നാല് ഇസ്രായേലി സൈനികരെ കാണാതായെന്ന് റിപ്പോർട്ടുകൾ; ഹമാസിന്റെ പിടിയിലെന്ന് സൂചന
ഗസ സിറ്റി പിടിച്ചടക്കാനുള്ള ഇസ്രായേൽ നീക്കത്തിനെതിരെ ഹമാസിന്റെ സൈനിക വിഭാഗം സുസജ്ജമാണെന്ന് ഖസ്സാം വാക്താവ് അബു ഒബൈദ വ്യക്തമാക്കി

തെൽഅവീവ്: ഹമാസിന്റെ സൈനിക വിഭാഗമായ അൽ ഖസ്സാം നടത്തിയ ആക്രമണത്തിൽ നാല് ഇസ്രായേലി സൈനികരെ കാണാതായതായി റിപ്പോർട്ട്. ഗസ്സ സിറ്റിയിലെ സൈതൂനിൽ വെച്ച് ഇസ്രായേലി സൈനികർക്ക് നേരെ ഉണ്ടായ ആക്രമണത്തിലാണ് നാല് പേരെ കാണാതായതും നിരവധി പേർ കൊല്ലപ്പെടുകയും ചെയ്തതായി ഇസ്രായേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ആക്രമണത്തിൽ പരിക്കേറ്റവർക്കുള്ള രക്ഷാദൗത്യത്തിനായി ഇസ്രായേൽ സേന ആറ് ഹെലികോപ്റ്ററുകൾ വിന്യസിച്ചു. അക്രമണം നടന്ന സ്ഥലത്തുനിന്നും പരിക്കേറ്റവരെ മാറ്റുന്നതിനും കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ കൊണ്ടുപോകുന്നതിനുമായാണ് ഹെലികോപ്റ്ററുകൾ വിന്യസിച്ചത്. സൈനികർ പിടിക്കപ്പെടുന്നത് തടയുന്നതിനായി ഉപയോഗിക്കുന്ന ഹാനിബൽ പ്രോട്ടോകോൾ ഇസ്രായേൽ നടപ്പിലാക്കിയതായും റിപ്പോർട്ടുകളുണ്ട്.
ഇസ്രായേൽ സേനയിലെ 162,401 ഡിവിഷനുകളിലെ സൈനികർക്ക് നേരെയാണ് ആക്രമണമുണ്ടായത്. കുറച്ച് കാലങ്ങളായി സൈതൂൻ മേഖലയിൽ ഉണ്ടാകുന്ന ഫലസ്തീൻ അനുകൂല ആക്രമണങ്ങൾ കാരണം സേന പ്രതിരോധത്തിലാണെന്ന് റിപ്പോർട്ടുകളുണ്ട്. കാണാതായ സൈനികർക്കായുള്ള തിരച്ചിൽ നടന്നുവരികയാണ്.
ഗസ സിറ്റി പിടിച്ചടക്കാനുള്ള ഇസ്രായേൽ നീക്കത്തിനെതിരെ ഹമാസിന്റെ സൈനിക വിഭാഗം സുസജ്ജമാണെന്ന് ഖസ്സാം വാക്താവ് അബു ഒബൈദ വ്യക്തമാക്കി. ഇസ്രായേലി തടവുകാർ ഹമാസിന്റെ സേനയ്‌ക്കൊപ്പം പോരാട്ടം നടക്കുന്ന മേഖലകളിലുണ്ടായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Adjust Story Font
16

