ട്രംപിന്റെ തീരുവയെ പരിഹസിച്ച് പ്രമുഖ വാച്ച് കമ്പനി; മൂന്നിന്റെയും ഒൻപതിന്റെയും സ്ഥാനം മാറ്റി
സ്വിറ്റ്‌സര്‍ലന്‍ഡിനെതിരെ 39 ശതമാനം തീരുവ ചുമത്തിയ ട്രംപിന്റെ നടപടിയെയാണ് സ്വിസ് വാച്ച് കമ്പനി പരിഹസിച്ചത്

ബേൺ: ട്രംപിന്റെ തീരുവയെ പരിഹസിച്ച് പ്രമുഖ വാച്ച് കമ്പനി. സ്വിറ്റ്‌സര്‍ലന്‍ഡിനെതിരെ 39 ശതമാനം തീരുവ ചുമത്തിയ ട്രംപിന്റെ നടപടിയെയാണ് സ്വിസ് വാച്ച് നിര്‍മാതാക്കളായ 'സ്വാച്ച്' പരിസഹിച്ചത്. പുതുതായി പുറത്തിറക്കിയ വാച്ചില്‍ മൂന്ന്, ഒൻപത് എന്നീ അക്കങ്ങളുടെ സ്ഥാനം മാറ്റിയായിരുന്നു.
സാധാരണ വാച്ചുകളില്‍നിന്ന് വ്യത്യസ്തമായി മൂന്ന് എന്ന അക്കത്തിന്റെ സ്ഥാനത്ത് ഒൻപതും, ഒൻപതിന്റെ സ്ഥാനത്ത് മൂന്നും ആണ് ഈ വാച്ചില്‍ നല്‍കിയിരിക്കുന്നത്. ഇത് യുഎസ് ചുമത്തിയ 39 ശതമാനം തീരുവയെ സൂചിപ്പിക്കുന്നതാണെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.
'What If Tariffs?' എന്നാണ് പുതിയ വാച്ചിന് നിര്‍മാതാക്കള്‍ നല്‍കിയിരിക്കുന്ന പേര്. നിലവില്‍ ലോകത്ത് നടക്കുന്ന സംഭവവികാസങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഈ വാച്ച് നിര്‍മിച്ചിരിക്കുന്നതെന്നാണ് 'സ്വാച്ച്' വെബ്‌സൈറ്റില്‍ നല്‍കിയ വിവരണം. ഇത് ലിമിറ്റഡ് എഡിഷന്‍ മോഡലായിരിക്കുമെന്നും കമ്പനി വ്യക്തമാക്കി.
നിലവില്‍ സ്വിറ്റ്‌സര്‍ലാന്‍ഡില്‍ മാത്രമാണ് പുതിയ മോഡല്‍ വാച്ച് ലഭ്യമാവുക. 139 സ്വിസ് ഫ്രാങ്ക് (ഏകദേശം 15,348 രൂപ) ആണ് വാച്ചിന്റെ വില. സ്വിസ് വാച്ചുകളുടെ ഏറ്റവും വലിയ വിപണിയാണ് യുഎസ്. കഴിഞ്ഞവര്‍ഷം മാത്രം 5.4 ബില്യണ്‍ ഡോളറിന്റെ സ്വിസ് വാച്ചുകളാണ് യുഎസിലേക്ക് കയറ്റി അയച്ചത്. ഇതിനിടെയായിരുന്നു സ്വിറ്റ്‌സര്‍ലാന്‍ഡിനെ അമ്പരപ്പിച്ച് ട്രംപ് ഭരണകൂടം 39 ശതമാനം തീരുവ ചുമത്തിയത്.
Adjust Story Font
16

