ബംഗ്ലാദേശ് ജമാഅത്തെ ഇസ്‌ലാമി അമീറിനെ സന്ദർശിച്ച് നിയുക്ത പ്രധാനമന്ത്രി താരീഖ് റഹ്മാൻ
പുതിയ സർക്കാർ രൂപീകരിക്കാൻ രണ്ട് ദിവസം മാത്രം ബാക്കിനിൽക്കെയാണ് ബിഎൻപി ചെയർമാൻ കൂടിയായ താരിഖ് റഹ്മാൻ ജമാഅത്തെ ഇസ്‌ലാമി അമീറിന്റെ വസതിയിലെത്തുന്നത്.

- Updated:
2026-02-15 16:35:30.0

ധാക്ക: ബംഗ്ലാദേശ് ജമാഅത്തെ ഇസ്‌ലാമി അമീർ ഷഫീഖുർ റഹ്മാനെ സന്ദർശിച്ച് നിയുക്ത പ്രധാനമന്ത്രി താരീഖ് റഹ്മാന്‍. പുതിയ സർക്കാർ രൂപീകരിക്കാൻ രണ്ട് ദിവസം മാത്രം ബാക്കിനിൽക്കെയാണ് ബിഎൻപി ചെയർമാൻ കൂടിയായ താരിഖ് റഹ്മാൻ ജമാഅത്തെ ഇസ്‌ലാമി അമീറിന്റെ വസതിയിലെത്തുന്നത്.
ഷഫീഖുർ റഹ്മാന്റെ ബഷുന്ധര റെസിഡൻഷ്യൽ ഏരിയയിലെ വസതിയില്‍ ഇന്ന്(ഞായര്‍) വൈകുന്നേരമായിരുന്നു കൂടിക്കാഴ്ച. പൂച്ചെണ്ട് നൽകിയാണ് നിയുക്ത പ്രധാനമന്ത്രിയെ ജമാഅത്ത് അമീര്‍ സ്വീകരിച്ചത്. സംവാദങ്ങളിലൂടെയും പരസ്പര ബഹുമാനത്തോടെയും പുതിയൊരു അധ്യായത്തിന് തുടക്കം കുറിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ ഷഫീഖുര്‍ റഹ്മാന്‍ വ്യക്തമാക്കി.
തെരഞ്ഞെടുപ്പിന് ശേഷമുണ്ടായ അക്രമ സംഭവങ്ങളിൽ നടപടികൾ സ്വീകരിക്കുമെന്നും പ്രതിപക്ഷത്തിനും ന്യൂനപക്ഷ വിഭാഗങ്ങൾക്കും എതിരായ അതിക്രമങ്ങൾ തടയാൻ നടപടികള്‍ സ്വീകരിക്കുമെന്ന് അദ്ദേഹം ഉറപ്പ് നല്‍കിയതായും ഷഫീഖുര്‍ റഹ്മാന്‍ പറഞ്ഞു. ദേശീയ താൽപ്പര്യമുള്ള വിഷയങ്ങളിൽ തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനൊപ്പം നില്‍ക്കുമെന്നും പ്രതിപക്ഷം എന്ന നിലയിൽ ഭരണഘടനാപരമായ കടമകൾ നിർവഹിക്കുന്നതിൽ വിട്ടുവീഴ്ചയില്ലാതെ നിലകൊള്ളുമെന്നും ഷഫീഖുര്‍ റഹ്മാന്‍ അദ്ദേഹത്തെ അറിയിക്കുകയും ചെയ്തു.
സുരക്ഷിതമായ ബംഗ്ലാദേശ് കെട്ടിപ്പടുക്കാൻ സഹായിക്കുന്നതിന് എല്ലാ രാഷ്ട്രീയ പാർട്ടികളോടും താരിഖ് സഹകരണം അഭ്യർത്ഥിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കൂടിക്കാഴ്ച. നാഷണൽ സിറ്റിസൺ പാർട്ടി (എന്‍സിപി) കൺവീനർ നഹീദ് ഇസ്‌ലാമിനെയും താരീഖ് റഹ്മാന്‍ കാണുന്നുണ്ട്. വ്യാഴാഴ്ച നടന്ന ദേശീയ തെരഞ്ഞെടുപ്പിൽ 209 സീറ്റുകൾ നേടി വൻ വിജയമാണ് ബിഎൻപി കൈവരിച്ചത്. ബംഗ്ലാദേശ് ജമാഅത്തെ ഇസ്‌ലാമി 68 സീറ്റുകൾ നേടിയപ്പോൾ നാഷണൽ സിറ്റിസൺ പാർട്ടി ആറ് സീറ്റുകളും സ്വന്തമാക്കിയിരുന്നു.
Adjust Story Font
16
