Quantcast

അഫ്ഗാനിസ്താനിലെ താലിബാൻ ഭരണകൂടത്തെ അംഗീകരിക്കുന്ന ആദ്യ രാജ്യമായി റഷ്യ

റഷ്യയുടെത് ധീരമായ തീരുമാനമെന്ന് അഫ്ഗാനിസ്ഥാൻ വിദേശകാര്യ മന്ത്രി ആമിർ ഖാൻ മുത്തഖി

MediaOne Logo

Web Desk

  • Updated:

    2025-07-04 07:30:52.0

Published:

4 July 2025 11:53 AM IST

അഫ്ഗാനിസ്താനിലെ താലിബാൻ ഭരണകൂടത്തെ അംഗീകരിക്കുന്ന ആദ്യ രാജ്യമായി റഷ്യ
X

റഷ്യൻ അംബാസഡർ ദിമിത്രി ഷിർനോവും അഫ്ഗാനിസ്താന്‍ വിദേശകാര്യ മന്ത്രി ആമിര്‍ ഖാൻ മുത്തഖിയും

കാബൂള്‍: അഫ്ഗാനിസ്താനിലെ താലിബാൻ സർക്കാരിനെ അംഗീകരിക്കുന്ന ആദ്യ രാജ്യമായി റഷ്യ. ധീരമായ തീരുമാനം എന്നാണ് അഫ്ഗാനിസ്താന്‍ വിദേശകാര്യ മന്ത്രി ആമിർ ഖാൻ മുത്തഖി വിശേഷിപ്പിച്ചത്.

അഫ്ഗാനിസ്താനിലെ റഷ്യൻ അംബാസഡർ ദിമിത്രി ഷിർനോവുമായി അദ്ദേഹം വ്യാഴാഴ്ച കാബൂളിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിലാണ് അഫ്ഗാനിസ്ഥാനിലെ ഇസ്ലാമിക് എമിറേറ്റിനെ അംഗീകരിക്കാനുള്ള തന്റെ സർക്കാരിന്റെ തീരുമാനം ഷിർനോവ് ഔദ്യോഗികമായി അറിയിക്കുന്നത്.

പരസ്പര ബഹുമാനത്തിലൂടെയും മികച്ച ഇടപെടലിലൂടെയും പുലര്‍ന്ന പോസിറ്റീവ് ആയൊരു തുടക്കമാണിതെന്നും മറ്റ് രാജ്യങ്ങൾക്കും ബന്ധം മാതൃകയായിരിക്കുമെന്നും അഫ്ഗാനിസ്താന്‍ വിദേശകാര്യ മന്ത്രി ആമിർ ഖാൻ മുത്തഖി പറഞ്ഞു. താലിബാന്‍ സര്‍ക്കാരിനെ റഷ്യ അംഗീകരിച്ചതായി റഷ്യന്‍ വിദേശകാര്യ മന്ത്രാലയവും പിന്നീട് സ്ഥിരീകരിച്ചു.

അതേസമയം അഫ്ഗാനിസ്താനുമായുള്ള ബന്ധം വിവിധ മേഖലകളിൽ സഹകരണം വികസിപ്പിക്കുന്നതിന് പ്രചോദനം നൽകുമെന്ന് റഷ്യയും വ്യക്തമാക്കി. 2021 ഓഗസ്റ്റിൽ അധികാരത്തിൽ തിരിച്ചെത്തിയതുമുതൽ താലിബാൻ അന്താരാഷ്ട്ര അംഗീകാരങ്ങള്‍ക്കായി ശ്രമിക്കുന്നുണ്ട്. താലിബാന്‍ അധികാരത്തിലേറിയിട്ടും അഫ്ഗാനിസ്താനിലെ എംബസികള്‍ അടച്ചുപൂട്ടാതിരുന്ന ചുരുക്കം ചില രാജ്യങ്ങളിലൊന്നായിരുന്നു റഷ്യ.

2022 ലും 2024 ലും സെന്റ് പീറ്റേഴ്‌സ്ബർഗിൽ നടന്ന റഷ്യയുടെ പ്രധാന സാമ്പത്തിക ഫോറത്തിൽ താലിബാൻ പ്രതിനിധി സംഘം പങ്കെടുത്തിരുന്നു. സംഘത്തിലെ ഉന്നത നയതന്ത്രജ്ഞൻ കഴിഞ്ഞ ഒക്ടോബറിൽ മോസ്കോയിൽ റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവിനെ കണ്ടിരുന്നു. 2024 ജൂലൈയിൽ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ താലിബാനെ ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിലെ സഖ്യകക്ഷി എന്ന് വിശേഷിപ്പിക്കുകയും ചെയ്തിരുന്നു.

അതേ വര്‍ഷം ഏപ്രിലില്‍ താലിബാനെ റഷ്യയിലെ സുപ്രിംകോടതി 'തീവ്രവാദ സംഘടനകളുടെ പട്ടികയില്‍ നിന്നും നീക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് അഫ്ഗാനിസ്താനിലെ താലിബാൻ സർക്കാരിനെ റഷ്യ അംഗീകരിക്കുന്നത്.

TAGS :

Next Story