Quantcast

ഇറാന് വേണ്ടി ചാരപ്പണി: ഇസ്രായേൽ സൈനികനെ അറസ്റ്റ് ചെയ്ത് സുരക്ഷാ ഏജൻസി

ഡിജിറ്റൽ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമുകൾ വഴി പണം നൽകിയ ഇറാനിയൻ ഹാൻഡ്‌ലർമാരുമായി ഇയാൾ രഹസ്യബന്ധം പുലർത്തിയിരുന്നുവെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ.

MediaOne Logo

Web Desk

  • Published:

    21 Nov 2025 9:44 PM IST

Shin Bet arrests Israeli soldier suspected of spying for Iran
X

Photo| Special Arrangement

തെൽ അവീവ്: ഇറാന് വേണ്ടി ചാരപ്പണി നടത്തിയ ഇസ്രായേൽ സൈനികനെ അറസ്റ്റ് ചെയ്ത് സുരക്ഷാ ഏജൻസിയായ ഷിൻ ബെറ്റ്. 21കാരനായ റഫായേൽ റുവേനിയാണ് പിടിയിലായത്. ബീർഷെബ സ്വദേശിയായ ഇയാൾ ഹാറ്റ്സെറിം വ്യോമസേനാ താവളത്തിൽ സേവനമനുഷ്ഠിക്കുന്ന സൈനികനാണെന്ന് ഇസ്രായേലിലെ ചാനൽ- 12 റിപ്പോർട്ട് ചെയ്തു.

ഇറാനിയൻ ഇന്റലിജൻസുമായി ആശയവിനിമയം നടത്തുകയും ഇസ്രായേലിനുള്ളിൽ ചാരവൃത്തി ദൗത്യങ്ങൾ നടത്തുകയും ചെയ്തതിനാണ് നടപടിയെന്ന് ഷിൻ ബെറ്റ് അറിയിച്ചു.

ഡിജിറ്റൽ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമുകൾ വഴി പണം നൽകിയ ഇറാനിയൻ ഹാൻഡ്‌ലർമാരുമായി റുവേനി രഹസ്യബന്ധം പുലർത്തിയിരുന്നുവെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ.

ബീർഷെബയിലെ സ്ഥലങ്ങളുടെ ഫോട്ടോ എടുക്കൽ, മുൻകൂട്ടി നിശ്ചയിച്ച സ്ഥലങ്ങളിൽ ഉപകരണങ്ങൾ സ്ഥാപിക്കൽ, സിം കാർഡ് ശേഖരിച്ച് വിതരണം ചെയ്യൽ, ഇറാനിൽ നിന്നുള്ളവരുടെ നിർദേശപ്രകാരം ഒളിപ്പിച്ച പിസ്റ്റൾ കണ്ടെത്തി മാറ്റിസ്ഥാപിക്കാൻ ശ്രമിക്കൽ തുടങ്ങി നിരവധി പ്രവർത്തനങ്ങൾ ഇയാൾ നടത്തിയതായി ഷിൻ ബെറ്റ് പറഞ്ഞു.

വിദേശ ഇന്റലിജൻസ് ഏജൻസിയുമായി ബന്ധം, ശത്രുവിന് വിവരം കൈമാറൽ, ഇസ്രായേലിനുള്ളിൽ ചാരപ്പണി നടത്തൽ തുടങ്ങിയ ​ഗുരുതര കുറ്റങ്ങളാണ് റുവേനിക്കെതിരെ ചുമത്തിയിരിക്കുന്നത്.

അതേസമയം, ചാരവൃത്തി ശൃംഖല എങ്ങനെയാണ് കണ്ടെത്തിയതെന്നോ കൂടുതൽ അറസ്റ്റുകൾ ഉണ്ടാവുമെന്നോ ഇസ്രായേലി സുരക്ഷാ ഏജൻസികൾ വെളിപ്പെടുത്തിയിട്ടില്ല.

TAGS :

Next Story