ഇറാൻ യുദ്ധം: അമേരിക്കൻ യുദ്ധവിമാനങ്ങൾക്ക് വ്യോമപാത അടച്ച് സ്പെയിൻ
പശ്ചിമേഷ്യയിലേക്ക് പോകുന്ന അമേരിക്കൻ സൈനിക വിമാനങ്ങൾക്ക് ഇനി സ്പെയിന്റെ വ്യോമപാത പൂർണമായും ഒഴിവാക്കി മറ്റ് വഴികളിലൂടെ സഞ്ചരിക്കേണ്ടി വരും

- Published:
30 March 2026 5:25 PM IST

മാഡ്രിഡ്: ഇറാൻ യുദ്ധത്തിൽ പങ്കെടുക്കുന്ന അമേരിക്കൻ യുദ്ധവിമാനങ്ങൾക്ക് സ്പെയിൻ തങ്ങളുടെ വ്യോമപാത അടച്ചു. സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് പ്രമുഖ സ്പാനിഷ് ദിനപ്പത്രമായ 'എൽ പൈസ്' (El Pais) ആണ് ഈ വാർത്ത പുറത്തുവിട്ടത്. സ്പാനിഷ് പ്രതിരോധ മന്ത്രി മാർഗരിറ്റ റോബിൾസ് പിന്നീട് ഇക്കാര്യം സ്ഥിരീകരിച്ചു.
സ്പെയിനിലെ സംയുക്ത സൈനിക താവളങ്ങൾ (റോട്ട, മോറോൺ എന്നിവ) യുഎസ് സേന ഉപയോഗിക്കുന്നത് സ്പെയിൻ നേരത്തെ വിലക്കിയിരുന്നു. ഇതിനു പിന്നാലെയാണ് യുദ്ധവിമാനങ്ങൾക്ക് വ്യോമപാതയിലൂടെയുള്ള സഞ്ചാരത്തിനും വിലക്കേർപ്പെടുത്തിയിരിക്കുന്നത്. ഇതോടെ പശ്ചിമേഷ്യയിലെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് പോകുന്ന അമേരിക്കൻ സൈനിക വിമാനങ്ങൾക്ക് നാറ്റോ അംഗമായ സ്പെയിന്റെ വ്യോമപാത പൂർണമായും ഒഴിവാക്കി മറ്റ് വഴികളിലൂടെ സഞ്ചരിക്കേണ്ടി വരും. എന്നാൽ, അടിയന്തര സാഹചര്യങ്ങളിൽ വിമാനങ്ങൾക്ക് ഇളവ് അനുവദിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
അമേരിക്കയും ഇസ്രായേലും ചേർന്ന് ഇറാനിൽ നടത്തുന്ന ആക്രമണങ്ങളെ സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് മുൻപേ തന്നെ രൂക്ഷമായി വിമർശിച്ചിരുന്നു. ഈ ആക്രമണങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നാണ് സ്പെയിനിന്റെ നിലപാട്. ഏകപക്ഷീയമായി ആരംഭിച്ച ഈ യുദ്ധത്തിൽ പങ്കുചേരുകയോ അതിന് യാതൊരുവിധ പിന്തുണ നൽകുകയോ ഇല്ലെന്ന സ്പാനിഷ് സർക്കാരിന്റെ ഉറച്ച തീരുമാനത്തിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് സാമ്പത്തിക മന്ത്രി കാർലോസ് ക്യൂർപോ വ്യക്തമാക്കി.
അതേസമയം, സൈനിക താവളങ്ങളും വ്യോമപാതയും വിലക്കിയ സ്പെയിനിന്റെ തീരുമാനത്തിനെതിരെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി. തങ്ങളുടെ സൈനിക നീക്കങ്ങളെ തടസപ്പെടുത്തുന്ന സ്പെയിനുമായുള്ള വ്യാപാര ബന്ധങ്ങൾ വിച്ഛേദിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ വലിയ വിള്ളലുകൾ വീഴ്ത്തുന്നതാണ് പുതിയ സംഭവവികാസങ്ങൾ.
Adjust Story Font
16
