Quantcast

'നൂർഖാൻ വിമാനത്താവളത്തിൽ ബാലിസ്റ്റിക് മിസൈൽ പതിച്ചു'; റാവൽപിണ്ടിയിലെ ഇന്ത്യൻ ആക്രമണം സ്ഥിരീകരിച്ച് പാകിസ്താൻ

തദ്ദേശീയമായ സംവിധാനങ്ങൾ ഉപയോഗിച്ചാണ് സ്വന്തം രാജ്യത്തെ രക്ഷിക്കാൻ ശ്രമിച്ചതെന്നും ശരീഫ്

MediaOne Logo

Web Desk

  • Updated:

    2025-05-17 03:21:07.0

Published:

17 May 2025 8:20 AM IST

shahbaz sharif
X

ഇസ്‍ലാമാബാദ്: റാവൽപിണ്ടിയിലെ ഇന്ത്യൻ ആക്രമണം സ്ഥിരീകരിച്ച് പാകിസ്താൻ. മേയ് പത്താം തീയതി പുലർച്ചെ 2.30ന് നൂർഖാൻ വിമാനത്താവളത്തിലും മറ്റു ചില സൈനിക കേന്ദ്രങ്ങളിലും ഇന്ത്യൻ ബാലിസ്റ്റിക് മിസൈൽ പതിച്ചുവെന്ന് കരസേനാ മേധാവി തന്നെ അറിയിച്ചുവെന്ന് പാക് പ്രധാനമന്ത്രി ഷഹ്ബാസ് ശരീഫ് പറഞ്ഞു. തദ്ദേശീയമായ സംവിധാനങ്ങൾ ഉപയോഗിച്ചാണ് സ്വന്തം രാജ്യത്തെ രക്ഷിക്കാൻ ശ്രമിച്ചതെന്നും ശരീഫ് കൂട്ടിച്ചേര്‍ത്തു.

അതേസമയം പാക് പ്രകോപനത്തിൽ ആഗോള പിന്തുണ ഉറപ്പിക്കാനൊരുങ്ങുകയാണ് ഇന്ത്യ. ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന പാകിസ്താൻ നിലപാട് ഇന്ത്യൻ പ്രതിനിധി സംഘം വിശദീകരിക്കും. കോൺഗ്രസ്, ഡിഎംകെ , സിപിഎം,ടിഎംസി, എഎപി ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികളിലെ അംഗങ്ങളാണ് സംഘത്തിൽ ഉണ്ടാവുക. അന്താരാഷ്ട്ര നാണയനിധിയിൽ നിന്ന് പാകിസ്താന് സഹായം അനുവദിച്ചതിൽ ഇന്ത്യ കടുത്ത അമർഷം രേഖപ്പെടുത്തിയിട്ടുണ്ട്. യൂറോപ്പ്, പശ്ചിമേഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിലെ രാജ്യങ്ങളിലാണ് പ്രധാനമായും സംഘം എത്തുക. ഒരു പ്രതിനിധി സംഘത്തെ ശശി തരൂരാണ് നയിക്കുക. ജെഡിയുവിന്‍റെ സഞ്ജയ് ഝാ, ബിജെഡിയുടെ സസ്മിത് പത്ര, സിപിഎമ്മിന്‍റെ ജോൺ ബ്രിട്ടാസ്, ശിവസേന ഉദ്ധവ് വിഭാഗം പ്രിയങ്ക ചതുർവേദി, എൻസിപിയുടെ സുപ്രിയ സുലെ, ഡിഎംകെയുടെ കെ. കനിമൊഴി, എഐഎംഐഎമ്മിന്‍റെ അസദുദ്ദീൻ ഒവൈസി, എഎപിയുടെ വിക്രംജിത് സാഹ്നി എന്നിവരുമായി പാർലമെന്ററി കാര്യമന്ത്രി കിരൺ റിജിജു സംസാരിച്ചിട്ടുണ്ട്.

ശശി തരൂരിന് പുറമേ ജോൺ ബ്രിട്ടാസ്, ഇ.ടി മുഹമ്മദ് ബഷീർ, മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ ഉൾപ്പെടെയുള്ളവരും സംഘത്തിൽ ഉണ്ട്. ഓപ്പറേഷൻ സിന്ദൂരിൽ കണ്ടത് ട്രയൽ മാത്രമെന്നും ഭീകരവാദത്തിനെതിരെ പോരാടുക എന്നത് ഇന്ത്യയുടെ ദൃഢപ്രതിജ്ഞയെന്നും പ്രതിരോധമന്ത്രി രാജ്നാഥ് സിങ് വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം പാകിസ്താൻ നിലപാടിനെ പിന്തുണയ്ക്കുന്ന തുർക്കി, അസർബൈജാൻ രാജ്യങ്ങൾക്കെതിരെ ശക്തമായ നടപടിയാണ് ഇന്ത്യ സ്വീകരിക്കുന്നത്.

TAGS :

Next Story