വാഷിങ്ടൺ പോസ്റ്റിൽ കൂട്ടപ്പിരിച്ചുവിടൽ: ജോലി നഷ്ടമായെന്ന് ശശി തരൂരിന്റെ മകൻ ഇഷാൻ
വാഷിങ്ടണ്‍ പോസ്റ്റ് കമ്പനിയിലെ 30 ശതമാനം ജീവനക്കാരെ പിരിച്ചുവിട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍

- Updated:
2026-02-05 03:14:23.0

ന്യൂയോര്‍ക്ക്: അമേരിക്കയിലെ പ്രമുഖ മാധ്യമസ്ഥാപനമായ വാഷിങ്ടണ്‍ പോസ്റ്റില്‍ കൂട്ടപ്പിരിച്ചുവിടല്‍. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവും എംപിയുമായ ശശി തരൂരിന്റെ മകന്‍ ഇഷാന്‍ തരൂരും പിരിച്ചുവിട്ടവരില്‍ ഉള്‍പ്പെടുന്നു.
കൂട്ടപ്പിരിച്ചുവിടലില്‍ തനിക്കും ജോലി നഷ്ടമായെന്ന് ഇഷാന്‍ തരൂര്‍ തന്നെയാണ് വെളിപ്പെടുത്തിയത്. സമൂഹ്യമാധ്യമത്തിലൂടെയായിരുന്നു വിഷയം പങ്കുവച്ചത്. 'ഒരു മോശം ദിവസം' എന്ന കുറിപ്പോടെ ഒഴിഞ്ഞുകിടക്കുന്ന ന്യൂസ് റൂമിന്റെ ചിത്രവും ഇഷാന്‍ തരൂര്‍ മറ്റൊരു എക്‌സ് പോസ്റ്റില്‍ പങ്കുവെച്ചിട്ടുണ്ട്.
''ഞങ്ങളുടെ ന്യൂസ് റൂമിനെ ഓര്‍ത്ത്, പ്രത്യേകിച്ച് വാഷിങ്ടന്‍ പോസ്റ്റിന് വേണ്ടി രാജ്യാന്തര തലത്തില്‍ സേവനമനുഷ്ഠിച്ച അതുല്യരായ പത്രപ്രവര്‍ത്തകരെ ഓര്‍ത്ത് ദുഖിക്കുന്നു. 12 വര്‍ഷത്തോളം എന്റെ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമായിരുന്നു അവര്‍. അവരോടൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് ഒരു ബഹുമതിയായി കണക്കാക്കുന്നു''- എന്നാണ് ഇഷാന്റെ എക്‌സ് പോസ്റ്റിന്റെ ഉള്ളടക്കം. 2017 ജനുവരിയിലാണ് വേൾഡ് വ്യൂ എന്ന കോളം ഇഷാൻ തരൂർ വാഷിങ്ടൻ പോസ്റ്റിൽ ആരംഭിക്കുന്നത്. കോളം വായിച്ചിരുന്ന അഞ്ചുലക്ഷത്തോളം വരിക്കാർക്ക് നന്ദി പറയുന്നതായും ഇഷാൻ എക്സിൽ കുറിച്ചു.
വാഷിങ്ടണ്‍ പോസ്റ്റ് കമ്പനിയിലെ 30 ശതമാനം ജീവനക്കാരെ പിരിച്ചുവിട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതില്‍ 300ലധികം പത്രപ്രവര്‍ത്തകരും ബിസിനസ് മേഖലയില്‍ നിന്നുള്ളവരും ഉള്‍പ്പെടുന്നു. ശശി തരൂരിന്റെ മകന്‍ ഇഷാന്‍ തരൂരിന് പുറമെ ന്യൂഡല്‍ഹി ബ്യൂറോ ചീഫ് പ്രാന്‍ഷു വര്‍മ്മയും പട്ടികയിലുണ്ട്. വാഷിങ്ടണ്‍ പോസ്റ്റ് അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ തൊഴിൽ വെട്ടിക്കുറയ്ക്കൽ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. അതേസമയം വിപുലവും തന്ത്രപരവുമായ പുനഃക്രമീകരണത്തിന്റെ ഭാഗമാണ് പിരിച്ചുവിടലെന്നാണ് എഡിറ്റർ ഇൻ ചീഫ് മാറ്റ് മുറെ വ്യക്തമാക്കിയത്. എന്നാല്‍ പത്രത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം ഉടമ ജെഫ് ബെസോസാണെന്നാണ് ജീവനക്കാരുടെ നിലപാട്.
Adjust Story Font
16
