ഇസ്രയേലിനുള്ള യുഎസ് സഹായം മിഡിൽ ഈസ്റ്റിനെ അസ്ഥിരപ്പെടുത്തുമെന്ന് റഷ്യ
ഇസ്രായേൽ-ഇറാൻ പ്രതിസന്ധിയെക്കുറിച്ച് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ യുഎഇ പ്രസിഡന്റ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി ഫോണിൽ സംസാരിച്ചു

ടെഹ്‌റാൻ: ഇസ്രയേലിനുള്ള യുഎസ് സഹായം മിഡിൽ ഈസ്റ്റിനെ അസ്ഥിരപ്പെടുത്തുമെന്ന് റഷ്യൻ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി സെർജി റിയാബ്കോവ് മുന്നറിയിപ്പ് നൽകി. ഇറാനും ഇസ്രായേലും തമ്മിൽ ആറ് ദിവസമായി വ്യോമയുദ്ധം തുടരുന്ന സാഹചര്യത്തിലാണ് റഷ്യയുടെ പ്രതികരണം. ഇസ്രായേലിന് സഹായം നൽകുന്നതും അത് പരിഗണിക്കുന്നതിനുമെതിരെ റഷ്യ യുഎസിന് മുന്നറിയിപ്പ് നൽകുന്നുണ്ടെന്ന് റിയാബ്കോവ് പറഞ്ഞതായി ഇന്റർഫാക്സ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. മോസ്കോ ഇസ്രായേലുമായും ഇറാനുമായും ബന്ധപ്പെട്ടിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഇസ്രായേൽ-ഇറാൻ പ്രതിസന്ധിയെക്കുറിച്ച് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ യുഎഇ പ്രസിഡന്റ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി ഫോണിൽ സംസാരിച്ചു. ഇരു നേതാക്കളും 'അഗാധമായ ആശങ്ക' പ്രകടിപ്പിച്ചതായി റഷ്യയുടെ സർക്കാർ വാർത്താ ഏജൻസിയായ ടാസ് റിപ്പോർട്ട് ചെയ്തു. പ്രതിസന്ധിയിൽ മധ്യസ്ഥത വഹിക്കാൻ റഷ്യയുടെ സന്നദ്ധത പുടിൻ ആവർത്തിച്ചു. മറ്റ് പ്രാദേശിക നേതാക്കളുമായുള്ള തന്റെ സംഭാഷണങ്ങളെക്കുറിച്ചും യുഎഇയെ അറിയിച്ചതായി ടാസ് റിപ്പോർട്ട് ചെയ്തു.
അതേസമയം, അതിർത്തി കടന്ന് രാജ്യത്ത് പ്രവേശിച്ച് ആക്രമണം നടത്തുന്നത് തടയാൻ ഇറാൻ അയൽരാജ്യങ്ങളോട് അഭ്യർഥിച്ചു. അയൽ രാജ്യങ്ങൾ തങ്ങളുടെ പ്രദേശത്ത് നിന്ന് ഇറാനിലേക്കുള്ള നുഴഞ്ഞുകയറ്റം തടയാൻ നടപടിയെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഇറാന്റെ കമാൻഡറെ ഉദ്ധരിച്ച് തസ്നിം വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. അതിർത്തി പൊലീസും സൈന്യവും ഐആർജിസിയും അതിർത്തി നീക്കങ്ങൾ നിരീക്ഷിച്ചുവരികയാണെന്നും റിപ്പോർട്ട് കൂട്ടിച്ചേർത്തു. കഴിഞ്ഞയാഴ്ച ഇറാനെതിരായ ആദ്യ ആക്രമണത്തിനിടെ ഇറാനിയൻ പ്രദേശത്തിനുള്ളിൽ നിന്ന് ഇസ്രായേൽ രഹസ്യാന്വേഷണ ഏജന്റുമാരാണ് ഡ്രോൺ, കാർ ബോംബ് ആക്രമണങ്ങൾ നടത്തിയതെന്ന് ഇസ്രായേൽ വെളിപ്പെടുത്തിയ പശ്ചാത്തലത്തിലാണ് ഇറാന്റെ പുതിയ നീക്കം.
Adjust Story Font
16

