‘ആ മൃഗം വലിയ വില നല്‍കേണ്ടി വരും’, വൈറ്റ്ഹൗസിന് സമീപമുണ്ടായ വെടിവെപ്പില്‍ രൂക്ഷമായി പ്രതികരിച്ച് ട്രംപ്
വെസ്റ്റ് വിർജീനിയ നാഷണൽ ഗാർഡിലെ രണ്ട് അംഗങ്ങൾക്കാണ് ബുധനാഴ്ചയുണ്ടായ വെടിവെപ്പിൽ ഗുരുതരപരിക്കേറ്റത്

ഡോണാള്‍ഡ് ട്രംപ് Photo-AP
വാഷിങ്ടൺ: വൈറ്റ് ഹൗസിന് സമീപമുണ്ടായ വെടിവെപ്പിൽ രൂക്ഷ പ്രതികരണവുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.
അക്രമിയെ 'മൃഗം' എന്ന് വിശേഷിപ്പിച്ച ട്രംപ്, അയാള്‍ വലിയ വില നല്‍കേണ്ടി വരുമെന്നും വ്യക്തമാക്കി. ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച പോസ്റ്റിലൂടെയായിരുന്നു ട്രംപിന്റെ പ്രതികരണം. പരിക്കേറ്റവരുടെ നില ഗുരുതരമാണെന്നും ഇവര്‍ വ്യത്യസ്ത ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുകയാണെന്നും അദ്ദേഹം പറഞ്ഞു.
വെസ്റ്റ് വിർജീനിയ നാഷണൽ ഗാർഡിലെ രണ്ട് അംഗങ്ങൾക്കാണ് ബുധനാഴ്ചയുണ്ടായ വെടിവെപ്പിൽ ഗുരുതര പരിക്കേറ്റത്. കുറ്റകൃത്യങ്ങൾക്കെതിരായ ട്രംപിൻ്റെ ദൗത്യത്തിൻ്റെ ഭാഗമായി വിന്യസിച്ച 2,000ത്തിലധികം സൈനികരിൽ ഉൾപ്പെട്ടവരാണ് വെടിയേറ്റ ഗാർഡുകൾ. 500 അധിക നാഷണൽ ഗാർഡ് അംഗങ്ങളെ നഗരത്തിലേക്ക് അയക്കാൻ ട്രംപ് ഉത്തരവിടുകയും ചെയ്തു.
"നമ്മുടെ വലിയവരായ നാഷണൽ ഗാർഡിനെയും നമ്മുടെ എല്ലാ സൈനികരെയും നിയമപാലകരെയും ദൈവം അനുഗ്രഹിക്കട്ടെ. ഇവർ ശരിക്കും മഹാൻമാരാണ്. അമേരിക്കൻ പ്രസിഡന്റ് എന്ന നിലയിൽ ഞാനും പ്രസിഡന്റിന്റെ ഓഫീസുമായി ബന്ധപ്പെട്ട എല്ലാവരും നിങ്ങളോടൊപ്പമുണ്ട്"- ട്രംപ് കൂട്ടിച്ചേർത്തു.
അതേസമയം അക്രമിയെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചിട്ടുണ്ട്. നാഷണൽ ഗാർഡ് സൈനികർ തന്നെയാണ് അക്രമിയെ കീഴ്‌പ്പെടുത്തിയത്. വൈറ്റ് ഹൗസിൽ നിന്ന് ഏറെ അകലെയല്ലാതെയുള്ള മെട്രോ സ്‌റ്റോപ്പിന് സമീപം ബുധനാഴ്ച ഉച്ചക്ക് ശേഷമാണ് വെടിവെപ്പുണ്ടായത്. 10 മുതൽ 15 തവണയാണ് അക്രമി വെടിയുതിർത്തത്. 2021ൽ അമേരിക്കയിൽ എത്തിയ അഫ്ഗാൻ പൗരനായ റഹ്മാനുല്ല ലകൻവാൽ ആൾ അക്രമിയെന്നാണ് ബിബിസി റിപ്പോർട്ട് ചെയ്യുന്നത്. ആക്രമണം നടക്കുമ്പോൾ പ്രസിഡന്റ് ട്രംപ് ഫ്‌ളോറിഡയിലായിരുന്നു.
Adjust Story Font
16

