Quantcast

'ഫ്രീ ഫലസ്തീൻ'; സ്റ്റാൻഫോർഡ് സർവകലാശാലയിൽ സുന്ദർ പിച്ചൈയ്‌ക്കെതിരെ പ്രതിഷേധം, ബിരുദദാന ചടങ്ങ് ബഹിഷ്കരിച്ച് വിദ്യാർഥികൾ

ഇസ്രായേൽ സർക്കാരും ടെക് ഭീമന്മാരായ ഗൂഗിളും ആമസോണും സംയുക്തമായി നടപ്പിലാക്കുന്ന 1.2 ബില്യൺ ഡോളറിന്റെ 'പ്രോജക്റ്റ് നിംബസ്' എന്ന പദ്ധതിക്കെതിരെയായിരുന്നു വിദ്യാർഥികളുടെ പ്രതിഷേധം

MediaOne Logo

Web Desk

  • Published:

    15 Jun 2026 5:51 PM IST

ഫ്രീ ഫലസ്തീൻ; സ്റ്റാൻഫോർഡ് സർവകലാശാലയിൽ സുന്ദർ പിച്ചൈയ്‌ക്കെതിരെ പ്രതിഷേധം, ബിരുദദാന ചടങ്ങ് ബഹിഷ്കരിച്ച് വിദ്യാർഥികൾ
X

കാലിഫോർണിയ: അമേരിക്കയിലെ പ്രശസ്തമായ സ്റ്റാൻഫോർഡ് സർവകലാശാലയിലെ ബിരുദദാന ചടങ്ങിൽ ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ മുഖ്യപ്രഭാഷണം നടത്താനെത്തിയപ്പോൾ വിദ്യാർഥികളുടെ പ്രതിഷേധം. ഗൂഗിൾ ഇസ്രായേൽ സർക്കാരുമായി ഉണ്ടാക്കിയ വിവാദ കരാറിനെതിരെ പ്രതിഷേധിച്ച് നൂറിലധികം വിദ്യാർഥികൾ ചടങ്ങ് ബഹിഷ്‌കരിച്ചു. പ്രസംഗിക്കാനായി സുന്ദർ പിച്ചൈ വേദിയിലേക്ക് എത്തിയ ഉടൻ തന്നെ 'ഫ്രീ, ഫ്രീ ഫലസ്തീൻ' എന്ന് ഉറക്കെ മുദ്രാവാക്യം വിളിച്ചുകൊണ്ട് വിദ്യാർഥികൾ കൂട്ടത്തോടെ സ്റ്റേഡിയത്തിൽ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു.

ഇസ്രായേൽ സർക്കാരും ടെക് ഭീമന്മാരായ ഗൂഗിളും ആമസോണും സംയുക്തമായി നടപ്പിലാക്കുന്ന 1.2 ബില്യൺ ഡോളറിന്റെ 'പ്രോജക്റ്റ് നിംബസ്' എന്ന പദ്ധതിക്കെതിരെയായിരുന്നു വിദ്യാർഥികളുടെ ഈ പ്രതിഷേധം. ക്ലൗഡ് കമ്പ്യൂട്ടിങ്, നിർമിത ബുദ്ധി എന്നിവ നൽകുന്ന ഈ പദ്ധതി, ഗസ്സയിലെ സൈനിക നടപടികൾക്കും ഫലസ്തീനികൾക്കെതിരെയുള്ള നിരീക്ഷണങ്ങൾക്കും ഇസ്രായേൽ സൈന്യം ഉപയോഗിക്കുന്നുണ്ടെന്നാണ് പ്രതിഷേധക്കാരുടെ പ്രധാന ആരോപണം. ഗൂഗിളിന്റെ ഈ നടപടി മനുഷ്യാവകാശ ലംഘനങ്ങൾക്ക് കൂട്ടുനിൽക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് വിദ്യാർഥികൾ ചടങ്ങ് ബഹിഷ്കരിച്ചത്.

അമേരിക്കൻ ക്യാമ്പസുകളിലെ നിലവിലെ സാഹചര്യവും വിദ്യാർഥികളിൽ നിന്നുള്ള പ്രതിഷേധവും മുൻകൂട്ടി കണ്ടതുകൊണ്ടാകാം, സുന്ദർ പിച്ചൈ തന്റെ പ്രസംഗത്തിൽ നിലവിൽ ടെക് ലോകത്തെ ഏറ്റവും വലിയ ചർച്ചാവിഷയമായ ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ കുറിച്ച് ഒരക്ഷരം പോലും സംസാരിക്കാൻ തയ്യാറായില്ല. നിർമിത ബുദ്ധിയോ മറ്റ് സാങ്കേതികവിദ്യകളോ പരാമർശിക്കുന്നതിന് പകരം ജീവിതത്തിലെ ശുഭാപ്തിവിശ്വാസത്തെക്കുറിച്ചും പ്രതിസന്ധികളെ നേരിടുന്നതിനെ കുറിച്ചുമാണ് അദ്ദേഹം സംസാരിച്ചത്.

'നമ്മൾ കടുത്ത വെല്ലുവിളികൾ നിറഞ്ഞ ഒരു കാലത്താണ് ജീവിക്കുന്നത്. എങ്കിലും എല്ലായ്പ്പോഴും ശുഭാപ്തിവിശ്വാസം കാത്തുസൂക്ഷിക്കുക. ഏത് സാഹചര്യത്തിലേക്കാണ് നാം കടന്നുചെല്ലുന്നത് എന്ന് മുൻകൂട്ടി തിരഞ്ഞെടുക്കാൻ നമുക്ക് കഴിഞ്ഞെന്നുവരില്ല, എന്നാൽ ആ സാഹചര്യത്തെ എങ്ങനെ നേരിടണം എന്ന് തീരുമാനിക്കാൻ നമുക്ക് തീർച്ചയായും സാധിക്കും,' പിച്ചൈ വിദ്യാർഥികളോട് പറഞ്ഞു. ഇതിനുപുറമെ, തന്റെ പഴയകാല സ്റ്റാൻഫോർഡ് ക്യാമ്പസ് ജീവിതത്തിലെ ഓർമകളും അദ്ദേഹം പങ്കുവെച്ചു.

ബിരുദദാന ചടങ്ങിന് ശേഷം വിദ്യാർഥികളുടെ ഈ അപ്രതീക്ഷിത പ്രതിഷേധത്തെക്കുറിച്ച് പ്രതികരണം ആരാഞ്ഞ മാധ്യമപ്രവർത്തകർക്ക് മുന്നിൽ മറുപടിയൊന്നും നൽകാതെ അദ്ദേഹം മൗനം പാലിച്ചു. അമേരിക്കൻ ക്യാമ്പസുകളിൽ ഫലസ്തീൻ അനുകൂല പ്രതിഷേധങ്ങൾ ശക്തമായി തുടരുന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമായി മാറിയിരിക്കുകയാണ് സ്റ്റാൻഫോർഡിലെ ഈ സംഭവം.

TAGS :

Next Story