Quantcast

കോഹിനൂർ വജ്രം ഇന്ത്യയ്ക്ക് തിരികെ നൽകണം; ചാള്‍സ് രാജാവിനോട് ആവശ്യപ്പെടുമെന്ന് മംദാനി

നിലവിൽ ബ്രിട്ടീഷ് കിരീടത്തിന്റെ ഭാഗമായ കോഹിനൂർ വജ്രം തിരികെ ലഭിക്കണമെന്ന ആവശ്യം ഇന്ത്യ വർഷങ്ങളായി ഉന്നയിക്കുന്നുണ്ട്

MediaOne Logo

റിഷാദ് അലി

  • Updated:

    2026-04-30 08:03:02.0

Published:

30 April 2026 1:32 PM IST

കോഹിനൂർ വജ്രം ഇന്ത്യയ്ക്ക് തിരികെ നൽകണം; ചാള്‍സ് രാജാവിനോട് ആവശ്യപ്പെടുമെന്ന് മംദാനി
X

ന്യൂയോർക്ക്: ചരിത്രപ്രസിദ്ധമായ കോഹിനൂർ വജ്രം ഇന്ത്യയ്ക്ക് തിരികെ നൽകണമെന്ന് ബ്രിട്ടീഷ് രാജാവ് ചാൾസ് മൂന്നാമനോട് ആവശ്യപ്പെടുമെന്ന് ന്യൂയോർക്ക് സിറ്റി മേയർ സൊഹ്‌റാൻ മംദാനി. അമേരിക്ക സന്ദർശിക്കുന്ന ചാൾസ് രാജാവുമായി നടത്തുന്ന കൂടിക്കാഴ്ചയിൽ ഈ വിഷയം ഉന്നയിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

സെപ്റ്റംബർ 11 ഭീകരാക്രമണത്തിന്റെ ഇരകളെ അനുസ്മരിക്കുന്ന ചടങ്ങിന് മുന്നോടിയായി നടന്ന വാർത്താ സമ്മേളനത്തിലാണ് ഇന്ത്യൻ വംശജനായ മംദാനി തന്റെ നിലപാട് വ്യക്തമാക്കിയത്. ഔദ്യോഗിക ചർച്ചകളുടെ ഭാഗമല്ലെങ്കിലും, രാജാവുമായി വ്യക്തിപരമായോ പ്രത്യേകമായോ സംസാരിക്കാൻ അവസരം ലഭിച്ചാൽ കോഹിനൂർ വജ്രം തിരികെ നൽകാൻ താൻ അദ്ദേഹത്തോട് ആവശ്യപ്പെടുമെന്ന് മേയര്‍ പറഞ്ഞു.

ഇന്ത്യയിലെ വിവിധ രാജവംശങ്ങൾ കൈവശം വെച്ചിരുന്നു ഈ വജ്രം നിലവിൽ ബ്രിട്ടീഷ് രാജകുടുംബത്തിന്റെ ശേഖരത്തിലാണുള്ളത്. അതേസമയം മംദാനിയും രാജാവും തമ്മിൽ 9/11 സ്മാരകത്തിൽവെച്ച് കൂടിക്കാഴ്ച നടത്തിയെങ്കിലും, ഈ വിഷയം അവിടെ ചർച്ച ചെയ്യപ്പെട്ടോ എന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. മംദാനിയുടെ പരാമർശങ്ങളെക്കുറിച്ച് പ്രതികരിക്കാൻ ബെക്കിങ്ഹാം കൊട്ടാരം തയ്യാറായില്ല. മാത്രമല്ല, മേയറുടെ ഓഫീസും ഈ ചർച്ചകളെക്കുറിച്ച് കൂടുതൽ വിശദാംസങ്ങൾ നൽകിയിട്ടില്ല.

നിലവിൽ ബ്രിട്ടീഷ് കിരീടത്തിന്റെ ഭാഗമായ കോഹിനൂർ വജ്രം തിരികെ ലഭിക്കണമെന്ന ആവശ്യം ഇന്ത്യ വർഷങ്ങളായി ഉന്നയിക്കുന്നുണ്ട്. എന്നാൽ, പത്തൊൻപതാം നൂറ്റാണ്ടിലെ ഉടമ്പടി പ്രകാരം തങ്ങൾക്കാണ് ഇതിന്റെ നിയമപരമായ അവകാശമെന്ന നിലപാടിലാണ് ബ്രിട്ടൻ ഇപ്പോഴും തുടരുന്നത്. ഇന്ത്യയിൽനിന്നുള്ള 105.6 കാരറ്റ് വജ്രമായ കോഹിനൂർ വിവിധ രാജവംശങ്ങളിലൂടെ കടന്നുപോയ ശേഷമാണ് 1849-ൽ ലാഹോർ ഉടമ്പടി വഴി ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി പിടിച്ചെടുത്തത്. വജ്രം സിഖ് രാജാവിൽനിന്ന് ഭീഷണിപ്പെടുത്തി വാങ്ങിയതാണ് എന്നാണ് ഇന്ത്യ വാദിക്കുന്നത്.

TAGS :

Next Story