Quantcast

ഖത്തര്‍ ചര്‍ച്ച:ട്രംപിന്റെ അവകാശവാദം തള്ളി ഇറാന്‍

കഴിഞ്ഞയാഴ്ച ഇരു രാജ്യങ്ങളും തമ്മില്‍ സംഘര്‍ഷമുണ്ടായതിന് പിന്നാലെ ഇറാന്‍ ചര്‍ച്ചകള്‍ക്കായി അഭ്യര്‍ഥിച്ചുവെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അവകാശപ്പെട്ടിരുന്നു

MediaOne Logo

Web Desk

  • Published:

    30 Jun 2026 8:25 AM IST

ഖത്തര്‍ ചര്‍ച്ച:ട്രംപിന്റെ അവകാശവാദം തള്ളി ഇറാന്‍
X

വാഷിങ്ടണ്‍: ഖത്തറില്‍ ഇന്ന് നടക്കുന്ന ചര്‍ച്ചകള്‍ ഇറാന്റെ നിര്‍ദേശപ്രകാരമാണെന്ന ഡോണള്‍ഡ് ട്രംപിന്റെ വാദം തള്ളി ഇറാന്‍ ഭരണകൂടം. ഇറാന്‍ വിദേശകാര്യമന്ത്രാലയം വക്താവ്ഇസ്മായില്‍ ബാഗിയാണ് ഇതുമായി ബന്ധപ്പെട്ട പ്രതികരണം നടത്തിയത്. അന്തിമ കരാറുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഇനിയും തുടങ്ങിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. അമേരിക്കയുമായി ഒപ്പിട്ട ധാരണാപത്രം നടപ്പിലാക്കുന്നതിനാണ് ഇപ്പോള്‍ പ്രാധാന്യം നല്‍കുന്നതെന്നും ഇറാന്‍ വിദേശകാര്യമന്ത്രാലയം വക്താവ് പറഞ്ഞു.

കഴിഞ്ഞയാഴ്ച ഇരു രാജ്യങ്ങളും തമ്മില്‍ സംഘര്‍ഷമുണ്ടായതിന് പിന്നാലെ ഇറാന്‍ ചര്‍ച്ചകള്‍ക്കായി അഭ്യര്‍ഥിച്ചുവെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അവകാശപ്പെട്ടിരുന്നു. ഇന്ന് ഖത്തറിലേക്ക് ഇറാന്‍ സംഘം എത്തുന്നത് ഈ ചര്‍ച്ചകളില്‍ പങ്കെടുക്കാനാണെന്നും ട്രംപ് പറഞ്ഞിരുന്നു.

ഇക്കാര്യം നിഷേധിച്ചാണ് ഇറാന്‍ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. യുഎസുമായി ഇപ്പോള്‍ ഒരു ചര്‍ച്ചയും തീരുമാനിച്ചിട്ടില്ല. ഖത്തര്‍ തലസ്ഥാനമായ ദോഹയിലേക്ക് പ്രതിനിധിസംഘത്തെ അയച്ചത് തടഞ്ഞുവെച്ചിരിക്കുന്ന ഫണ്ടുകള്‍ വിട്ടുനല്‍കുന്നതിന് വേണ്ടിയുള്ള ചര്‍ച്ചകള്‍ക്ക് വേണ്ടിയാണെന്നും ഇസ്മായില്‍ ബാഗി പറഞ്ഞു.

അതേസമയം, ഗള്‍ഫ് രാജ്യങ്ങളുമായുള്ള ബന്ധം കൂടുതല്‍ ദൃഢമാക്കുന്നതിന്റെ ഭാഗമായി അവരുമായി സുരക്ഷാ സഹകരണ കരാറുകളില്‍ ഏര്‍പ്പെടാന്‍ ഇറാന്‍ സന്നദ്ധമാണെന്ന് വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കി. മേഖലയിലെ സമാധാന ശ്രമങ്ങള്‍ക്ക് ഇത് വലിയ മുതല്‍ക്കൂട്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാല്‍, മധ്യപൗരസ്ത്യ ദേശത്തെ മറ്റു ഭാഗങ്ങളില്‍ സംഘര്‍ഷാവസ്ഥ മാറ്റമില്ലാതെ തുടരുകയാണ്. ഗസ്സയിലും ലെബനാനിലും ഇസ്രായേല്‍ സേന തങ്ങളുടെ ആക്രമണം ശക്തമായി തുടരുന്നു.

അമേരിക്കയുടെ മധ്യസ്ഥതയില്‍ ലെബനാനും ഇസ്രായേലിനും ഇടയില്‍ ഒരു കരാര്‍ രൂപപ്പെടുത്തിയിരുന്നെങ്കിലും, അത് പൂര്‍ണമായും ഇസ്രായേലിന്റെ താല്പര്യങ്ങള്‍ മാത്രം സംരക്ഷിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി ഹിസ്ബുല്ല തള്ളിക്കളഞ്ഞിരുന്നു. ഹിസ്ബുല്ലയെ ലക്ഷ്യമാക്കി തെക്കന്‍ ലെബനാനില്‍ ഇസ്രായേല്‍ ആക്രമണം തുടരുന്ന സാഹചര്യത്തില്‍, ആക്രമണങ്ങള്‍ ഈ രീതിയില്‍ മുന്നോട്ട് പോയാല്‍ ഇസ്രായേലിനെതിരെ സൈനികമായി നേരിട്ട് ഇടപെടേണ്ടി വരുമെന്ന് ഇറാന്റെ ഐആര്‍ജിസി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇത് മേഖലയില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ ശ്രമിക്കുന്ന മധ്യസ്ഥ രാജ്യങ്ങള്‍ക്ക് കനത്ത വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്.

TAGS :

Next Story