ഗസ്സയിലെ ഇസ്രായേൽ വംശഹത്യക്കെതിരായ പ്രതിഷേധം; യുഎസ് തടവിലാക്കിയ മഹ്മൂദ് ഖലീൽ മോചിതനായി
ഗസ്സയിൽ ഇസ്രായേൽ നടത്തി കൊണ്ടിരിക്കുന്ന വംശഹത്യ യുദ്ധത്തിനെതിരായ പ്രവർത്തനങ്ങളുടെ പേരിൽ മൂന്ന് മാസത്തിലേറെയായി യുഎസ് ഇമിഗ്രേഷൻ തടങ്കലിൽ കഴിയുകയായിരുന്നു മഹ്മൂദ് ഖലീൽ

കൊളംബിയ: കൊളംബിയ യൂണിവേഴ്സിറ്റി ബിരുദധാരിയും ഫലസ്തീൻ ആക്റ്റിസ്റ്റുമായ മഹ്മൂദ് ഖലീൽ യുഎസ് തടങ്കലിൽ നിന്ന് മോചിതനായി. ഗസ്സയിൽ ഇസ്രായേൽ നടത്തി കൊണ്ടിരിക്കുന്ന വംശഹത്യ യുദ്ധത്തിനെതിരായ പ്രവർത്തനങ്ങളുടെ പേരിൽ മൂന്ന് മാസത്തിലേറെയായി യുഎസ് ഇമിഗ്രേഷൻ തടങ്കലിൽ കഴിയുകയായിരുന്നു മഹ്മൂദ് ഖലീൽ.
ഫലസ്തീൻ അനുകൂല പ്രവർത്തനങ്ങളുടെ പേരിൽ ട്രംപ് ഭരണകൂടം അറസ്റ്റ് ചെയ്ത വിദ്യാർഥികളിൽ പ്രമുഖനായ മഹ്മൂദ് ഖലീലിനെ ലൂസിയാനയിലെ ജെനയിലെ ജയിലിൽ നിന്ന് മോചിപ്പിക്കാൻ വെള്ളിയാഴ്ച ഫെഡറൽ ജഡ്ജി ഉത്തരവിട്ടു. കൊളംബിയ കെട്ടിടത്തിന്റെ ലോബിയിൽ വെച്ചാണ് മൂന്ന് മാസങ്ങൾക്ക് മുമ്പ് സിവിൽ വസ്ത്രത്തിലുണ്ടായിരുന്ന ഇമിഗ്രേഷൻ ഏജന്റുമാർ മഹ്മൂദിനെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് തടവിലേക്ക് അയക്കുകയും ചെയ്തു.
'നീതി നടപ്പായെങ്കിലും വൈകിയതാണ്. മൂന്ന് മാസം എടുക്കേണ്ടിവരില്ലായിരുന്നു.' മോചനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ മഹ്മൂദ് ഖലീൽ പറഞ്ഞു. 'ട്രംപും അദ്ദേഹത്തിന്റെ ഭരണകൂടവും തെറ്റായ വ്യക്തിയെയാണ് അറസ്റ്റ് ചെയ്തത്. അതിനർത്ഥം ഇതിന് ശരിയായ വ്യക്തി ഉണ്ടെന്നല്ല. ഒരു വംശഹത്യയിൽ പ്രതിഷേധിച്ചതിന് തടങ്കലിൽ വയ്ക്കേണ്ട ആവശ്യമില്ല.' മഹ്മൂദ് കൂട്ടിച്ചേർത്തു.
തടങ്കലിലായിരിക്കുമ്പോൾ ജനിച്ച തന്റെ കുഞ്ഞിനൊപ്പം സമയം ചെലവഴിക്കാൻ വീട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നുവെന്നും മഹ്മൂദ് ഖലീൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
Adjust Story Font
16

