യുദ്ധഭീതി ഒഴിയുന്നു; അമേരിക്കയും ഇറാനും തമ്മിൽ ചർച്ചക്ക്, ആദ്യഘട്ടം തുര്‍ക്കിയിലെന്ന് റിപ്പോർട്ട്
ദേശീയ താൽപര്യങ്ങൾ ബലികഴിച്ചുള്ള വിട്ടുവീഴ്ചകൾ ഉണ്ടാകില്ലെന്ന് മധ്യസ്ഥ രാജ്യങ്ങൾ വഴി ഇറാൻ അമേരിക്കയെ അറിയിച്ചതായാണ് റിപ്പോർട്ടുകൾ

- Updated:
2026-02-03 05:25:56.0

തെഹ്റാന്‍: ഗൾഫ് മേഖലയിൽ ഉരുണ്ടുകൂടിയ യുദ്ധഭീതിക്ക് താൽക്കാലിക ആശ്വാസം പകർന്ന് അമേരിക്കയും ഇറാനും തമ്മിൽ ചർച്ചക്ക് വേദിയൊരുങ്ങുന്നു. വെള്ളിയാഴ്ച തുർക്കിയിലെ ഇസ്തംബുളിൽ ആദ്യഘട്ട ചർച്ച നടക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. ചര്‍ച്ചകളെ പ്രതീക്ഷയോടെയാണ് ഇറാന്‍ നോക്കുന്നത്. അമേരിക്കയുമായുള്ള സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനായി വിവിധ നയതന്ത്ര മാർഗങ്ങൾ പരിശോധിച്ചുവരികയാണെന്ന് ഇറാൻ വ്യക്തമാക്കി.
ഇറാനും അമേരിക്കയും തമ്മിലുള്ള ചർച്ചകൾ വെള്ളിയാഴ്ച ഇസ്താംബൂളിൽ നടക്കുമെന്നാണ് പേര് വെളിപ്പെടുത്താത്ത ഇറാനിയൻ, യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്. യുഎസ് പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫും ഇറാനിയൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഘ്‌ചിയും ഈ ചർച്ചയിൽ പങ്കെടുത്തേക്കും. ഖത്തർ, തുർക്കി, ഈജിപ്ത്, ഒമാൻ എന്നീ രാജ്യങ്ങൾ ഉൾപ്പെട്ട നയതന്ത്ര ചർച്ചകളുടെ ഫലമായി തുർക്കിയിൽ വെച്ചൊരു കൂടിക്കാഴ്ചക്ക് സാധ്യതയുണ്ടെന്ന് ഒരു പ്രാദേശിക ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് എഎഫ്‌പിയും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
എന്നാൽ ഔദ്യോഗികമായി ഇക്കാര്യം സ്ഥിരീകരിക്കാൻ ഇരു രാജ്യങ്ങളും തയാറായിട്ടില്ല. ജനുവരിയിൽ ഇറാനിലുണ്ടായ പ്രക്ഷോഭങ്ങളെ ഭരണകൂടം അടിച്ചമർത്തിയതിനെത്തുടർന്നാണ് അമേരിക്ക ഇടപെടുന്നത്. ഇതോടെ വാക് പോര് രൂക്ഷമായി. അടിച്ചാല്‍ അതേ നാണയത്തില്‍ തന്നെ തിരിച്ചടിക്കുമെന്ന് ഇറാനും വ്യക്തമാക്കി. മിഡിൽ ഈസ്റ്റിലേക്ക് യുദ്ധക്കപ്പലുകൾ അയച്ച് വരെ ട്രംപ് പ്രകോപനം തീര്‍ത്തിരുന്നു. എന്നാൽ ട്രംപ് തന്നെ ആക്രമണ മോഡില്‍ നിന്ന് പിന്‍വാങ്ങുകയായിരുന്നു. തുടര്‍ന്നാണ് ആണവ പദ്ധതിയെക്കുറിച്ചുള്ള ചർച്ചകൾ പുനരാരംഭിക്കാൻ അദ്ദേഹം ഇറാനോട് ആവശ്യപ്പെട്ടത്. കഴിഞ്ഞ ജൂണിൽ ഇസ്രായേലും യുഎസും ഇറാനെ ആക്രമിച്ചതിനെത്തുടർന്നാണ് ഈ ചർച്ചകൾ നിലച്ചിരുന്നത്.
അതേസമയം ആണവ വിഷയത്തിൽ മാത്രമായി ചർച്ച പരിമിതപ്പെടുത്തണം എന്ന ഉപാധിയാണ് ഇറാൻ മുന്നോട്ടുവെക്കുന്നത്. തങ്ങളുടെ ദേശീയ താൽപര്യങ്ങൾ ബലികഴിച്ചുള്ള വിട്ടുവീഴ്ചകൾ ഉണ്ടാകില്ലെന്നും മധ്യസ്ഥ രാജ്യങ്ങൾ വഴി ഇറാൻ അമേരിക്കയെ അറിയിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
Adjust Story Font
16
