Quantcast

പ്രസിഡന്റിനെ അപമാനിച്ചു; ഇസ്രായേൽ ഉന്നത സ്ഥാനപതിയെ രാജ്യത്ത് നിന്ന് പുറത്താക്കി ദക്ഷിണാഫ്രിക്ക

നയതന്ത്ര ഉദ്യോ​ഗസ്ഥനെ ദക്ഷിണാഫ്രിക്ക 'പേഴ്‌സണ നോൺ ഗ്രാറ്റ'യായി പ്രഖ്യാപിക്കുകയും ചെയ്തു.

MediaOne Logo

ഷിയാസ് ബിന്‍ ഫരീദ്

  • Updated:

    2026-01-31 06:53:06.0

Published:

31 Jan 2026 12:16 PM IST

South Africa expels Israels top envoy
X

ജോഹനാസ്ബർ​ഗ്: ഇസ്രായേൽ എംബസിയിലെ ഉന്നത നയതന്ത്രജ്ഞനെ രാജ്യത്ത് നിന്ന് പുറത്താക്കി ദക്ഷിണാഫ്രിക്ക. പ്രസിഡന്റ് സിറിൽ റമാഫോസയെ അപമാനിച്ചതുൾപ്പെടെയുള്ള നയതന്ത്ര മാനദണ്ഡ ലംഘനങ്ങൾ ചൂണ്ടിക്കാട്ടിയാണ് നടപടി. പ്രിട്ടോറിയയിലെ ഇസ്രായേൽ എംബസി ചാർജ് ഡി അഫയേഴ്‌സ് ഏരിയൽ സീഡ്മാനെയാണ് പുറത്താക്കിയത്. സീഡ്മാനെ ദക്ഷിണാഫ്രിക്ക 'പേഴ്‌സണ നോൺ ഗ്രാറ്റ'യായി പ്രഖ്യാപിക്കുകയും 72 മണിക്കൂറിനുള്ളിൽ രാജ്യം വിടാൻ ഉത്തരവിടുകയും ചെയ്തു.

'അസ്വീകാര്യനായ വ്യക്തി' എന്നാണ് ലാറ്റിൻ പദപ്രയോഗമായ 'പേഴ്സണ നോൺ​ ​ഗ്രാറ്റ'യുടെ അർഥം. ഒരു നയതന്ത്രജ്ഞൻ ആ പദവിയിൽ ഒരു രാജ്യത്ത് പ്രവേശിക്കുന്നത് വിലക്കുന്നതോ നിലവിൽ ആ രാജ്യത്തുള്ള നയതന്ത്രജ്ഞനെ ആ പദവിക്ക് അനുസൃതമല്ലാത്ത പെരുമാറ്റത്തിന്റെ പേരിൽ കുറ്റപ്പെടുത്തുകയോ ചെയ്യുക എന്നതാണ് ഇതുകൊണ്ട് അർഥമാക്കുന്നത്.

സീഡ്മാൻ ദക്ഷിണാഫ്രിക്കയുടെ പരമാധികാരത്തിന് വെല്ലുവിളി ഉയർത്തുന്ന രീതിയിൽ നയതന്ത്ര മാനദണ്ഡങ്ങളുടെയും ചട്ടങ്ങളുടേയും ലംഘനങ്ങൾ നടത്തിയതായി ദക്ഷിണാഫ്രിക്കൻ വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തി.

പ്രസിഡന്റ് റമാഫോസയെ അപമാനിക്കാൻ ഇസ്രായേലി സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുകൾ ഉപയോ​ഗിച്ചതും മുതിർന്ന ഇസ്രായേലി ഉദ്യോഗസ്ഥരുടെ സന്ദർശനങ്ങളെക്കുറിച്ച് ദക്ഷിണാഫ്രിക്കൻ അധികാരികളെ അറിയിക്കുന്നതിൽ മനപ്പൂർവ്വം വീഴ്ച വരുത്തിയതും ഈ ലംഘനങ്ങളിൽ ഉൾപ്പെടുന്നു.

അതേസമയം, തങ്ങളുടെ നയതന്ത്ര ഉദ്യോ​ഗസ്ഥനെതിരായ നടപടിക്കു പിന്നാലെ ഇസ്രായേലിലെ ദക്ഷിണാഫ്രിക്കൻ അംബാസഡറെ പുറത്താക്കാൻ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും വിദേശകാര്യ മന്ത്രി ഗിഡിയൻ സാറും തീരുമാനിച്ചു. റാമല്ലയിലെ ദക്ഷിണാഫ്രിക്കൻ അംബാസഡർ ഷോൺ എഡ്വേർഡ് ബൈനെവെൽറ്റിനോട് 72 മണിക്കൂറിനുള്ളിൽ ഇസ്രായേൽ വിടാൻ ഉത്തരവിട്ട വിദേശകാര്യ മന്ത്രാലയം, അദ്ദേഹത്തെ 'പേഴ്സണ നോൺ ഗ്രാറ്റ' ആയും പ്രഖ്യാപിച്ചു.

വർഷങ്ങളായി ദക്ഷിണാഫ്രിക്കയ്ക്ക് ഒരു അംബാസഡർ ഇല്ലാതിരുന്ന ഇസ്രായേലിൽ 2018ലാണ് ഷോൺ എഡ്വേർഡ് ബൈനെവെൽറ്റ് നിയമിതനാവുന്നത്. 2010 മുതൽ 2018 വരെ സിറിയയിലെ ദക്ഷിണാഫ്രിക്കൻ അംബാസഡറായിരുന്ന അദ്ദേഹം, 2004 മുതൽ 2009 വരെ വെസ്റ്റേൺ കേപ്പ് പ്രവിശ്യാ പാർലമെന്റിന്റെ സ്പീക്കറായിരുന്നു. ആഫ്രിക്കൻ നാഷണൽ കോൺഗ്രസ് അംഗവുമാണ്.

TAGS :

Next Story