Quantcast

ഹോർമൂസ് കടലിടുക്കിലെ ഉപരോധം; നഷ്ടക്കണക്ക് പുറത്തു വിട്ട് ലോകത്തെ മുൻനിര കമ്പനികൾ

പാമ്പേഴ്സ്, ടൈഡ് കമ്പനികൾക്ക് ഉണ്ടായ നഷ്ടം 8,400 കോടി

MediaOne Logo

Web Desk

  • Published:

    24 April 2026 11:07 PM IST

Strait of Hormuz blockade: Worlds leading companies reveal loss figures
X

ഹോർമൂസ് കടലിടുക്കിലുണ്ടായ ഉപരോധം ലോകത്തെ വൻകിട കമ്പനികളുടെ ലാഭം കുത്തനെ കുറച്ചു. ഡയപ്പർ മേഖലയിലെ പാമ്പേഴ്സിന്റെയും സോപ്പുപൊടി നിർമാതാക്കളായ ടൈഡിന്റേയും കമ്പനിക്ക് വന്ന നഷ്ടം എണ്ണായിരത്തി നാന്നൂറ് കോടിയാണ്. നെസ്ലെ ഉൾപ്പെടെ ലോകോത്തര ബ്രാന്റുകൾക്കും സമാനമാണ് സ്ഥിതി. യുഎസ്-ഇറാൻ കപ്പൽ ഉപരോധങ്ങൾ നീളുന്നത് യുഎസ്, ഇസ്രായേൽ കമ്പനികൾക്കും തിരിച്ചടിയാവുകയാണ്.

എണ്ണവില കൂടുമ്പോൾ കമ്പനികളുടെ ഉൽപ്പാദനച്ചെലവ് രണ്ട് രീതിയിൽ വർധിക്കുന്നു. ഒന്ന്, ഉൽപന്നങ്ങൾ നിർമ്മിക്കാൻ ആവശ്യമായ അസംസ്‌കൃത വസ്തുക്കളുടെ വില കൂടി. പ്രത്യേകിച്ച് പ്ലാസ്റ്റിക്, പേപ്പർ പാക്കേജിംഗ് വിലകൾ. രണ്ട്, ഈ ഉൽപ്പന്നങ്ങൾ ലോകമെമ്പാടും എത്തിക്കാനുള്ള കപ്പൽ ചരക്ക് കൂലി നാലിരട്ടി വരെ വർധിച്ചു. ഇറാനെ ലക്ഷ്യം വെച്ചുള്ള യുഎസിന്റേ കപ്പലുപരോധവും, തിരിച്ച് കപ്പലാക്രമിച്ചും പിടിച്ചെടുത്തുമുള്ള ഇറാന്റെ നീക്കവും യുഎസ് കമ്പനികളെ തന്നെ ബാധിച്ചു കഴിഞ്ഞു. ഡയപ്പർ മേഖലയിലെ പ്രസിദ്ധരായ പാമ്പേഴേസ്, ഡിറ്റർജന്റ് മേഖലയിലെ ടൈഡ്, ഏരിയൽ എന്നിവരുടെ മദർ കമ്പനിയായ പ്രോക്ടർ ആന്റ് ഗാംബിളിന് യുദ്ധത്തോടെ വന്ന നഷ്ടം ഒരു ബില്യൺ ഡോളറാണ്. അതായത് 8,400 കോടി രൂപ. യുഎസ് കമ്പനിയാണിത്.

നെസ്ലെയുടെ ലാഭത്തിലും വൻ ഇടിവ് സംഭവിച്ചു തുടങ്ങി. ഇവരുടെ പാൽപ്പൊടികൾ, കോഫി, മാഗി, സെറിലാക് ഉൾപ്പെടെ ഭക്ഷ്യവസ്തുക്കളുടെ വിതരണത്തെയാണ് ഇത് പ്രധാനമായും ബാധിച്ചത്. സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന നിവിയയുടെ കമ്പനിയായ ബെയർസ്‌ ഡോർഫ് ഉത്പന്നങ്ങൾക്ക് വില വർധിപ്പിക്കാനുള്ള ആലോചനയിലാണ്. അസംസ്കൃത വസ്തുക്കളുടെ വിലയേറ്റമാണ് കാരണം. ഇസ്രായേലിന്റെ ടെവ ഫാർമസ്യൂട്ടികൽസ്, രാസ വള മേഖലയിലെ ഇസ്രാൽ കെമിക്കൽസ്, ഭക്ഷ്യക്കമ്പനിയായ സ്ട്രോസ് എന്നിവരും തിരിച്ചടി നേരിടുന്നുണ്ട്. ചുരുക്കത്തിൽ എണ്ണയെയും പെട്രോകെമിക്കൽ ഉൽപ്പന്നങ്ങളെയും ആശ്രയിച്ചു പ്രവർത്തിക്കുന്ന ഒട്ടുമിക്ക ആഗോള ബ്രാൻഡുകൾക്കും ഹോർമുസ് പ്രതിസന്ധിയായിക്കഴിഞ്ഞു.

TAGS :

Next Story