Quantcast

'ഫലസ്തീന്റെ പ്രിയപ്പെട്ടവൻ'; പോപ്പ് ഫ്രാൻസിസിനെ അനുസ്മരിച്ച് ബെത്‌ലഹേം ബൈബിൾ കോളജ് ഡീൻ

പോപ്പ് ഫ്രാൻസിസ് ബെത്‌ലഹേം സന്ദർശിക്കുകയും ഇസ്രായേൽ പണിത വിഭജന മതിലിന് മുന്നിൽ പ്രാർഥിക്കുകയും ചെയ്ത സന്ദർഭം ഓർമിക്കുന്നതാണ് കുറിപ്പ്.

MediaOne Logo

Web Desk

  • Published:

    21 April 2025 8:05 PM IST

Pope Francis was beloved in Palestine; Palestinian Christian theologian Munther Isaac
X

ബെത്‌ലഹേം: ഫലസ്തീനികൾക്ക് പ്രത്യേകിച്ച് ഫലസ്തീൻ ക്രിസ്ത്യാനികൾക്ക് അടുത്ത സുഹൃത്തിനെയാണ് പോപ്പ് ഫ്രാൻസിസിന്റെ മരണത്തിലൂടെ നഷ്ടമായതെന്ന് ബെത്‌ലഹേം ബൈബിൾ കോളജ് ഡീനും ക്രിസ്ത്യൻ പണ്ഡിതനുമായ മുൻദിർ ഇസ്ഹാഖ്. പോപ്പ് ഫ്രാൻസിസ് ഫലസ്തീന് പ്രിയപ്പെട്ടവനായിരുന്നു. വംശഹത്യയുടെ സമയത്ത് ഗസ്സയിലെ ജനങ്ങളോട് അദ്ദേഹം യഥാർഥ അനുകമ്പ പ്രകടിപ്പിച്ചു. ഗസ്സയിൽ ഉപരോധിക്കപ്പെട്ട ക്രിസ്ത്യൻ സമൂഹത്തെ തന്റെ ആശുപത്രി വാസത്തിനിടയിൽ പോലും നിരന്തരം ബന്ധപ്പെടാൻ കാണിച്ച അദ്ദേഹത്തിന്റെ മനസ്സ് യഥാർഥ ഇടയന്റെതായിരുന്നുവെന്നും എക്‌സിൽ പങ്കുവച്ച കുറിപ്പിൽ മുൻദിർ ഇസ്ഹാഖ് പറഞ്ഞു. പോപ്പ് ഫ്രാൻസിസ് ബെത്‌ലഹേം സന്ദർശിക്കുകയും ഇസ്രായേൽ പണിത വിഭജന മതിലിന് മുന്നിൽ പ്രാർഥിക്കുകയും ചെയ്ത സന്ദർഭം ഓർമിക്കുന്നതാണ് കുറിപ്പ്.

ഏതാനും വർഷങ്ങൾക്ക് മുമ്പ് പോപ്പ് ഫ്രാൻസിസ് ബെത്‌ലഹേം സന്ദർശിച്ചപ്പോൾ ബെത്‌ലഹേമിലെ മതിലിൽ തൊട്ട് പ്രാർഥിച്ചത് ഇന്നും മറക്കാനാവാത്ത ഓർമയാണ്. ഫ്രാൻസിസ് മാർപാപ്പ മതിലിൽ തൊട്ട് പ്രാർഥന ചൊല്ലിയപ്പോൾ ലോക വാർത്തകളിൽ തരംഗം സൃഷ്ടിച്ച ഒരു അവിസ്മരണീയ നിമിഷമായിരുന്നു അത്. ബെത്ലഹേമിന്റെ ഹൃദയഭാഗത്തുള്ള ഈ കോൺക്രീറ്റ് ഘടനയുടെ വൃത്തികേട് ഫ്രാൻസിസ് മാർപാപ്പക്ക് ശ്രദ്ധിക്കാതിരിക്കാൻ കഴിഞ്ഞില്ല. ഈ മതിൽ നമ്മളെയെല്ലാം അസ്വസ്ഥരാക്കണം. മതിലിൽ തൊട്ട് പ്രാർഥിച്ചതിലൂടെ അധിനിവേശത്തിന്റെയും യുദ്ധത്തിന്റെയും വൃത്തികേടിനെയാണ് അദ്ദേഹം സ്പർശിച്ചത്. നമ്മുടെ കഷ്ടപ്പാടുകളുടെ ആഴം അദ്ദേഹം സ്പർശിച്ചു. വിനയത്തോടും ബലഹീനതയോടും കൂടി, അദ്ദേഹം അനീതിയെ നോക്കി വെല്ലുവിളിച്ചു.



അദ്ദേഹം പ്രാർഥനയിൽ എന്താണ് ഉരുവിട്ടത്? സത്യം പറഞ്ഞാൽ, തനിക്ക് അറിയാൻ താൽപ്പര്യമില്ല. ചില വാക്കുകൾ പറയാതെ വിടുന്നതാണ് നല്ലത്. മതിലിനടുത്ത് നിന്ന് പ്രാർഥിക്കുന്ന അദ്ദേഹത്തിന്റെ ചിത്രം എന്നെന്നേക്കുമായി തങ്ങളുടെ ഓർമകളിൽ പതിഞ്ഞിരിക്കും. തനിക്ക്, ഈ ചിത്രം എല്ലായിടത്തും പതിഞ്ഞു. ഓഫീസ് ചുമരിലും, ഫേസ്ബുക്ക് പേജിലും, ഡെസ്‌ക്ടോപ്പ് വാൾപേപ്പറിലും. പലസ്തീൻ ക്രിസ്ത്യാനികളായ തങ്ങൾക്ക്, ഈ ചിത്രം തങ്ങളുടെ ഓർമയിൽ ആഴത്തിൽ സൂക്ഷിച്ചു. ഈ മതിൽ ഒരു ദിവസം വീഴുമ്പോൾ അതിന്റെ പതനത്തിലേക്ക് നയിച്ച പ്രധാന നിമിഷങ്ങളിലൊന്നായി നമുക്ക് ഈ നിമിഷത്തിലേക്കും ഈ പ്രാർത്ഥനയിലേക്കും മടങ്ങാം.

അവസാനം, പോപ്പ് പോയി, അധിനിവേശവും മതിലും അവശേഷിച്ചു. പക്ഷേ, തങ്ങൾ മറക്കപ്പെടുന്നില്ലെന്ന് അറിയുന്ന ഒരു പുതിയ പ്രതീക്ഷ അവശേഷിച്ചു. അനീതിക്കെതിരെ പോരാടാനും പ്രാർഥിക്കാനും ഒരു കൽപ്പനയുണ്ടായിരുന്നു. ഇന്ന് തനിക്ക് സംശയമുണ്ട്: വരും ദിവസങ്ങളിൽ അദ്ദേഹത്തിന്റെ മരണത്തിൽ വിലപിക്കുന്ന ദശലക്ഷക്കണക്കിന് ആളുകൾ അദ്ദേഹത്തിന്റെ ഈ ആഗ്രഹത്തെ മാനിക്കുമോ? അദ്ദേഹം ചെയ്തതുപോലെ അവർ ഗസ്സയിലെയും പലസ്തീനിലെയും ആളുകളെ പരിപാലിക്കുമോ? അദ്ദേഹത്തിന്റെ ആത്മാവ് തന്റെ രക്ഷകനോടൊപ്പം മഹത്വത്തിൽ വിശ്രമിക്കട്ടെ. മനുഷ്യരാശിക്ക് ഇന്ന് സവിശേഷമായ ഒരു ആത്മാവിനെയാണ് ഇന്ന് നഷ്ടമായതെന്നും മുൻദിർ ഇസ്ഹാഖ് പറഞ്ഞു.

TAGS :

Next Story