ക്രൂയിസ് മിസൈലുകൾ തൊടുക്കാൻ ശേഷിയുള്ള അത്യാധുനിക അതിവേഗ ബോട്ട്; ‘27 റജബ്’ പുറത്തിറക്കി ഇറാന്‍
നാവിക കരുത്ത് വർദ്ധിപ്പിക്കുന്നതിലൂടെ സമുദ്ര അതിർത്തികളിൽ വ്യക്തമായ മേധാവിത്വം ഉറപ്പാക്കാൻ ഇറാന് സാധിക്കുമെന്നാണ് വിലയിരുത്തൽ

- Published:
31 May 2026 8:42 AM IST

Representative image
തെഹ്‌റാൻ: തങ്ങളുടെ സമുദ്ര സുരക്ഷയും സൈനിക ശേഷിയും കൂടുതൽ ശക്തമാക്കിക്കൊണ്ട് ഇറാൻ പുതിയ അതിവേഗ ആക്രമണ ബോട്ട് പുറത്തിറക്കി. ‘27 റജബ്’ എന്ന് പേരിട്ടിരിക്കുന്ന ഈ അത്യാധുനിക ബോട്ട്, ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഫാർസ് ആണ് ലോകത്തെ അറിയിച്ചത്. തെഹ്‌റാനിലെ പ്രശസ്തമായ ഇൻഖെലാബ് സ്ക്വയറിൽ നടന്ന ഔദ്യോഗിക ചടങ്ങിലായിരുന്നു ഇതിന്റെ പ്രകാശനം.
കടലിൽ അതിവേഗ ആക്രമണങ്ങൾ നടത്താൻ ശേഷിയുള്ളതാണ് 27 റജബ്. മണിക്കൂറിൽ 100 നോട്ട്സ് (ഏകദേശം 185 കിലോമീറ്റർ) വേഗതയിൽ സഞ്ചരിക്കാൻ ഈ ക്രാഫ്റ്റിന് സാധിക്കും. ദീർഘദൂര ക്രൂയിസ് മിസൈലുകൾ തൊടുക്കാനുള്ള അത്യാധുനിക സജ്ജീകരണങ്ങളും ഇതിലുണ്ട്. ഇറാന്റെ സമുദ്ര പ്രതിരോധ രംഗത്തെ പുതിയ കരുത്തിന്റെ പ്രതീകമായാണ് ഈ യുദ്ധക്കപ്പലിനെ സൈന്യം വിശേഷിപ്പിക്കുന്നത്.
മേഖലയിൽ യുദ്ധസമാനമായ സാഹചര്യങ്ങളും സംഘർഷങ്ങളും നിലനിൽക്കുന്ന പശ്ചാത്തലത്തിൽ, ഇറാന്റെ ഈ പുതിയ സൈനിക നീക്കം ഏറെ പ്രാധാന്യത്തോടെയാണ് അന്താരാഷ്ട്ര സമൂഹം നോക്കിക്കാണുന്നത്. തങ്ങളുടെ നാവിക കരുത്ത് വർദ്ധിപ്പിക്കുന്നതിലൂടെ സമുദ്ര അതിർത്തികളിൽ വ്യക്തമായ മേധാവിത്വം ഉറപ്പാക്കാൻ ഇറാന് സാധിക്കുമെന്നാണ് വിലയിരുത്തൽ. അതേസമയം ഇറാനെതിരെ ഭീഷണിയുമായി വീണ്ടും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രംഗത്ത് എത്തി. ഇറാനുമായി ഒരു വലിയ കരാർ ഉണ്ടാക്കാനാണ് അമേരിക്ക ശ്രമിക്കുന്നതെന്നും, അത് സാധ്യമായില്ലെങ്കിൽ സൈനിക നടപടിയിലൂടെ കാര്യങ്ങൾ അവസാനിപ്പിക്കുമെന്നുമാണ് ട്രംപിന്റെ മുന്നറിയിപ്പ്.
ഇറാനുമായുള്ള ചർച്ചകളിൽ തനിക്ക് യാതൊരു തിടുക്കവുമില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, യുഎസിന്റെ താല്പര്യങ്ങൾ സാവധാനത്തിൽ നടപ്പിലായി വരികയാണെന്നും കൂട്ടിച്ചേർത്തു. ഇറാൻ ഭരണകൂടത്തെ വളരെ കഠിനരായ ചർച്ചക്കാർ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. എങ്കിലും ഒരു യുദ്ധത്തേക്കാൾ കരാറിലെത്താനാണ് താൻ ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ഫോക്സ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
Adjust Story Font
16
