ഇറാനെ ഇരുട്ടിലാക്കി യുഎസ് ആക്രമണം; വൈദ്യുതി നിലയങ്ങൾ തകർത്തു
പശ്ചിമേഷ്യയിലെ യുഎസ് യൂണിവേഴ്സിറ്റികൾ പലതും പഠനം ഓൺലൈനിലേക്ക് മാറ്റി

തെഹ്റാന്‍: യുദ്ധഭീതി കൂട്ടി കരയുദ്ധത്തിന് അമേരിക്ക തയാറെടുക്കുന്നതിനിടെ ഇറാനിലെ വൈദ്യുത കേന്ദ്രങ്ങള്‍ക്ക് നേരെയും അമേരിക്കയുടെ ആക്രമണം. മണിക്കൂറുകൾക്ക് ശേഷം വൈദ്യുതി പുനഃസ്ഥാപിച്ചു. ഇറാന്റെ ആക്രമണ ഭീഷണി മുൻനിർത്തി പശ്ചിമേഷ്യയിലെ യുഎസ് യൂണിവേഴ്സിറ്റികൾ പലതും പഠനം ഓൺലൈനിലേക്ക് മാറ്റി. ഖാർഗ് ദ്വീപിൽ ആഴ്ചകൾ നീളുന്ന അധിനിവേശം ഉൾപ്പെടെ എല്ലാ സാധ്യതകളും അമേരിക്ക പരിഗണിക്കുന്നതായി യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇറാന്റെ എണ്ണ സ്വന്തമാക്കുമെന്നും ഖാർഗ് ദ്വീപ് പിടിക്കുമെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവകാശപ്പെട്ടു. ഖാർഗിൽ ഇറാൻ പ്രതിരോധം എളുപ്പം മറികടക്കാൻ കഴിയുമെന്നും ഇറാനുമായി പ്രത്യക്ഷ, പരോക്ഷ ചർച്ചകൾ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞുെ. പതിനഞ്ചിന നിർദ്ദേശങ്ങളിൽ ഭൂരിഭാഗവും ഇറാൻ അംഗീകരിച്ചു. പാകിസ്താൻ മുഖേന നടക്കുന്ന ചർച്ചയിൽ പുരോഗതിയുണ്ട്. 20 എണ്ണ ടാങ്കറുകൾക്ക് ഇറാൻ അനുമതി നൽകിയെന്നും നാളെ ഹോർമുസ് കടക്കുമെന്നും അമേരിക്കൻ പ്രസിഡന്റ് പറഞ്ഞു. പുതിയ വിമാനവാഹിനി കപ്പൽ ജോർജ് ബുഷ് ഉടൻ ഇറാൻ തീരത്ത് എത്തും.
അതേസമയം, ഇസ്രായേലിലെ ബീർഷേബയില്‍ കെമിക്കല്‍ ഫാക്ടറിയില്‍ ഇറാന്റെ ഡ്രോണ്‍ പതിച്ച് വന്‍ തീപിടിത്തമുണ്ടായി. തെക്കൻ ഇസ്രായേലിൽ ഇറാൻ ആക്രമണത്തിൽ പരിക്കേറ്റവരുടെ എണ്ണം 31 ആയി. മിസൈൽ ഭീഷണി മൂലം ജറൂസലമിൽ ഇസ്രായേൽ പാർലമെന്റ് സമ്മേളനം തടസപ്പെട്ടു. ഇറാഖിലെ വിവിധ ഭാഗങ്ങളിൽ സ്ഫോടനം നടന്നു. ലബനനിൽ കൂടുതൽ അതിർത്തി കയ്യേറാൻ സൈന്യത്തിന് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു നിർദ്ദേശം നൽകി.
വിനാശകാരിയായ യുദ്ധം അവസാനിപ്പിക്കാൻ ഇരുകൂട്ടരും തയാറാകണമെന്ന് പാകിസ്താൻ ഉൾപ്പെടെ നാല് മധ്യസ്ഥ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാർ ആവശ്യപ്പെട്ടു. പാകിസ്താനിലെ ഇസ്‍ലാമാബാദില്‍ നടക്കുന്ന മധ്യസ്ഥ രാജ്യങ്ങളുടെ യോഗം ഇന്നും തുടരും.
Adjust Story Font
16

