Quantcast

'ഇറാനെ താങ്ങിനിർത്തുന്നത് ചൈന'; കപ്പൽ പിടിച്ചെടുത്ത സംഭവത്തിൽ പ്രതികരണവുമായി റിപ്പബ്ലിക്കൻ നേതാവ് നിക്കി ഹേലി

ഹോർമുസ് കടലിടുക്കിന് സമീപമാണ് ഇറാനിയൻ ചരക്കുകപ്പല്‍, യുഎസ് നാവികസേന പിടിച്ചെടുത്തത്

MediaOne Logo

റിഷാദ് അലി

  • Updated:

    2026-04-21 05:23:24.0

Published:

21 April 2026 10:03 AM IST

ഇറാനെ താങ്ങിനിർത്തുന്നത് ചൈന; കപ്പൽ പിടിച്ചെടുത്ത സംഭവത്തിൽ പ്രതികരണവുമായി റിപ്പബ്ലിക്കൻ നേതാവ് നിക്കി ഹേലി
X

വാഷിംഗ്ടൺ: നാവിക ഉപരോധം ഏർപ്പെടുത്തിയതിന് പിന്നാലെ അമേരിക്ക പിടിച്ചെടുത്ത ഇറാന്‍ കപ്പലിന്റെ ചൈന ബന്ധം സംശയിച്ച് റിപ്പബ്ലിക്കൻ നേതാവ് നിക്കി ഹേലി. ചൈനയിൽ നിന്ന് ഇറാനിലേക്ക് മിസൈൽ നിർമ്മാണത്തിനാവശ്യമായ രാസവസ്തുക്കളുമായി പോയ കപ്പലാണ് പിടിച്ചെടുത്തതെന്ന് അവർ അവകാശപ്പെട്ടു. എക്സിലൂടെയാണ് ഹേലി ഇക്കാര്യം പറയുന്നത്.

ഹോർമുസ് കടലിടുക്കിൽ വെച്ച് പിടിച്ചെടുത്ത കപ്പൽ ചൈനയിൽ നിന്നുള്ളതാണെന്നും നിരവധി തവണ മുന്നറിയിപ്പ് നൽകിയിട്ടും നിർത്താൻ തയ്യാറാകാത്തതിനെ തുടർന്നാണ് നടപടിയെടുത്തതെന്നും ഐക്യരാഷ്ട്ര സംഘടനയിലെ യുഎസ് മുൻ അംബാസഡർ കൂടിയായ നിക്കി ഹേലി പറയുന്നു.

"ഈ വാരാന്ത്യത്തിൽ ഹോർമുസ് കടലിടുക്കിൽ വെച്ച് യുഎസ് പിടിച്ചെടുത്ത കപ്പൽ, ചൈനയിൽ നിന്ന് ഇറാനിലേക്ക് പോവുകയായിരുന്നു. മിസൈലുകൾക്ക് ആവശ്യമായ രാസവസ്തുക്കളാണ് ഇതിലുണ്ടായിരുന്നത്. നിർത്താനുള്ള ആവർത്തിച്ചുള്ള ഉത്തരവുകൾ കപ്പൽ നിരസിച്ചു. ഇറാനെ ചൈന സൈനികമായി സഹായിക്കുന്നു എന്ന യാഥാർത്ഥ്യം ഇനി അവഗണിക്കാൻ കഴിയില്ല. ഇറാന്റെ ഭരണകൂടത്തെ താങ്ങിനിർത്താൻ ചൈന ശ്രമിക്കുന്നു എന്നതിന്റെ മറ്റൊരു തെളിവാണിത്'- ഹേലി പറഞ്ഞു.

അതേസമയം കപ്പല്‍ പിടികൂടിയതുമായി ബന്ധപ്പെട്ട് വൈറ്റ് ഹൗസോ പെന്റഗണോ ഔദ്യോഗികമായി കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഹോർമുസ് കടലിടുക്കിന് സമീപമാണ് ഇറാനിയൻ ചരക്കുകപ്പല്‍, യുഎസ് നാവികസേന പിടിച്ചെടുത്തത്. കപ്പലിന്റെ എഞ്ചിൻ റൂമിലേക്ക് വെടിയുതിർത്ത ശേഷം യുഎസ് മറീനുകൾ കപ്പൽ നിയന്ത്രണത്തിലാക്കുകയായിരുന്നു. സായുധ കടൽക്കൊള്ള എന്നാണ് സംഭവത്തെ ഇറാന്‍ വിശേഷിപ്പിച്ചത്. ശക്തമായ തിരിച്ചടി നൽകുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു. ഇതോടെ ഇസ്ലാമാബാദിൽ നടക്കാനിരുന്ന രണ്ടാം വട്ട സമാധാന ചർച്ചകൾ അനിശ്ചിതത്വത്തിലായിരിക്കുകയാണ്. ഉപരോധം പിൻവലിക്കാതെ ചർച്ചയ്ക്കില്ലെന്നാണ് ഇറാന്റെ കടുത്ത നിലപാട്.

എന്നാല്‍ ഉപരോധം പിൻവലിക്കില്ലെന്നും ചർച്ചകളിൽ കരാര്‍ ഉണ്ടായാൽ മാത്രമെ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തൂ എന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി.

TAGS :

Next Story