തെൽ അവിവിലെ ഭൂഗർഭ ടെന്റ് സിറ്റികൾ; ഇസ്രായേലിന്റെ ഒളിത്താവളങ്ങൾ
ഇറാന്റെ മിസൈൽ ആക്രമണത്തിൽ നിന്നും രക്ഷതേടിയുള്ള ഇസ്രായേലിന്റെ ഒളിത്താവളങ്ങളുടെ ചിത്രങ്ങൾ പുറത്തുവിട്ട് മാധ്യമങ്ങൾ

തെൽ അവിവിലെ: തെൽ അവിവിലെ ഒരു മാളിന്റെ പാർക്കിങ്ങിൽ നിരനിരയായി കെട്ടിയിരിക്കുന്ന ടെന്റുകൾ, രാത്രിയിൽ അവിടെ നിറഞ്ഞിരിക്കുന്ന ജനം. വീടില്ലാത്തവർക്കു വേണ്ടിയുള്ള ഇസ്രായേൽ പദ്ധതിയാണോ എന്ന് തെറ്റിദ്ധരിക്കേണ്ട. ഇറാന്റെ മിസൈൽ ആക്രമണത്തിൽ നിന്നും രക്ഷതേടിയുള്ള ഇസ്രായേൽ ജനതയുടെ ഒളിത്താവളങ്ങളാണ്.
ഏത് നിമിഷവും പതിച്ചേക്കാവുന്ന ഇറാന്റെ ബാലിസ്റ്റിക് മിസൈലുകളിൽ നിന്നും സുരക്ഷിതമായി രാത്രി ചെലവിടാൻ ഇസ്രായേലുകാർ കണ്ടെത്തിയ മാർഗമാണ് ഇത്തരം ഭൂഗർഭ ടെന്റ് സിറ്റികൾ. നഗരത്തിലുടനീളം ഇത്തരം ടെന്റ് സിറ്റികൾ കാണാം. ഡിസെൻഗോഫിലെ ഇത്തരമൊരു ക്യാമ്പിൽ നിന്നുള്ള ശബ്ദങ്ങൾ ദശലക്ഷക്കണക്കിന് വരുന്ന ഇസ്രായേലികളെ പ്രതിനിധീകരിക്കുന്നതാണെന്ന് ഹാരെറ്റ്‌സിന്റെ പോഡ്കാസ്റ്റിൽ അവകാശപ്പെടുന്നു. ഇറാൻ ഇസ്രായേൽ വെടിനിർത്തൽ കരാർ നിലവിൽ വരുന്നതിന് മുമ്പുള്ള ഹാരെറ്റ്‌സിന്റെ എപ്പിസോഡിലാണ് ഈ വിവരണവും ദൃശ്യങ്ങളുമുള്ളത്.
എപ്പിസോഡിനിടെ സ്റ്റുഡിയോയിൽ നിന്നിറങ്ങി വിശാലമായൊരു മാളിന്റെ പാർക്കിങിലേക്കു പോകുന്ന അവതാരകനായ അലിസൺ കപ്ലാൻ സോമറാണ് ഈ ഭൂഗർഭ ടെന്റ് സിറ്റികളെക്കുറിച്ച് വിശദീകരിക്കുന്നത്. 'ഇതിന്റെ തറ കട്ടിയുള്ളതാണ്, കൃത്യമായ വായുസഞ്ചാരമില്ലാതെ ഈർപ്പം തങ്ങി നിൽക്കുന്ന അവസ്ഥയാണ്. അപായ സൈറണുകൾ ഇല്ലെങ്കിൽ പോലും എപ്പോഴും ആളുകൾ തിങ്ങിനിറഞ്ഞ സ്ഥിതിയാണിവിടെ' എന്ന് കുടുംബത്തിനു വേണ്ടി ടെന്റൊരുക്കുന്നതിനിടെ ജെഫ്രി എന്ന വ്യക്തി പറഞ്ഞു. ഇതൊക്കെയാണെങ്കിലും രാത്രി സുരക്ഷിതമായി കഴിയാം എന്ന ആശ്വാസമുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
Adjust Story Font
16

