Quantcast

സ്വയം കുത്തിപ്പരിക്കേൽപ്പിച്ചു, 'അല്ലാഹു അക്ബർ' വിളിച്ച് മുസ്‌ലിം കുടിയേറ്റക്കാർ ആക്രമിച്ചെന്ന് വ്യാജ പരാതി; ക്രൊയേഷ്യൻ കന്യാസ്ത്രീയുടെ കള്ളി പൊളിച്ച് പൊലീസ്

വ്യാജവാർത്ത ക്രൊയേഷ്യയിൽ കത്തിപ്പടരുകയും മുസ്‌ലിം കുടിയേറ്റക്കാർ‌ക്കെതിരെ വിദ്വേഷ പ്രചാരണങ്ങൾ ഉയരാന്‍ കാരണമാവുകയും ചെയ്തിരുന്നു.

MediaOne Logo

Web Desk

  • Updated:

    2025-12-04 12:22:11.0

Published:

4 Dec 2025 5:34 PM IST

Police dismiss nuns false complaint of attack by Muslim immigrants in Croatia
X

സഗ്രെബ്: മുസ്‌ലിം കുടിയേറ്റക്കാരെ കുടുക്കാൻ സ്വയം കുത്തിപ്പരിക്കേൽപ്പിച്ച് വ്യാജ പരാതി നൽകിയ കന്യാസ്ത്രീയുടെ കള്ളി പൊളിച്ച് പൊലീസ്. ക്രൊയേഷ്യന്‍ തലസ്ഥാനമായ സാഗ്രെബിലെ വലതുപക്ഷവാദിയായ കന്യാസ്ത്രീ മാരിജ തത്ജാന സെര്‍നോ ആണ് വ്യാജ പരാതി നൽകിയത്. ഡിസംബർ ഒന്നിനാണ് 34കാരിയായ മാരിജ പരാതിയുമായി സാ​ഗ്രെബ് പൊലീസിനെ സമീപിച്ചത്.

നവംബർ 28ന് 'അല്ലാഹു അക്ബർ' എന്ന് വിളിച്ച് ചില മുസ്‌ലിം കുടിയേറ്റക്കാർ മൂർച്ചയുള്ള ആയുധമുപയോ​ഗിച്ച് തന്നെ ആക്രമിച്ചെന്നായിരുന്നു ഇവരുടെ പരാതി. പിറ്റേദിവസം ഇവർ സാ​ഗ്രെബിലെ ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തു. ആശുപത്രിയിൽ നിന്ന് ഇറങ്ങിയ ശേഷമാണ്, പൊലീസിൽ പരാതി നൽകുന്നത്.

തന്നെ മുസ്‌ലിം തീവ്രവാദികൾ ആക്രമിച്ചെന്ന് പറഞ്ഞ് ക്രൊയേഷ്യന്‍ ദേശീയപതാകയുടെ നിറത്തിലുള്ള വേഷത്തില്‍ അവര്‍ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ പ്രത്യക്ഷപ്പെടുകയുമുണ്ടായി. എന്നാൽ, ശരീരത്തില്‍ കാര്യമായ മുറിവുകളൊന്നും ഉണ്ടായിരുന്നില്ല.

കന്യാസ്ത്രീയെ മുസ്‌ലിം കുടിയേറ്റക്കാർ ആക്രമിച്ചെന്ന വ്യാജവാർത്ത ക്രൊയേഷ്യയിൽ കത്തിപ്പടരുകയും മുസ്‌ലിം കുടിയേറ്റക്കാർ‌ക്കെതിരെ വിദ്വേഷ പ്രചാരണങ്ങൾ ഉയരാന്‍ കാരണമാവുകയും ചെയ്തിരുന്നു. കന്യാസ്ത്രീ കുത്തേറ്റ് മരിച്ചെന്നായിരുന്നു കാത്തലിക് ഹെറാൾഡ് കോളമിസ്റ്റ് സമന്ത സ്മിത്ത് അടക്കമുള്ളവരുടെ സോഷ്യൽമീഡിയ പോസ്റ്റുകൾ. ഇതോടെ, യൂറോപ്പിലെ വലതുപക്ഷ ഗ്രൂപ്പുകളും വ്യാജ പ്രചാരണം ഏറ്റെടുത്തു.

എന്നാൽ പരാതിയിൽ അന്വേഷണം നടത്തിയ പൊലീസ്, ഇത് വ്യാജമാണെന്ന് കണ്ടെത്തുകയും ആരോപണം തള്ളുകയും കന്യാസ്ത്രീ ജീവനോടെയെന്ന് വ്യക്തമാക്കുകയും ചെയ്തതായി ക്യൊയേഷ്യ വീക്ക് ഉൾപ്പെടെയുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വ്യാജ പരാതി നൽകുന്നത് ക്രിമിനൽ കുറ്റമാണെന്ന് അറിയാമായിരുന്നിട്ടും, സാഗ്രെബിലെ ഒരു കടയിൽ നിന്ന് ഒരു കത്തി വാങ്ങി കന്യാസ്ത്രീ സ്വയം മുറിവേൽപ്പിക്കുകയായിരുന്നെന്ന് ഉദ്യോഗസ്ഥർ കണ്ടെത്തിയെന്ന് സാഗ്രെബ് പൊലീസ് വകുപ്പ് അറിയിച്ചു.

പൊലീസിനെ തെറ്റിദ്ധരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കന്യാസ്ത്രീ ചെയ്തത് ക്രിമിനൽ കുറ്റകൃത്യമാണെന്നും പൊലീസ് വ്യക്തമാക്കി. കന്യാസ്ത്രീക്കെതിരെ നിയമനടപടിക്കൊരുങ്ങുകയാണ് പൊലീസ്. ഇവർക്കെതിരെ പൊലീസ് ബന്ധപ്പെട്ട മുനിസിപ്പൽ സ്റ്റേറ്റ് അറ്റോർണി ഓഫീസിൽ ക്രിമിനൽ പരാതി ഫയൽ ചെയ്യുമെന്നും ഉ​ദ്യോ​ഗസ്ഥർ അറിയിച്ചു. ക്രൊയേഷ്യയില്‍ ഒന്നര ശതമാനം മാത്രമാണ് മുസ്‌ലിം ജനസംഖ്യ.

TAGS :

Next Story