

ജനീവ കണ്‍വെന്‍ഷനിലും റോം സ്റ്റാറ്റിയൂട്ടിലും ഒപ്പുവച്ച എല്ലാ രാജ്യങ്ങളും പെറുവിന്റെ മാതൃക പിന്തുടരണമെന്ന് എച്ച്ആര്‍എഫ് ആവശ്യപ്പെട്ടു. ഗസ്സയിലെ വംശഹത്യയില്‍ പങ്കാളികളായ വ്യക്തികള്‍ അവരുടെ രാജ്യാതിര്‍ത്തിയില്‍ പ്രവേശിച്ചാല്‍ നിയമനടപടികള്‍ സ്വീകരിക്കണമെന്നും ഫൗണ്ടേഷന്‍ ആഹ്വാനം ചെയ്തു.

Summary: Peru opens criminal probe against Israeli soldier over Gaza war crimes

TAGS :

Next Story