Quantcast

അമേരിക്കൻ ഉപരോധം സൈനിക നടപടിയുടെ തുടർച്ച; വെച്ചുപൊറുപ്പിക്കാനാവില്ലെന്ന് ഇറാൻ പ്രസിഡന്റ്

ഇറാനുമായുള്ള സൈനിക നീക്കങ്ങൾ വീണ്ടും ആരംഭിക്കേണ്ടി വന്നേക്കാമെന്ന് ട്രംപ്‌

MediaOne Logo
അമേരിക്കൻ ഉപരോധം സൈനിക നടപടിയുടെ തുടർച്ച; വെച്ചുപൊറുപ്പിക്കാനാവില്ലെന്ന് ഇറാൻ പ്രസിഡന്റ്
X

ഇറാൻ പ്രസിഡന്റ് മസ്ഊദ്‌ പെസഷ്കിയാൻ  Photo-Reuters

തെഹ്റാന്‍: ഇറാനിയൻ തുറമുഖങ്ങൾ ലക്ഷ്യമിട്ട് അമേരിക്ക നടത്തുന്ന നാവിക ഉപരോധം വെച്ചുപൊറുപ്പിക്കാനാവില്ലെന്ന് ഇറാൻ പ്രസിഡന്റ് മസ്ഊദ്‌ പെസഷ്കിയാൻ. ഇത് കേവലം സാമ്പത്തിക സമ്മർദമല്ലെന്നും, ഇറാനെതിരായ സൈനിക നീക്കങ്ങളുടെ തുടർച്ചയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

"നാവിക ഉപരോധം എന്ന പേരിൽ ഇപ്പോൾ നടക്കുന്നത് ഒരു രാജ്യത്തിന് നേരെ തുടരുന്ന സൈനിക നടപടികളുടെ ഭാഗമാണ്. സ്വാതന്ത്ര്യത്തിനും പ്രതിരോധത്തിനുമായി വില നൽകുന്ന ഒരു ജനതയെ തകർക്കാനാണ് അമേരിക്ക ശ്രമിക്കുന്നത്. അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമായ ഈ ക്രൂരമായ സമീപനം ഇനിയും സഹിക്കാനാവില്ല"- പെസഷ്കിയാൻ എക്സിൽ കുറിച്ചു.

ഇറാന്റെ എണ്ണ കയറ്റുമതിയെയും വ്യാപാരത്തെയും തടസ്സപ്പെടുത്തുന്ന നാവിക ഉപരോധം മേഖലയിലെ സമാധാനത്തിന് ഭീഷണിയാണെന്ന് പ്രസിഡന്റ് ചൂണ്ടിക്കാട്ടി. വെടിനിർത്തൽ ചർച്ചകൾ നിലനിൽക്കെ തന്നെ ഇത്തരം ഉപരോധങ്ങൾ ഏർപ്പെടുത്തുന്നത് സൈനിക ആക്രമണങ്ങൾക്ക് തുല്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഹോർമുസ് കടലിടുക്കിലെയും ഗൾഫ് മേഖലയിലെയും അസ്ഥിരതയ്ക്ക് കാരണം അമേരിക്കയുടെയും ഇസ്രായേലിന്റെയും ഇടപെടലുകളാണെന്നും പ്രസിഡന്റ് പറഞ്ഞു.

മേഖലയിൽ നാവിക സുരക്ഷ ഉറപ്പാക്കാൻ ഇറാൻ പ്രതിജ്ഞാബദ്ധമാണെന്നും എന്നാൽ തങ്ങളുടെ പരമാധികാരത്തെ ചോദ്യം ചെയ്യുന്ന വിദേശ ശക്തികളുടെ നീക്കങ്ങൾ പരാജയപ്പെടുമെന്നും പെസഷ്കിയാൻ കൂട്ടിച്ചേർത്തു.

അതേസമയം ഇറാനുമായുള്ള സൈനിക നീക്കങ്ങൾ വീണ്ടും ആരംഭിക്കേണ്ടി വന്നേക്കാമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. ചർച്ചകളുടെ വിശദാംശങ്ങൾ തനിക്കും ചുരുക്കം ചിലർക്കും മാത്രമേ അറിയാവൂ എന്ന് ട്രംപ് അവകാശപ്പെട്ടു. നിലവിൽ ഇരുരാജ്യങ്ങളും തമ്മിൽ നിലനിൽക്കുന്ന വെടിനിർത്തൽ കരാർ അനിശ്ചിതത്വത്തിലാണെന്ന സൂചനയാണ് ട്രംപിന്റെ വാക്കുകൾ നൽകുന്നത്.

TAGS :

Next Story