ഗസ്സയിൽ ആക്രമണം ശക്തമാക്കി ഇസ്രായേൽ; ഇന്നലെ മാത്രം കൊല്ലപ്പെട്ടത് 53 പേര്‍
കരയുദ്ധം ആരംഭിക്കുന്നതോടെ ബന്ദികളുടെ ജീവൻ അപകടത്തിലാകുമെന്ന വിലയിരുത്തലിലാണ് ഇസ്രായേൽ സുരക്ഷാ മന്ത്രിസഭായോഗം

തെൽ അവിവ്: ഗസ്സ സിറ്റിയിൽ ആക്രമണം ശക്തമാക്കി ഇസ്രായേൽ. കൂടുതൽ കെട്ടിടങ്ങൾ തകർത്തും ആയിരങ്ങളെ പുറന്തള്ളിയും ഇസ്രായേൽ ക്രൂരത തുടരുന്നു. ഇന്നലെ മാത്രം 53 പേരാണ് ഗസ്സയിൽ കൊല്ലപ്പെട്ടത്. കരയുദ്ധം ആരംഭിക്കുന്നതോടെ ബന്ദികളുടെ ജീവൻ അപകടത്തിലാകുമെന്ന വിലയിരുത്തലിലാണ് ഇസ്രായേൽ സുരക്ഷാ മന്ത്രിസഭായോഗം. അതേസമയം യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോ ഇസ്രായേലിലെത്തി.
കൊടും ക്രൂരത തുടരുന്ന ഗസ്സയിൽ ഇസ്രായേൽ ആക്രമണങ്ങളിൽ ഞായറാഴ്ച പകൽ മാത്രം കൊല്ലപ്പെട്ടത് 53 പേരാണ്. ഗസ്സ സിറ്റിയിലാണ് ഏറ്റവും ഭീതിതമായ ആക്രമണം തുടരുന്നത്. ഇവിടെ നിരവധി കെട്ടിടങ്ങൾ തകർക്കുന്ന നടപടിയിലാണ് ഇസ്രായേൽ.ബഹുനില കെട്ടിടങ്ങൾ ഉൾപ്പടെ 16 താമസ കേന്ദ്രങ്ങളാണ് ഇന്നലെ മത്രം ബോംബിട്ട് തകർത്തത്. ലക്ഷങ്ങൾ ഇപ്പോഴേ തിങ്ങിക്കഴിയുന്ന മവാസിയിലേക്കുള്ള ഫലസ്തീനികളുടെ കൂട്ട പലായനം തുടരുകയാണ്. ഇസ്രയേലിന്റെ ഗസ്സ പദ്ധതി ചർച്ചചെയ്യാൻ യുഎസ് സ്റ്റേറ്റ് സക്രട്ടറി മാര്‍കോ റൂബിയ തെൽ അവീവിൽ എത്തി. ഇന്നലെ പ്രധാനമന്ത്രി നെതന്യാഹുവിനൊപ്പം ജറൂസലമിലെ വെസ്റ്റേൺ മതിലിൽ നടന്ന പ്രാർഥനാ ചടങ്ങിലും മാർകോ റൂബിയോ സംബന്ധിച്ചു.
ഗസ്സ സിറ്റിയിൽ കരയാക്രമണം ആരംഭിക്കുന്നതു സംബന്ധിച്ച് ഇസ്രയേൽ സുരക്ഷാ മന്ത്രിസഭ ഇന്നലെ ചർച്ച ചെയ്തു. ആക്രമണം ചിലപ്പോൾ കൂടുതൽ മാസങ്ങൾ നീണ്ടേക്കുമെന്നും ബന്ദികളുടെ ജീവൻ അപകടത്തിലാകുമെന്നും യോഗം വിലയിരുത്തിയതായി ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വെസ്റ്റ് ബാങ്കിലും ഇസ്രായേൽ ഭീകരത തുടരുകയാണ്. ഫലസ്തീനി ഓസ്കർ ജേതാവായ ബാസിൽ അദ്റയുടെ വീട്ടിൽ ഇസ്രായേൽ സേന റെയ്ഡ് നടത്തി. അതിനിടെ ഖത്തറിൽ നടന്ന ആക്രമണത്തോടെ ഇസ്രായേലുമായി സൗഹൃദത്തിലുള്ള അറബ് രാജ്യങ്ങൾ നിലപാട് കടുപ്പിച്ചത് ഇസ്രയേലിന് വൻതിരിച്ചടിയായി. ഏതാനും അറബ് രാജ്യങ്ങളുമായി രൂപപ്പെടുത്തിയ പാലം തകരാതെ നോക്കാമെന്ന് പ്രസിഡന്‍റ് ഐസക് ഹെർസോഗ് പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
Adjust Story Font
16

