ലോകത്തിലെ ഏറ്റവും വലിയ മതമായി 2035-ഓടെ ഇസ്ലാം മാറും; പ്യൂ റിസർച്ച് റിപ്പോർട്ട്
ആഗോള ജനസംഖ്യയുടെ 99.98 ശതമാനം വരുന്ന 201 രാജ്യങ്ങളിലെയും പ്രദേശങ്ങളിലെയും കണക്കുകൾ വിശകലനം ചെയ്താണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്

- Published:
19 Nov 2026 4:35 PM IST

വാഷിങ്ടൺ: 2035-ഓടെ ക്രിസ്തുമതത്തെ മറികടന്ന് ഇസ്ലാം ലോകത്തിലെ ഏറ്റവും വലിയ മതമായി മാറുമെന്ന് അമേരിക്കൻ ഗവേഷണ സ്ഥാപനമായ പ്യൂ റിസർച്ച് സെന്ററിന്റെ പുതിയ പഠന റിപ്പോർട്ട്. അടുത്ത ഏതാനും ദശകങ്ങളിൽ മുസ്ലിം, ക്രിസ്ത്യൻ ജനവിഭാഗങ്ങളുടെ എണ്ണത്തിൽ വർധനവുണ്ടാകുമെങ്കിലും മുസ്ലിം ജനസംഖ്യ താരതമ്യേന വേഗത്തിൽ വളരുന്നതാണ് ഇതിന് കാരണമെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ആഗോള ജനസംഖ്യയുടെ 99.98 ശതമാനം വരുന്ന 201 രാജ്യങ്ങളിലെയും പ്രദേശങ്ങളിലെയും കണക്കുകൾ വിശകലനം ചെയ്താണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.
2020 മുതൽ 2070 വരെയുള്ള കാലയളവിൽ മുസ്ലിം, ക്രിസ്ത്യൻ, ജൂത, ഹിന്ദു, ബുദ്ധ മതവിഭാഗങ്ങളുടെയും മതവിശ്വാസമില്ലാത്തവരുടെയും ഭൂമിശാസ്ത്രപരമായ വിന്യാസവും ഭാവിയിലുണ്ടാകാവുന്ന മാറ്റങ്ങളുമാണ് പഠനവിധേയമാക്കിയത്. പ്യൂ-ടെമ്പിൾട്ടൺ ഗ്ലോബൽ റിലീജിയസ് ഫ്യൂച്ചേഴ്സ് പ്രോജക്ടിന്റെ ഭാഗമായാണ് ഈ ഗവേഷണം നടന്നത്. എന്നാൽ, ലോകത്തുണ്ടാകാവുന്ന എല്ലാ മാറ്റങ്ങളെയും പ്രവചിക്കാനല്ല ഈ കണ്ടെത്തലുകൾ ഉദ്ദേശിക്കുന്നതെന്ന് പ്യൂ റിസർച്ച് സെന്റർ വ്യക്തമാക്കിയിട്ടുണ്ട്. സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങൾ, പ്രകൃതിദുരന്തങ്ങൾ, യുദ്ധങ്ങൾ തുടങ്ങിയ ഘടകങ്ങൾ ജനങ്ങളുടെ മതപരമായ മാറ്റങ്ങളെ സ്വാധീനിച്ചേക്കാമെന്നും സംഘടന ചൂണ്ടിക്കാട്ടുന്നു.
ഉയർന്ന ജനനനിരക്ക് പ്രധാന ഘടകം
ലോകത്ത് ഏറ്റവും വേഗത്തിൽ വളരുന്ന മതവിഭാഗമായി മുസ്ലിംകൾ മാറുന്നതിന് പിന്നിലെ പ്രധാന കാരണങ്ങളിലൊന്ന് ഉയർന്ന ജനനനിരക്കാണെന്ന് റിപ്പോർട്ട് പറയുന്നു. മുസ്ലിം സ്ത്രീകളുടെ പ്രത്യുൽപ്പാദന നിരക്ക് 3.1 കുട്ടികൾ എന്ന തോതിലാണ്. രണ്ടാം സ്ഥാനത്തുള്ള ക്രിസ്ത്യൻ സ്ത്രീകളുടെ നിരക്ക് 2.5 ആണ്. ഒരു തലമുറയ്ക്ക് സ്വാഭാവികമായി ജനസംഖ്യ നിലനിർത്താൻ ശരാശരി 2.1 എന്ന നിരക്കാണ് ആവശ്യമുള്ളത്. ആഗോള ജനസംഖ്യാ വളർച്ചയ്ക്കൊപ്പം ഈ രണ്ട് വിഭാഗങ്ങളും മുന്നേറുമെന്നാണ് വിലയിരുത്തൽ. സ്വാഭാവിക ജനസംഖ്യാ വർധനവിലൂടെ മുസ്ലിം ജനസംഖ്യയിൽ 1.6 ബില്യൺ (160 കോടി) പേരുടെ വർധനവുണ്ടാകുമ്പോൾ ക്രിസ്ത്യൻ ജനസംഖ്യയിൽ ഇത് 792 മില്യൺ (79.2 കോടി) ആയിരിക്കുമെന്നും പഠനം വ്യക്തമാക്കുന്നു.
മതപരിവർത്തനവും കൊഴിഞ്ഞുപോക്കും
മതം ഉപേക്ഷിക്കുന്നവരുടെ എണ്ണം ക്രിസ്തുമതത്തെ അപേക്ഷിച്ച് ഇസ്ലാമിൽ വളരെ കുറവായിരിക്കുമെന്നാണ് റിപ്പോർട്ടിലെ മറ്റൊരു കണ്ടെത്തൽ. പ്രവചന കാലയളവിൽ ഇസ്ലാമിലേക്ക് വരുന്നവരും വിട്ടുപോകുന്നവരും തമ്മിലുള്ള വ്യത്യാസം എട്ട് മില്യൺ (80 ലക്ഷം) ആളുകളുടെ കുറവിന് കാരണമാകുമ്പോൾ, ക്രിസ്തുമതത്തിൽ ഇത് 105 മില്യൺ (10.5 കോടി) ആളുകളുടെ കുറവായിരിക്കുമെന്ന് റിപ്പോർട്ട് പറയുന്നു. ക്രിസ്തുമതം ഉപേക്ഷിക്കുന്നവരിൽ പലരും പിന്നീട് നിരീശ്വരവാദികളായോ പ്രത്യേക മതവിശ്വാസമില്ലാത്തവരായോ തുടരാനാണ് സാധ്യത.അതേസമയം, ക്രിസ്തുമതത്തിൽ നിന്നുള്ള മതപരിവർത്തനമല്ല ഇസ്ലാമിന്റെ വളർച്ചയ്ക്ക് കാരണമെന്ന് ഗവേഷകർ വ്യക്തമാക്കുന്നു. ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്യുന്ന ക്രിസ്ത്യാനികളേക്കാൾ നേരിയ തോതിൽ കൂടുതൽ മുസ്ലിംകൾ ക്രിസ്തുമതത്തിലേക്ക് മാറാനാണ് സാധ്യതയെന്നും റിപ്പോർട്ട് നിരീക്ഷിക്കുന്നു.
രാജ്യങ്ങളിലെ മാറ്റങ്ങൾ
2020-നും 2070-നും ഇടയിലുള്ള മുസ്ലിം ജനസംഖ്യാ വളർച്ചയുടെ ഭൂരിഭാഗവും നിലവിൽ മുസ്ലിം ഭൂരിപക്ഷമുള്ള രാജ്യങ്ങളിൽ തന്നെയായിരിക്കും സംഭവിക്കുക. 2020-ൽ 53 രാജ്യങ്ങളിലാണ് മുസ്ലിംകൾ ഭൂരിപക്ഷമായിരുന്നതെങ്കിൽ, 2070-ഓടെ ഈ രാജ്യങ്ങളിൽ മാത്രം 1.2 ബില്യൺ (120 കോടി) മുസ്ലിംകൾ അധികമായി ഉണ്ടാകും. ആഗോള മുസ്ലിം ജനസംഖ്യാ വളർച്ചയുടെ 74 ശതമാനവും ഈ രാജ്യങ്ങളിലായിരിക്കും. 2070-ഓടെ മിഡിൽ ഈസ്റ്റ്-വടക്കൻ ആഫ്രിക്ക മേഖലയിലെ ജനസംഖ്യയുടെ 95 ശതമാനവും മുസ്ലിംകളായിരിക്കും. ഏഷ്യ-പസഫിക് മേഖലയിൽ മതവിശ്വാസമില്ലാത്തവരെ മറികടന്ന് മുസ്ലിംകൾ ഏറ്റവും വലിയ വിഭാഗമായി മാറും. പാകിസ്താനിലെ മുസ്ലിം ജനസംഖ്യ 2020-ലെ 227 മില്യണിൽ (22.7 കോടി) നിന്ന് 2070-ഓടെ ഇരട്ടിയായി 461 മില്യണിൽ (46.1 കോടി) എത്തും. ഇതോടെ ഇന്തോനേഷ്യയെ മറികടന്ന് ലോകത്ത് ഏറ്റവും കൂടുതൽ മുസ്ലിം ജനസംഖ്യയുള്ള രാജ്യമായി പാകിസ്താൻ മാറുമെന്നും പ്യൂ റിസർച്ച് സെന്റർ റിപ്പോർട്ട് ചെയ്യുന്നു. ക്രിസ്ത്യൻ ജനസംഖ്യാ വളർച്ചയും നിലവിൽ അവർ ഭൂരിപക്ഷമുള്ള 120 രാജ്യങ്ങളിൽ കേന്ദ്രീകരിച്ചിരിക്കും. ഈ രാജ്യങ്ങളിൽ 630 മില്യൺ (63 കോടി) ആളുകളുടെ വർധനവാണ് പ്രതീക്ഷിക്കുന്നത്. ഇത് ആഗോള ക്രിസ്ത്യൻ ജനസംഖ്യാ വളർച്ചയുടെ 92 ശതമാനം വരുമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
Adjust Story Font
16
