'ലോകം ചുരുക്കം ചില സ്വേച്ഛാധിപതികൾ മൂലം നശിപ്പിക്കപ്പെടുന്നു'; ട്രംപിനെതിരെ വീണ്ടും പരോക്ഷ വിമർശനവുമായി മാർപാപ്പ
സമാധാനം എന്നത് നാം കണ്ടുപിടിക്കേണ്ട ഒന്നല്ല, മറിച്ച് അയൽക്കാരനെ സഹോദരനായി കണ്ടുകൊണ്ട് സ്വീകരിക്കേണ്ട ഒന്നാണെന്ന് പോപ്പ് ഓർമ്മിപ്പിച്ചു

വത്തിക്കാന്‍: യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിനെതിരെ പരോക്ഷ വിമർശനവുമായി വീണ്ടും മാർപാപ്പ. ലോകം ചുരുക്കം ചില സ്വേച്ഛാധിപതികൾ മൂലം നശിപ്പിക്കപ്പെടുകയാണ്. നശിപ്പിക്കാൻ ഒരു നിമിഷം മതിയെന്ന് അറിയാത്തവരായി യുദ്ധത്തിന്റെ നേതാക്കൾ മാറുന്നുവെന്നും പുനർനിർമ്മിക്കാൻ ഒരു ജീവിതകാലം മതിയാകില്ല എന്ന കാര്യവും ഇവർ വിസ്മരിക്കുന്നതായും പോപ്പ് ലിയോ പറഞ്ഞു. ഒരു പതിറ്റാണ്ടായി ആഭ്യന്തര കലാപം തുടരുന്ന കാമറൂണിലെ ബമെൻഡയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വന്തം ലാഭത്തിനായി ദൈവനാമത്തെപ്പോലും ദുരുപയോഗം ചെയ്യുന്നവരെ പോപ്പ് രൂക്ഷമായി വിമർശിച്ചു. കൊലപാതകങ്ങൾക്കും വിനാശത്തിനുമായി കോടികള്‍ ചെലവഴിക്കുമ്പോൾ,ചികിത്സയ്ക്കും വിദ്യാഭ്യാസത്തിനും പുനരുദ്ധാരണത്തിനും വേണ്ട വിഭവങ്ങൾ വിഭവങ്ങൾ എവിടെയും ഇല്ലെന്ന യാഥാർത്ഥ്യത്തിന് നേരെ ഇക്കൂട്ടർ കണ്ണടക്കുകയാണെന്നും പോപ്പ് വിമര്‍ശിച്ചു.
ഇറാനിലെ യുഎസ്-ഇസ്രായേൽ സൈനിക നടപടികളെ പോപ്പ് നേരത്തെ വിമർശിച്ചിരുന്നു. ഇതിനെതിരെ ഡൊണാൾഡ് ട്രംപ് സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തുകയും പോപ്പിനെ "ദുർബലൻ" എന്ന് വിശേഷിപ്പിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ട്രംപിനെതിരെ പോപ്പ് വീണ്ടും വിമര്‍ശിച്ചത്.
വിഭവങ്ങൾ കൊള്ളയടിച്ച് ആയുധങ്ങളിൽ നിക്ഷേപിക്കുന്നവർ മരണത്തിന്റെ ചക്രം നിലനിർത്തുകയാണെന്ന് ബമെൻഡയിലെ കത്തീഡ്രലിൽ ഒത്തുകൂടിയവരോട് പോപ്പ് പറഞ്ഞു. സമാധാനം എന്നത് നാം കണ്ടുപിടിക്കേണ്ട ഒന്നല്ല, മറിച്ച് അയൽക്കാരനെ സഹോദരനായി കണ്ടുകൊണ്ട് സ്വീകരിക്കേണ്ട ഒന്നാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
Adjust Story Font
16

