Quantcast

ആകാശക്കാലം കഴിഞ്ഞ് ഭൂമിയിൽ; സുനിത വില്യംസ് ഉടൻ ഇന്ത്യ സന്ദര്‍ശിക്കും, അവധിക്കാലം ജൻമനാട്ടിൽ

പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച സുനിത വില്യംസിന് എഴുതിയ കത്തിൽ ഉടൻ ഇന്ത്യ സന്ദർശിക്കാൻ ക്ഷണിച്ചിട്ടുണ്ട്

MediaOne Logo

Web Desk

  • Published:

    19 March 2025 10:21 AM IST

Sunita Williams
X

ഡൽഹി: 286 ദിവസത്തെ ബഹിരാകാശ വാസത്തിന് ശേഷം ഭൂമിയിലെത്തിയിരിക്കുകയാണ് നാസ ബഹിരാകാശ യാത്രികയും ഇന്ത്യൻ വംശജയുമായ സുനിത വില്യംസ്. ലോകം മുഴുവനും ഈ ചരിത്ര മടക്കത്തിൽ സന്തോഷിക്കുമ്പോൾ ജന്മനാടായ ഗുജറാത്തിലെ ജൂലാസൻ ഗ്രാമവും മടങ്ങിവരവ് ആഘോഷമാക്കി. പടക്കം പൊട്ടിച്ചും പാട്ട് പാടിയും നൃത്തം ചവിട്ടിയുമാണ് സുനിതയുടെ തിരിച്ചുവരവ് ആഘോഷിച്ചത്. അതേസമയം സുനിത ഉടൻ ഇന്ത്യ സന്ദര്‍ശിക്കുമെന്ന് ബന്ധു പറഞ്ഞു.

സ്‌പേസ് എക്‌സ് ക്രൂ ഡ്രാഗൺ ബഹിരാകാശ പേടകം സുനിത വില്യംസിനെയും ബുച്ച് വിൽമോറിനെയും മറ്റ് രണ്ട് ക്രൂ അംഗങ്ങളെയും ഭൂമിയിലേക്ക് തിരികെ കൊണ്ടുവന്നതിന് ശേഷം എൻ‌ഡി‌ടി‌വിയോട് സംസാരിച്ച ഫാൽഗുനി പാണ്ഡ്യ, സ്പ്ലാഷ്‌ഡൗൺ നിമിഷത്തെ "അതിശയകരമായ" നിമിഷമെന്നാണ് വിശേഷിപ്പിച്ചത്. സുനിത ഉടൻ തന്നെ തന്‍റെ ജന്മനാടായ ഇന്ത്യ സന്ദർശിക്കുമെന്നും കുടുംബം അവധിക്കാലം ആഘോഷിക്കാൻ പദ്ധതിയിടുന്നുണ്ടെന്നും അവർ സ്ഥിരീകരിച്ചു. "ഞങ്ങൾ ഒരുമിച്ച് അവധിക്കാലം ആഘോഷിക്കാൻ പദ്ധതിയിടുന്നു. കുടുംബത്തോടൊപ്പം ധാരാളം സമയം സുനിത ഉണ്ടാകും," പാണ്ഡ്യ പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു.

പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച സുനിത വില്യംസിന് എഴുതിയ കത്തിൽ ഉടൻ ഇന്ത്യ സന്ദർശിക്കാൻ ക്ഷണിച്ചിട്ടുണ്ട്. ഏത് പ്രതികൂല സാഹചര്യത്തെയും ധീരതയോടെ നേരിടുന്ന വനിതയാണ് സുനിതയെന്നും എല്ലാവര്‍ക്കും മാതൃകയാണെന്നും ഫാൽഗുനി പറഞ്ഞു. ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ നടന്ന മഹാകുംഭമേളയിലേക്കുള്ള തന്‍റെ യാത്രയെക്കുറിച്ച് അറിഞ്ഞപ്പോൾ സുനിത ആവേശഭരിതയായിരുന്നുവെന്നും പാണ്ഡ്യ വെളിപ്പെടുത്തി. കുംഭമേളയുടെ ചിത്രങ്ങൾ പങ്കുവയ്ക്കാനും ആവശ്യപ്പെട്ടിരുന്നു. ''അവൾ വളരെയധികം അത്ഭുതത്തോടെയാണ് കുംഭമേള വിശേഷങ്ങൾ കേട്ടത്. എല്ലാ വിശേഷങ്ങളും പറയാൻ ആവശ്യപ്പെട്ടു'' ഫാൽഗുനി കൂട്ടിച്ചേര്‍ത്തു.

17 മണിക്കൂർ നീണ്ട യാത്രക്കൊടുവിൽ ഇന്ന് പുലർച്ചെ 3.25ന് ഫ്‌ളോറിഡ തീരത്തോട് ചേർന്ന് അറ്റ്‌ലാന്റിക് സമുദ്രത്തിലാണ് സംഘം സഞ്ചരിച്ച സ്‌പേസ് എക്‌സിന്റെ ഡ്രാഗൺ ക്രൂ9 പേടകം ഇറങ്ങിയത്. ബുച്ച് വിൽമോറിനെ കൂടാതെ നാസയുടെ നിക് ഹേഗും റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ്‌കോസ്‌മോസിന്റെ അലക്‌സാണ്ടർ ഗോർബുനോവും സുനിതക്കൊപ്പം ഡ്രാഗൺ പേടകത്തിൽ സഹയാത്രികരായിരുന്നു. ഭൂമിയിലെത്തിയെങ്കിലും ശരീരം പഴയ രീതിയിലെത്താൻ മാസങ്ങളെടുക്കും. വൈദ്യ പരിശോധനകൾക്ക് വിധേയമാക്കിയ ശേഷമായിരിക്കും സുനിതക്ക് കുടുംബവുമായി ഒന്നിക്കാനാവുക.

TAGS :

Next Story