Quantcast

സാൻ ഡിയാഗോ ഇസ്‌ലാമിക് സെൻ്ററിൽ വെടിവെപ്പ്; അക്രമികൾ ഉൾപ്പെടെ അഞ്ച് പേർ കൊല്ലപ്പെട്ടു

17ഉം 19ഉം വയസുള്ള രണ്ടു പേരാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്

MediaOne Logo
സാൻ ഡിയാഗോ ഇസ്‌ലാമിക് സെൻ്ററിൽ വെടിവെപ്പ്; അക്രമികൾ ഉൾപ്പെടെ അഞ്ച് പേർ കൊല്ലപ്പെട്ടു
X

സാൻ ഡിയാഗോ: അമേരിക്കയിലെ സാൻ ഡിയാഗോയിലുള്ള ഇസ്‌ലാമിക് സെൻ്ററിലുണ്ടായ വെടിവെപ്പിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. ആക്രമണം നടത്തിയെന്ന് സംശയിക്കുന്ന രണ്ട് കൗമാരക്കാരും മരിച്ചവരിൽ ഉൾപ്പെടുന്നു. തിങ്കളാഴ്ച (മെയ് 18) ഉച്ചയ്ക്ക് പ്രാർഥനയ്ക്ക് തൊട്ടുമുൻപാണ് സാൻ ഡിയാഗോയിലെ ക്ലെയർമോണ്ട് മേഖലയിലുള്ള പള്ളിയിൽ ദാരുണമായ ഈ സംഭവം അരങ്ങേറിയത്. ഒരു സുരക്ഷാ ജീവനക്കാരനും പള്ളിയോടനുബന്ധിച്ച് പ്രവർത്തിക്കുന്ന ഇസ്‌ലാമിക് സ്കൂളിലെ രണ്ട് ജീവനക്കാരും കൊല്ലപ്പെട്ടു.

ഇതൊരു വിദ്വേഷക്കൊലയായി കണക്കാക്കിയാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നതെന്ന് സാൻ ഡിയാഗോഗോ പൊലീസ് ചീഫ് സ്കോട്ട് വാൾ വ്യക്തമാക്കി. അക്രമികളിൽ ഒരാൾ എഴുതിയതെന്ന് കരുതപ്പെടുന്ന ആത്മഹത്യാക്കുറിപ്പിൽ വംശീയമായ പരാമർശങ്ങൾ ഉണ്ടായിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി. കൂടാതെ, ആക്രമണത്തിന് ഉപയോഗിച്ച തോക്കുകളിൽ ഒന്നിൽ വിദ്വേഷ വാചകങ്ങൾ എഴുതിയിരുന്നതായും വിവരമുണ്ട്. പ്രാദേശിക പൊലീസിനൊപ്പം അമേരിക്കൻ അന്വേഷണ ഏജൻസിയായ എഫ്ബിഐയും സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

17ഉം 19ഉം വയസുള്ള രണ്ടു പേരാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. പള്ളിക്ക് പുറത്തുവെച്ച് വെടിയുതിർത്ത ശേഷം വാഹനത്തിൽ കടന്നുകളഞ്ഞ ഇവരെ പിന്നീട് രണ്ട് ബ്ലോക്കുകൾക്കപ്പുറം കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇവർ സ്വയം വെടിയുതിർത്ത് ജീവനൊടുക്കിയതാണെന്നാണ് പൊലീസിൻ്റെ നിഗമനം. ആക്രമണം നടക്കുന്നതിന് രണ്ട് മണിക്കൂർ മുൻപ് അക്രമികളിൽ ഒരാളുടെ അമ്മ പൊലീസിനെ വിളിച്ച് തൻ്റെ മകനെ കാണാനില്ലെന്നും, വീട്ടിൽ നിന്ന് തോക്കുകളും കാറും കാണാതായെന്നും അറിയിച്ചിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് പള്ളിയിൽ നിന്നുള്ള അടിയന്തര സന്ദേശം ലഭിച്ചത്.

പള്ളിയിലെ സുരക്ഷാ ജീവനക്കാരൻ്റെ സമയോചിതമായ ഇടപെടൽ മൂലമാണ് കൂടുതൽ പേർക്ക് അപകടം സംഭവിക്കാതിരുന്നതെന്ന് അധികൃതർ വ്യക്തമാക്കി. തൻ്റെ ജീവൻ ബലിയർപ്പിച്ചുകൊണ്ട് അദ്ദേഹം കൂടുതൽ ജീവനുകൾ രക്ഷിച്ചുവെന്നും ഈ പ്രവൃത്തി തികച്ചും വീരോചിതമാണെന്നും പൊലീസ് മേധാവി കൂട്ടിച്ചേർത്തു. പള്ളിയുടെ കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന സ്കൂളിലെ വിദ്യാർഥികളെല്ലാം പൂർണമായും സുരക്ഷിതരാണെന്നും കുട്ടികൾക്ക് യാതൊരുവിധ പരിക്കുകളും ഏറ്റിട്ടില്ലെന്നും അധികൃതർ സ്ഥിരീകരിച്ചു.

നഗരത്തിൽ വിദ്വേഷത്തിന് യാതൊരു സ്ഥാനവുമില്ലെന്ന് സാൻ ഡീഗോ മേയർ ടോഡ് ഗ്ലോറിയ പറഞ്ഞു. 'ഈ നഗരത്തിൽ നിങ്ങൾക്ക് പൂർണ സുരക്ഷിതരാണെന്ന തോന്നൽ ഉണ്ടാകാൻ സാധ്യമായതെല്ലാം ഞങ്ങൾ ചെയ്യുമെന്ന് മുസ്‌ലിം സമൂഹത്തിന് ഞാൻ ഉറപ്പുനൽകുന്നു. ഈ പ്രതിസന്ധി ഘട്ടത്തിൽ നമ്മുടെ മതസ്ഥാപനങ്ങളും ആരാധനാലയങ്ങളും സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ലഭ്യമായ എല്ലാ സംവിധാനങ്ങളും ഉപയോഗിക്കും,' അദ്ദേഹം വ്യക്തമാക്കി.

ആക്രമണത്തെ തുടർന്ന് നൂറുകണക്കിന് പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പ്രദേശത്തിൻ്റെ നിയന്ത്രണം ഏറ്റെടുത്തു. ജനങ്ങളോട് സുരക്ഷിത സ്ഥാനങ്ങളിൽ തുടരാൻ നിർദേശം നൽകിയ പൊലീസ്, സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ നൽകാൻ കഴിയുന്നവർക്കായി പ്രത്യേക ഹെൽപ്പ് ലൈനും ആരംഭിച്ചിട്ടുണ്ട്. സാൻ ഡിയാഗോ കൗണ്ടിയിലെ തന്നെ ഏറ്റവും വലിയ മുസ്‌ലിം പള്ളികളിൽ ഒന്നാണ് ആക്രമണത്തിന് ഇരയായ ഇസ്‌ലാമിക് സെൻ്റർ.

TAGS :

Next Story