Quantcast

ലഹരിയല്ല, അമേരിക്കയുടെ കണ്ണ് എണ്ണയിൽ...; വെനസ്വേലയിലെ യുഎസ് അധിനിവേശത്തിന് പിന്നിൽ...

ലോകത്തിലെ ഏറ്റവും കൂടുതൽ എണ്ണനിക്ഷേപമുള്ള രാജ്യങ്ങളിലൊന്നാമതാണ് വെനസ്വേല.

MediaOne Logo

ഷിയാസ് ബിന്‍ ഫരീദ്

  • Updated:

    2026-01-04 08:21:07.0

Published:

4 Jan 2026 1:08 PM IST

Real Reason behind US Attack on Venezuela is Not Drug
X

കാരക്കാസ്: ലഹരിക്കടത്ത് ഉൾപ്പെടെയുള്ള ആരോപണങ്ങൾ ഉന്നയിച്ച് വെനസ്വേലയെ ആക്രമിച്ച് പ്രസി‍ഡന്റ് നിക്കോളാസ് മദൂറോയെ ബന്ദിയാക്കി തട്ടിക്കൊണ്ടുപോവുകയും ന്യൂയോർക്കിലെത്തിച്ച് അറസ്റ്റ് ചെയ്തിരിക്കുകയുമാണ് അമേരിക്ക. അനധികൃത കുടിയേറ്റം, നാർകോ ടെററിസം എന്നിവയാണ് ആക്രമണത്തിന് കാരണമായി ട്രംപ് അവകാശപ്പെടുന്നത്. കൊക്കെയ്ൻ കടത്തിന്റെ പ്രധാന ഇടത്താവളവും ട്രാൻസിറ്റ് രാജ്യവുമാണ് വെനസ്വേലയെന്നും അവിടുത്തെ ക്രിമിനൽ സ്ഥാപനങ്ങളിലൊന്നിനെ നയിക്കുന്നതെന്ന് മദൂറോ ആണെന്നുമാണ് ട്രംപിന്റെ ആരോപണം. എന്നാൽ ഇതാണോ അധിനിവേശത്തിനും പ്രസിഡന്റിനെ തട്ടിക്കൊണ്ടുപോയി അറസ്റ്റ് ചെയ്തതിനും പിന്നിലെ യഥാർഥ കാരണം...? അല്ല, എന്നാണ് ഉത്തരം.

ലക്ഷ്യം എണ്ണ സമ്പത്ത്

ലോകത്തിലെ ഏറ്റവും കൂടുതൽ എണ്ണനിക്ഷേപമുള്ള രാജ്യങ്ങളിലൊന്നാമതാണ് വെനസ്വേല. 303.22 ബില്യൺ ബാരലാണ് വെനസ്വേലയുടെ ക്രൂഡ് ഓയിൽ ശേഖരം. അതായത് ലോകത്തെ എണ്ണ ശേഖരത്തിന്റെഅഞ്ചിലൊന്നും വഹിക്കുന്നത് വെനസ്വേലയാണെന്ന് സാരം (19.4 ശതമാനം). ഈ എണ്ണ സമ്പത്തിലാണ് അമേരിക്കയുടെ കണ്ണ്. ആക്രമണത്തിന് ശേഷം ട്രംപ് പറഞ്ഞ കാര്യങ്ങൾ ഇത് ശരിവയ്ക്കുന്നു. വാർത്താസമ്മേളനത്തിൽ അധിനിവേശ ലക്ഷ്യങ്ങൾ തുറന്നുപറഞ്ഞ ട്രംപ് യുഎസ് എണ്ണക്കമ്പനികൾ വെനസ്വേലയിലെത്തുമെന്നും പ്രഖ്യാപിച്ചു. ആവശ്യമെങ്കിൽ ഇനിയും ആക്രമിക്കുമെന്നും ട്രംപ് വ്യക്തമാക്കി. അമേരിക്കയുടെ ലക്ഷ്യം വെനസ്വേലയിലെ എണ്ണയാണെന്ന് അടിവരയിടുന്നതാണ് ട്രംപിന്റെ ഈ വാക്കുകൾ.


ആഗോള ലഹരിക്കടത്തിൽ വെനസ്വേലയ്ക്ക് ലഹരിക്കടത്തിൽ നേരിട്ട് പങ്കില്ലെന്ന് മയക്കുമരുന്ന് വിരുദ്ധ വിദഗ്ധർ പറയുന്നു. മറ്റെവിടെയെങ്കിലും ഉൽപ്പാദിപ്പിക്കുന്ന മയക്കുമരുന്ന് കടത്താൻ ഉപയോഗിക്കുന്ന വഴി മാത്രമാണ് വെനസ്വേല എന്നും എന്ന് അവർ വിശദമാക്കുന്നു. മയക്കുമരുന്നുകളിലൊന്നായ ഫെന്റനൈൽ പ്രധാനമായും മെക്‌സിക്കോയിലാണ് ഉത്പാദിപ്പിക്കുന്നത്, അതിനുശേഷം അത് കരമാർഗം യുഎസിലേക്ക് പ്രവേശിക്കുന്നു. യുഎസ് ഡ്രഗ് എൻഫോഴ്‌സ്‌മെന്റ് അഡ്മിനിസ്‌ട്രേഷന്റെ (ഡിഇഎ) 2025ലെ നാഷണൽ ഡ്രഗ് ത്രെറ്റ് അസസ്മെന്റിൽ ഫെന്റനൈലിന്റെ ഉത്ഭവ രാജ്യമായി വെനസ്വേലയെ പരാമർശിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

താൻ ഗൂഢസംഘത്തിന്റെ നേതാവാണെന്ന ആരോപണം മദൂറോ ശക്തമായി നിഷേധിച്ചിട്ടുണ്ട്. മാത്രമല്ല, തന്നെ സ്ഥാനഭ്രഷ്ടനാക്കാനും വെനസ്വേലയുടെ വിശാലമായ എണ്ണ ശേഖരം കൈക്കലാക്കാനും അമേരിക്ക 'മയക്കുമരുന്നിനെതിരായ യുദ്ധം' എന്ന വാദം ഉയർത്തുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. വെനസ്വേലയുടെ അയൽരാജ്യമായ കൊളംബിയ ലോകത്തിലെ ഏറ്റവും വലിയ കൊക്കെയ്ൻ ഉത്പാദകരമാണ്. എന്നാൽ അവിടെനിന്നുള്ള കൊക്കെയൻ വെനസ്വേലയിലൂടെയല്ല, മറ്റ് വഴികളിലൂടെയാണ് അമേരിക്കയിൽ എത്തുന്നത്. യുഎസ് ഡിഇഎ റിപ്പോർട്ട് പ്രകാരം പസഫിക് വഴിയുള്ള ലഹരിക്കടത്തിന്റെ ചെറിയൊരു ഭാഗം മാത്രമേ വെനസ്വേലയിൽ നിന്നുള്ളൂ. എന്നാൽ, ലഹരിക്കടത്ത് ആരോപിച്ച് വെനസ്വേലൻ ബോട്ടുകൾക്ക് നേരെ സെപ്തംബറിൽ അമേരിക്കൻ സേന നടത്തിയ ആക്രമണത്തിൽ 115 പേരാണ് കൊല്ലപ്പെട്ടത്.

പിടികൂടിയ മദൂറോയ്‌ക്കെതിരെ നാർകോ ടെററിസം, കൊക്കെയ്ൻ ഇറക്കുമതി ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നതെന്ന് അറ്റോർണി ജനറൽ പാം ബോണ്ടി പുറത്തുവിട്ട കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു. കൂടാതെ, മെഷീൻ ഗണ്ണുകളും വിനാശകരമായ ഉപകരണങ്ങളും കൈവശം വച്ചെന്നും ഗൂഢാലോചന നടത്തിയെന്നുമുള്ള കുറ്റങ്ങളും അദ്ദേഹത്തിനെതിരെ ചുമത്തിയിട്ടുണ്ട്.

യുഎസ് സമയം പുലർച്ചെ ശനിയാഴ്ച രണ്ട് മണിയോടെയായിരുന്നു കാരക്കാസിലെ ഏഴിടങ്ങളിൽ ആക്രമണം. ഇതിനിടെ പ്രസിഡന്റിന്റെ വസതിയിൽ അതിക്രമിച്ചുകയറിയ യുഎസ് സൈന്യം കിടപ്പുമുറിയിൽ ഉറങ്ങുകയായിരുന്ന നിക്കോളാസ് മദൂറോയെയും ഭാര്യ സിലിയ ഫ്ലോറസിനേയും വലിച്ചിഴച്ച് പുറത്തുകൊണ്ടുപോവുകയായിരുന്നു. കാരക്കാസിലെ അതീവ സുരക്ഷയുള്ള ഫോർട്ട് ടിയൂന സൈനിക താവളത്തിനുള്ളിലെ പ്രസിഡന്റിന്റെ വസതിയിലായിരുന്നു സംഭവം. 30 മിനിറ്റിനകം ഇവരെ സ്ഥലത്തുനിന്നു മാറ്റിയതായി സിഎൻഎൻ റിപ്പോർട്ട് ചെയ്തു.

തലസ്ഥാനമായ കാരക്കാസില്‍ നിന്ന് മദൂറോയെ ആദ്യം കരീബിയന്‍ കടലിലെ വെളിപ്പെടുത്താത്ത സ്ഥലത്ത് നിലയുറപ്പിച്ചിരുന്ന യുഎസ് നാവിക കപ്പല്‍ യുഎസ്എസ് ഇവോ ജിമയിലേക്ക് എത്തിച്ചു. അവിടെ നിന്ന് വീണ്ടും ഹെലികോപ്ടറില്‍ ക്യൂബയിലെ ഗ്വാണ്ടനാമോ ബേയിലെ യുഎസ് നാവിക താവളത്തിലേക്ക് മാറ്റി. തുടർന്ന് മറ്റൊരു വിമാനത്തിലേക്ക് മാറ്റുകയും തുടർന്ന് ന്യൂയോര്‍ക്ക് സംസ്ഥാനത്തെ ഓറഞ്ച് കൗണ്ടിയിലെ സ്റ്റുവര്‍ട്ട് എയര്‍ഫോഴ്‌സ് ബേസിലേക്ക് കൊണ്ടുപോവുകയും ചെയ്തു.

ഒടുവില്‍, സ്റ്റുവര്‍ട്ട് ബേസില്‍ നിന്ന് ഹെലികോപ്ടര്‍ വഴി ന്യൂയോര്‍ക്ക് നഗരത്തിലേക്ക് മാറ്റിയ മദൂറോയെ, മാന്‍ഹാറ്റന്റെ പടിഞ്ഞാറന്‍ ഭാഗത്തെ യുഎസ് ഡ്രഗ് എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സി ആസ്ഥാനത്തെത്തിക്കുകയും ഔദ്യോഗികമായി അറസ്റ്റ്‌ ചെയ്യുകയും ചെയ്തു. അമേരിക്കൻ സൈന്യത്തിന്റെ എലൈറ്റ് വിഭാഗമായ ഡെൽറ്റ ഫോഴ്‌സ്, എഫ്ബിഐയുടെ പിന്തുണയോടെയാണ് ഏകപക്ഷീയ ആക്രമണം നടത്തിയത്.

TAGS :

Next Story