പിസ്സ ഓർഡർ ചെയ്ത് 'ഹിറ്റ്‌ലർ': പണി ചോദിച്ചു വാങ്ങി വിദ്യാർത്ഥി
പതിനെട്ടുകാരന് അഞ്ച് ദിവസം തടവ് ശിക്ഷ വിധിച്ചിരിക്കുകയാണ് റഷ്യൻ നിയമ സംവിധാനം

മോസ്കോ: വിശപ്പടക്കാൻ പിസ്സ ഓർഡർ ചെയ്തപ്പോൾ പേരിന്റെ സ്ഥാനത്ത് 'അഡോൾഫ് ഹിറ്റ്‌ലർ' എന്ന് എഴുതിയാൽ എന്ത് സംഭവിക്കും? റഷ്യയിലാണെങ്കിൽ നേരെ ജയിലിൽ കിടക്കാം! നിഷ്നി ടാഗിൽ നഗരത്തിലെ ഒരു റെസ്റ്റോറന്റിൽ നിന്ന് പിസ്സ ഓർഡർ ചെയ്യാൻ ഈ കളി കളിച്ച തിമോഫെ വാഖോനിൻ എന്ന 18-കാരൻ വിദ്യാർത്ഥിക്കാണ് ഇപ്പോൾ അഞ്ച് ദിവസത്തെ തടവ് ശിക്ഷ ലഭിച്ചിരിക്കുന്നത്. റഷ്യൻ നിയമപ്രകാരം നാസി ചിഹ്നങ്ങളും പേരുകളും ഉപയോഗിക്കുന്നത് കടുത്ത ശിക്ഷാർഹമാണെന്ന വിവരം പോലും ഓർക്കാതെയാണ് പുള്ളിക്കാരൻ പണി ചോദിച്ചു വാങ്ങിയത്.
സംഭവത്തെത്തുടർന്ന് കോളേജിൽ നിന്നാണ് വിദ്യാർത്ഥിയെ കസ്റ്റഡിയിലെടുക്കുന്നത്. തുടർന്ന് മാപ്പു പറഞ്ഞെങ്കിലും കോടതി നടപടികൾക്ക് ശേഷം ഇപ്പോഴിതാ തന്റെ കോളേജിൽ നിന്നും പുറത്താക്കൽ നടപടിയും നേരിടേണ്ടി വന്നേക്കാമെന്ന അവസ്ഥയിലാണ്. യുണൈറ്റഡ് റഷ്യ പാർട്ടിയുടെ സ്വെർഡ്ലോവ്സ്ക് റീജിയണൽ ലെജിസ്ലേറ്റീവ് അസംബ്ലി അംഗമായ അലക്സി സ്വലോവ് ആണ് സംഭവം ആദ്യം പെലീസിൽ റിപ്പോർട്ട് ചെയ്യുന്നത്. സംഭവമുണ്ടാകുന്നത് സൈനിക ഓപ്പറേഷനിൽ പങ്കെടുത്ത എന്റെ ഒരു സുഹൃത്തായ മുൻ സൈനികന്റെ മുന്നിൽ വെച്ചാണെന്നും, ഓർഡർ ചെയ്ത ഉടനെ അവനെ അടിക്കുന്നതിൽ നിന്ന് എന്റെ സുഹൃത്ത് സ്വയം പിന്മാറിയതാണെന്നും സ്വലോവ് വ്യക്തമാക്കുന്നു.
വിദ്യാർത്ഥി തന്റെ ഡെസ്‌കിലും നിരോധിത ചിഹ്നങ്ങൾ വരച്ചിരുന്നതായും ആ ചിത്രമെടുത്ത് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നതായും അന്വഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, ഈ ചിഹ്നങ്ങളുടെ അർഥം തനിക്ക് അറിയില്ലെന്നും സംഭവത്തിന്റെ ഗൗരവം അറിയാത്തതുകൊണ്ട് സംഭവിച്ചതാണെന്നും ഇനി ആവർത്തിക്കില്ലെന്നും വിദ്യാർത്ഥി കൂട്ടിച്ചേർത്തു.
Adjust Story Font
16

