Quantcast

'യുദ്ധക്കുറ്റമായി കണക്കാക്കേണ്ടി വരും'; മസ്ജിദുൽ അഖ്‌സയിലെ ആക്രമണത്തിൽ ഇസ്രയേലിനോട് യുഎൻ

MediaOne Logo

Web Desk

  • Published:

    8 May 2021 6:41 AM GMT

യുദ്ധക്കുറ്റമായി കണക്കാക്കേണ്ടി വരും; മസ്ജിദുൽ അഖ്‌സയിലെ ആക്രമണത്തിൽ ഇസ്രയേലിനോട് യുഎൻ
X

ജറൂസലേം: വിശുദ്ധഗേഹമായ മസ്ജിദുൽ അഖ്‌സയിൽ വിശ്വാസികൾക്കു നേരെ ഇസ്രയേലി സൈന്യം നടത്തിയ ആക്രമണത്തെ ശക്തമായി അപലപിച്ച് ഐക്യരാഷ്ട്ര സഭ. കിഴക്കൻ ജറൂസലേമിലെ നിർബന്ധിത കുടിയൊഴിപ്പിക്കൽ നിർത്തണമെന്നും നിലവിലെ ആക്രമണം യുദ്ധക്കുറ്റമായി കണക്കാക്കേണ്ടി വരുമെന്നും യുഎൻ വക്താവ് റൂപർട്ട് കോൽവിലെ പറഞ്ഞു.

ആരാധനാലയങ്ങളോട് ഇസ്രയേൽ കുറച്ച് ആദരവു കാണിക്കണം എന്നാണ് യുഎൻ പൊതുസഭാ പ്രസിഡണ്ട് വോൾകാൻ ബോസ്‌കിർ പ്രതികരിച്ചത്. 'വിശുദ്ധ റമസാനിലെ അവസാന വെള്ളിയാഴ്ച അൽ അഖ്‌സ മസ്ജിദിൽ ഇസ്രയേൽ പൊലീസ് നടത്തിയ റെയ്ഡിൽ ദുഃഖിതനാണ്. അൽ അഖ്‌സ അടക്കം എല്ലാ ആരാധനാലയങ്ങളോടും ആദരവു കാണിക്കാൻ ഞാൻ അഭ്യർത്ഥിക്കുന്നു. 180 കോടി മുസ്‌ലിംകളുടെ വിശുദ്ധ ഗേഹമാണത്' - അദ്ദേഹം ചൂണ്ടിക്കാട്ടി.


ആക്രമണത്തിൽ യുഎസും ആശങ്ക പങ്കുവച്ചു. 'അക്രമങ്ങൾക്ക് മാപ്പില്ല. എന്നാൽ ഇത്തരം രക്തച്ചൊരിച്ചിലുകൾ അസ്വസ്ഥതയുണ്ടാക്കുന്നു. സംഘർഷം വർധിക്കാതിരിക്കാൻ ഇസ്രയേലിനോടും ഫലസ്തീനോടും അഭ്യർത്ഥിക്കുന്നു- യുഎസ് വിദേശകാര്യ വക്താവ് നെഡ് പ്രൈസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ആക്രമണത്തെ സൗദിയും തുർക്കിയും ഇറാനും അപലപിച്ചു.

കിഴക്കൻ ജറൂസലമിൽ നിന്ന് ഫലസ്തീനികളെ കുടിയൊഴിപ്പിക്കുന്നതിനെതിരെ പ്രതിഷേധവുമായി സംഘടിച്ചവരെയാണ് മസ്ജിദുൽ അഖ്‌സയ്ക്ക് അകത്തും പുറത്തുംവച്ച് ഇസ്രയേൽ പൊലീസ് നേരിട്ടത്. 178 പേർക്ക് ആക്രമണത്തിൽ പരിക്കേറ്റതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു. റമസാനിലെ അവസാന വെള്ളിയാഴ്ചയാണ് ആക്രമണം അരങ്ങേറിയത്.

മസ്ജിദുൽ അഖ്‌സയോട് ചേർന്ന ശൈഖ് ജർറാഹ് പ്രദേശത്തു നിന്ന് ഫലസ്തീനികളെ നിർബന്ധിച്ച് കുടിയൊഴിപ്പിക്കാനാണ് ഇസ്രയേൽ ശ്രമം. ഇതിനെതിരെ ആഴ്ചകളോളമായി തദ്ദേശീയരും ഫലസ്തീൻ ഐക്യദാർഢ്യ പ്രവർത്തകരും പ്രതിഷേധമുയർത്തുന്നുണ്ട്.

TAGS :

Next Story