Quantcast

പ്രിയം ആൺകുഞ്ഞിനോട്; യുകെയിൽ പെൺ ഭ്രൂണഹത്യ നടത്തുന്ന ഇന്ത്യക്കാരുടെ എണ്ണത്തിൽ വൻ വർധനയെന്ന് റിപ്പോർട്ട്

2021-2025 കാലയളവിൽ 118 ആൺകുട്ടികൾക്ക് 100 പെൺകുട്ടികൾ എന്നതാണ് ബ്രിട്ടനിൽ ഇന്ത്യൻ അമ്മമാർക്ക് ജനിച്ച കുട്ടികളുടെ അനുപാതം.

MediaOne Logo

ഷിയാസ് ബിന്‍ ഫരീദ്

  • Updated:

    2026-01-23 15:34:01.0

Published:

23 Jan 2026 9:03 PM IST

Rise in female foeticide of Indians in UK
X

ലണ്ടൻ: ബ്രിട്ടനിൽ പെൺ ഭ്രൂണഹത്യ നടത്തുന്ന ഇന്ത്യക്കാരുടെ എണ്ണം വർധിക്കുന്നതായി റിപ്പോർട്ട്. 2021 മുതൽ 2025 വരെയുള്ള കാലയളവിൽ നൂറുകണക്കിന് പെൺ ഭ്രൂണഹത്യകളാണ് നടന്നതെന്ന് യുകെയിലെ 'ഡെയ്‌ലി മെയിൽ' നടത്തിയ അന്വേഷണത്തിൽ വ്യക്തമായി. ആൺകുട്ടികളോടുള്ള പ്രിയം കാരണമാണ് ഈ ക്രൂരതയെന്നും റിപ്പോർട്ടിൽ പറയുന്നു.

2021-2025 കാലയളവിൽ 118 ആൺകുട്ടികൾക്ക് 100 പെൺകുട്ടികൾ എന്നതാണ് ബ്രിട്ടനിൽ ഇന്ത്യൻ അമ്മമാർക്ക് ജനിച്ച കുട്ടികളുടെ അനുപാതം. ഇത് ലിം​ഗാടിസ്ഥാനത്തിലുള്ള ​ഗർഭഛിദ്രങ്ങളുടെ തോത് തെളിയിക്കുന്നതാണെന്ന് വിദ​ഗ്ധർ പറയുന്നു. ഇന്ത്യൻ അമ്മമാർ തങ്ങളുടെ പെൺകുഞ്ഞുങ്ങളെ ഗർഭാവസ്ഥയിൽ തന്നെ ഇല്ലായ്മ ചെയ്യാൻ നിർബന്ധിതരാക്കപ്പെടുന്നുവെന്ന ആശങ്ക ഉയർത്തുന്നതാണ് ഈ കണക്കെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

100 പെൺകുട്ടികൾക്ക് 105 ആൺകുട്ടികൾ എന്നതാണ് ബ്രിട്ടനിലെ ദേശീയ ശരാശരി. 100 സ്ത്രീകൾക്ക് 107 പുരുഷന്മാർ എന്നതാണ് ബ്രിട്ടീഷ് സർക്കാർ അംഗീകരിച്ച ഉയർന്ന പരിധി. എന്നാൽ റിപ്പോർട്ടിൽ വ്യക്തമാക്കുന്നതനുസരിച്ച്, ഇന്ത്യൻ വംശജരിൽ 100 ​​പെൺകുട്ടികൾക്ക് 118 ആൺകുട്ടികൾ എന്ന നിലവിലെ അനുപാതം ശരാശരിയേക്കാൾ വളരെ കൂടുതലാണ്.

2021-22 വർഷത്തിൽ ഇന്ത്യക്കാർക്ക് ജനിക്കുന്ന മൂന്നാമത്തെ കുട്ടിയുടെ ജനന അനുപാതം 100 പെൺകുട്ടികൾക്ക് 114 ആൺകുട്ടികൾ എന്നതായിരുന്നു. തൊട്ടടുത്ത വർഷം ഇത് അൽപം കുറഞ്ഞ് 109:100 ആയി. എന്നാൽ, 2023-24 ൽ 118:100 എന്ന നിലയിലേക്ക് ക്രമാധീതമായ വർധന ഉണ്ടായതായും 2024-25ലും ഈ അനുപാതം അതേപടി തുടരുന്നതായും ഡെയ്ലി മെയിൽ റിപ്പോർട്ട് പറയുന്നു.

പെൺ ഭ്രൂണഹത്യ നടത്താൻ സ്ത്രീകളെ കുടുംബക്കാർ നിർബന്ധിക്കുന്ന പ്രവണത കൂടിവരികയാണെന്ന് വിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നു. അതേസമയം, ചില സ്ത്രീകൾ ആൺകുട്ടികൾക്ക് ജന്മം നൽകിയാൽ കുടുംബത്തിലും സമൂഹത്തിലും കൂടുതൽ വിലയുണ്ടാകുമെന്ന് വിശ്വസിക്കാൻ നിർബന്ധിതരാകുന്നുവെന്ന് ഗാർഹിക പീഡനത്തിനെതിരായ സംഘടനയായ ജീന ഇന്റർനാഷണൽ സ്ഥാപകയായ റാണി ബിൽകു പറഞ്ഞു.

മൂന്നാമത് ആൺകുട്ടി വേണമെന്നാണ് കൂടുതൽ പേരും ആ​ഗ്രഹിക്കുന്നതെന്ന് റിപ്പോർട്ട് പറയുന്നു. അതിനാൽ തന്നെ, രണ്ട് പെൺമക്കളുള്ള ഇന്ത്യൻ മാതാപിതാക്കൾ മൂന്നാമത്തെ പെൺകുഞ്ഞിനെ ഗർഭഛിദ്രം ചെയ്യുന്നു എന്ന ഞെട്ടിക്കുന്ന വിവരവും റിപ്പോർട്ടിലുണ്ട്. യുകെ ആരോ​ഗ്യമന്ത്രാലയത്തിന്റെ കണക്ക് പ്രകാരം, 2017 മുതൽ 2021 വരെയുള്ള കാലയളവിൽ ഇന്ത്യക്കാരുടെ മൂന്നാമത്തെ കുട്ടിയുടെ ശരാശരി ജനന അനുപാതം 113 ആൺകുട്ടികൾക്ക് 100 പെൺകുട്ടികൾ എന്നതാണ്.

2017 മുതൽ 2021 വരെയുള്ള കാലയളവിൽ യുകെയിലെ ആരോഗ്യവകുപ്പ് നടത്തിയ പഠനം അനുസരിച്ച്, ഇന്ത്യക്കാരുടെ മൂന്നാമത്തെ കുഞ്ഞിന്റെ ശരാശരി ജനന നിരക്ക് 100 പെൺകുട്ടികൾക്ക് 113 ആൺകുട്ടികളാണ്. പെൺകുഞ്ഞുങ്ങളെ ഗർഭഛിദ്രം ചെയ്യുന്നതിന്റെ കാര്യത്തിൽ, 113:100 എന്ന ഈ അനുപാതം 400 ഗർഭഛിദ്രങ്ങൾക്ക് തുല്യമാണെന്ന് റിപ്പോർട്ട് പറയുന്നു.

ഇംഗ്ലണ്ട്, വെയിൽസ്, സ്കോട്ട്ലൻഡ് എന്നിവിടങ്ങളിൽ ലിംഗഭേദം ഗർഭഛിദ്രത്തിന് നിയമപരമായ കാരണമല്ലെന്ന് യുകെ ആരോഗ്യ വകുപ്പിന്റെ മാർ​ഗനിർദശത്തിൽ പറയുന്നു. 1967ലെ ഗർഭഛിദ്ര നിയമപ്രകാരം, ജനിച്ചാൽ കുഞ്ഞിന് ​ഗുരുതര അപകടസാധ്യത ഉണ്ടെന്നും ഗർഭം 24ാം ആഴ്ച പിന്നിട്ടിട്ടില്ലെന്ന് വ്യക്തമാവുകയും ചെയ്താൽ രണ്ട് രജിസ്റ്റേഡ് ഡോക്ടർമാർക്ക് ഗർഭഛിദ്രം നടത്താം. ഗുരുതര ശാരീരിക- മാനസിക അസാധാരണത്വങ്ങളും ഈ അപകടസാധ്യതകളിൽ ഉൾപ്പെടുന്നു.

TAGS :

Next Story