Quantcast

'എന്റെ മൂന്ന് മക്കളെവിടെ?'; കോമയിൽ നിന്നുണർന്ന 19കാരി ചോദിച്ചത് കേട്ട് ഞെട്ടി മാതാപിതാക്കളും ഡോക്ടര്‍മാരും

കുഞ്ഞുങ്ങളുമായുള്ള ആദ്യത്തെ സ്പർശനം പോലും താൻ ഓർക്കുന്നുണ്ടെന്നും പെണ്‍കുട്ടി പറഞ്ഞു

MediaOne Logo

ലിസി. പി

  • Updated:

    2026-05-15 08:48:53.0

Published:

15 May 2026 1:10 PM IST

എന്റെ മൂന്ന്  മക്കളെവിടെ?; കോമയിൽ നിന്നുണർന്ന   19കാരി ചോദിച്ചത് കേട്ട് ഞെട്ടി മാതാപിതാക്കളും ഡോക്ടര്‍മാരും
X

ലിയോൺ ഫ്രാൻസ്): മൂന്നാഴ്ച നീണ്ടുനിന്ന കോമയിൽ ഉണർന്ന പത്തൊൻപതുകാരിയുടെ ചോദ്യം കേട്ട് ഞെട്ടി മാതാപിതാക്കളും ഡോക്ടര്‍മാരും. തനിക്ക് എന്താണ് സംഭവിച്ചതെന്നോ,സ്വന്തം പേരെന്താണോ എന്നൊന്നുമായിരുന്നില്ല ക്ലെലിയ വെർഡിയർ എന്ന പെൺകുട്ടി കണ്ണുതുറന്നപ്പോള്‍ ആദ്യം ചോദിച്ചത്. താന്‍ മൂന്ന് പെണ്‍കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയെന്നും അവരെ കാണമെന്നുമായിരുന്നു 19കാരി ചോദിച്ചതെന്ന് 'ഡെയ്‌ലി മെയിൽ' റിപ്പോര്‍ട്ട് ചെയ്യുന്നു.

ഫ്രാൻസിലെ ലിയോണിൽ നിന്നുള്ള ക്ലെലിയ വെർഡിയർ, 2025 ജൂണിൽ അമിത അളവിൽ മരുന്ന് കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതിനെത്തുടർന്നാണ് കോമയിലായത്. ബോധം തിരിച്ചുകിട്ടിയ ഉടൻ തന്നെ അവൾ തന്റെ മക്കളെ പേരെടുത്ത് വിളിച്ചു തിരയാൻ തുടങ്ങി. മക്കളെ തന്റെ അടുത്തേക്ക് കൊണ്ടുവരാത്തതിൽ അവൾ വല്ലാതെ അസ്വസ്ഥയാകുകയും ചെയ്തെന്നും റിപ്പോര്‍ട്ട് പറയുന്നു. എന്നാല്‍ ക്ലെലിയ ഒരിക്കലും ഗർഭിണിയായിട്ടില്ലെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു.

'എനിക്ക് ഒരുപാട് കാര്യങ്ങൾ അനുഭവിക്കാൻ കഴിയുന്നുണ്ടായിരുന്നു. പ്രസവിക്കുന്നതിനെക്കുറിച്ച് സ്വപ്നം കണ്ടപ്പോൾ ആ സമ്മർദ്ദം എനിക്ക് അനുഭവപ്പെട്ടു. വലിയ വേദനയും എനിക്കുണ്ടായിരുന്നു. ആ സ്വപ്നത്തിൽ ഞാൻ മൂന്ന് കുഞ്ഞുങ്ങൾക്ക് ജന്മം നൽകി. മില, മൈൽസ്, മൈലി എന്നിങ്ങനെയാണ് അവർക്ക് പേരിട്ടത്. ജനിച്ചതിന് തൊട്ടുപിന്നാലെ മൈലി മരിച്ചുപോയി. അത് എന്നെ വല്ലാതെ തളർത്തിക്കളഞ്ഞു - വലിയ സങ്കടവും കുറ്റബോധവും എനിക്ക് തോന്നി." ക്ലെലിയ പറഞ്ഞതായി 'ഡെയ്‌ലി മെയിൽ' റിപ്പോര്‍ട്ട് ചെയ്യുന്നു.

കുഞ്ഞുങ്ങളുമായുള്ള ആദ്യത്തെ സ്പർശനം പോലും താൻ ഓർക്കുന്നുണ്ടെന്നും സ്നേഹത്തിന്റെ വലിയൊരു തരംഗം തന്നെ തനിക്ക് അനുഭവപ്പെട്ടതായും അവർ കൂട്ടിച്ചേർത്തു. 'പ്രസവം മാത്രമല്ല, അതിനുശേഷമുള്ള ജീവിതവും അവർ ഓർത്തെടുത്തു: "ഞങ്ങൾ ഒരുമിച്ച് നടന്നതും ഭക്ഷണം കഴിച്ചതും ഉറങ്ങാൻ നേരത്ത് പറഞ്ഞു കൊടുത്ത കഥകളും എല്ലാം എനിക്ക് ഓർമ്മയുണ്ട്'.- പെണ്‍കുട്ടി പറയുന്നു.

"കുഞ്ഞുങ്ങൾ ഇല്ലെന്ന് എന്നോട് പറഞ്ഞപ്പോൾ അത് വലിയൊരു ആഘാതമായിരുന്നു. ആ ജീവിതം അത്രമേൽ സത്യമാണെന്ന് ഞാൻ വിശ്വസിച്ചിരുന്നു. ബോധം വന്ന ശേഷം മാതാപിതാക്കളെ ആദ്യമായി കണ്ടപ്പോൾ അവർ മുത്തശ്ശീ മുത്തശ്ശന്മാരായി എന്ന് സന്തോഷത്തോടെയാണ് ഞാൻ പറഞ്ഞത്," ക്ലെലിയ വെളിപ്പെടുത്തി. ഒരു വർഷത്തിന് ശേഷവും ആ വേദന തന്നെ വിട്ടുമാറുന്നില്ലെന്ന് അവൾ പറയുന്നു. "ഇപ്പോൾ മറ്റുള്ളവരിൽ നിന്ന് ഞാൻ വല്ലാതെ ഒറ്റപ്പെട്ടതുപോലെ തോന്നുന്നു. ഇന്നും എന്റെ മക്കളെ ഞാൻ വല്ലാതെ മിസ്സ് ചെയ്യുന്നുണ്ട്."

"ഞാൻ ഒരു അമ്മയായിട്ടാണ് 'അവിടെ' ജീവിച്ചത്. അത് വെറുമൊരു 'സ്വപ്നം' മാത്രമായിരിക്കാം, പക്ഷേ എനിക്ക് അനുഭവപ്പെട്ട വികാരങ്ങളും ആഴവും വച്ചു നോക്കുമ്പോൾ ഞാൻ എന്നും അവരുടെ അമ്മ തന്നെയായിരിക്കും. ഒരു നിശ്ചിത കാലയളവിൽ എന്റെ ഏക യാഥാർത്ഥ്യം അതായിരുന്നു." പെണ്‍കുട്ടി പറയുന്നു.

മസ്തിഷ്കത്തിന് ഗുരുതരമായ ആഘാതം സംഭവിക്കുമ്പോൾ കോമയിലാകുന്ന രോഗികളിൽ ഇത്തരം സ്വപ്നങ്ങൾ ഉണ്ടാകുന്നത് സാധാരണമാണെന്ന് ന്യൂറോളജിസ്റ്റുകൾ പറയുന്നു. കോമയിലായിരിക്കുന്ന അവസ്ഥയെന്നാൽ പൂർണ്ണമായ ഇരുട്ടോ ഉറക്കമോ അല്ല. പല രോഗികളും അവിശ്വസനീയമാംവിധം വിശദമായ കാര്യങ്ങൾ സ്വപ്നമായി കാണാറുണ്ട്, അത് അവർക്ക് പൂർണ്ണമായും യാഥാർത്ഥ്യമായി അനുഭവപ്പെടുകയും ചെയ്യും. എന്നാൽ മറ്റ് ചിലർ ഉണരുമ്പോൾ യാതൊന്നും ഓർമ്മയുണ്ടാകാറില്ലെന്നും വിദഗ്ധർ വ്യക്തമാക്കുന്നു.

TAGS :

Next Story