യൂറോപ്പിന് പുറത്തുനിന്നുള്ള ആദ്യ മാര്‍പാപ്പ; പേര് സ്വീകരിച്ചതിലും വ്യത്യസ്തന്‍
വിഷമിക്കുന്നവരെയും ദുർബലരെയും ചേർത്തുപിടിച്ച് സഭയെ ഒരു പതിറ്റാണ്ടിലധികം മുന്നോട്ട് നയിച്ചാണ് മാർപാപ്പയുടെ മടക്കം

വത്തിക്കാൻ സിറ്റി: കത്തോലിക്കാ സഭയുടെ പരമോന്നത പദവിയിലിരിക്കുമ്പോഴും ലാളിത്യത്തിന്റെ വിശുദ്ധരൂപമായിരുന്നു ഫ്രാൻസിസ് മാർപാപ്പ. നിലപാടുകളിലെ വ്യക്തതയും കൃത്യതയും അദ്ദേഹത്തെ ആഗോള തലത്തിൽ സ്വീകാര്യനാക്കി.
1936 ഡിസംബർ17ന് അർജന്റീനൻ തലസ്ഥാനമായ ബ്യൂണസ് അയേഴ്സിലാണ് ജോർജ് മരിയോ ബെർഗോഗ്ളിയുടെ ജനനം. പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി രസതന്ത്രത്തിൽ ബിരുദവും നേടിയ ശേഷം 22-ാം വയസിൽ ജെസ്യൂട്ട് ആയി. പൗരോഹിത്യത്തിലേക്കുള്ള വഴി തെരഞ്ഞെടുത്ത ബെർഗോഗ്ളിയോ നൊവീഷ്യേറ്റിൽ ചേർന്നു.
1969 ഡിസംബർ 13ന് ആർച്ച് ബിഷപ്പ് റമോൻ ജോസ് കാസ്റ്റിലാനോയിൽ നിന്നും പുരോഹിതപട്ടം സ്വീകരിച്ചു. നാലു വർഷത്തിന് ശേഷം അർജന്റീനയുടെ ജെസ്യൂട്ട് പ്രൊവിൻഷ്യലായി ചുമതലയേറ്റു. സെമിനാരി റെക്ടർ, പാസ്റ്റർ, പ്രൊഫസർ, ആത്മീയ ഡയറക്ടർ എന്നീ നിലകളിലും സേവനമനുഷ്ഠിച്ചു.1992ൽ ഫാ. ബെർഗോഗ്ലിയോ ബ്യൂണസ് അയേഴ്സ് അതിരൂപതയുടെ സഹായ മെത്രാനായി അഭിഷിക്തനായി. 1997ൽ അതിരൂപതയുടെ സഹ-അഡ്ജൂട്ടർ ആർച്ച് ബിഷപ്പായി. ഒരു വർഷം കഴിഞ്ഞ് ആർച്ച് ബിഷപ്പായി സ്ഥാനമേറ്റു.
അന്നേ എളിമയോടുള്ള പെരുമാറ്റം ആർച്ച് ബിഷപ്പിനെ വ്യത്യസ്തനാക്കി. ബിഷപ്പ് ഹൗസ് ഉപേക്ഷിച്ച് അപ്പാർട്ട്മെന്റിൽ താമസം തുടങ്ങിയ ആർച്ച് ബിഷപ്പ് പൊതുഗതാഗതം ആശ്രയിച്ചതും ചരിത്രമാണ്. പൗരോഹിത്യത്തിലെ ജനകീയ ഇടപെടലുകൾ തുടരുന്നതിനിടെ 2001ൽ വിശുദ്ധജോൺ പോൾ രണ്ടാമൻ മാർപാപ്പ ജോർജ് ബെർഗോഗ്ളിയോയെ കർദിനാളായി വാഴിച്ചു. 2005 മുതൽ 2011 വരെ അർജന്റീനിയൻ ബിഷപ്പ്സ് കോൺഫറൻസിന്റെ പ്രസിഡന്റായി തുടർന്നു.
2007 മെയ് മാസത്തിൽ നടന്ന അഞ്ചാമത് ലാറ്റിൻ അമേരിക്കൻ എപ്പിസ്കോപ്പൽ കോൺഫറൻസ് അംഗീകരിച്ച അപാരസിഡ പ്രമാണത്തിന്റെ കരട് തയ്യാറാക്കിയത് കർദിനാൾ ബെർഗോഗ്ളിയായിരുന്നു. പോപ്പ് ബനഡിക്ടിന്റെ സ്ഥാന ത്യാഗതത്തിന് പിന്നാലെ ആഗോള കത്തോലിക്ക സഭയുടെ പരമോന്നത പദവിയിലേക്ക് ബെർഗോഗ്ളിയോ നിയമിതനായി.
76-ാം വയസിലെ സ്ഥാനാരോഹണവും കത്തോലിക്കാസഭയുടെ ചരിത്രത്തിലിടം പിടിച്ചു. 1272 വർഷത്തിനുശേഷം ആദ്യമായാണ് യൂറോപ്പിന് പുറത്തുനിന്നൊരാൾ പാപ്പയാകുന്നത്. പോപ്പാകുന്ന ആദ്യത്തെ ജെസ്യൂട്ട്, ആദ്യ ലാറ്റിൻ അമേരിക്കക്കാരൻ അങ്ങനെ സവിശേഷതകൾ ഒട്ടനവധി. തന്റെ മുൻഗാമികളിൽ നിന്നും വ്യത്യസ്തമായി കാരുണ്യത്തിന്റെ പുണ്യവാളൻ സെന്റ് ഫ്രാൻസിസിന്റെ പേര് സ്വീകരിച്ച് മാർപാപ്പയായി സ്ഥാനമേറ്റ അദ്ദേഹം കാറുംകോളും നിറഞ്ഞ കാലത്ത് കത്തോലിക്ക സഭയെ ഒത്തൊരുമയിലെത്തിച്ചാണ് വിടവാങ്ങിയത്.
പോപ്പ് ഫ്രാൻസിസ് എന്നപേര് തെരഞ്ഞെടുത്തതിലൂടെതന്നെ തന്റെ വഴികൾ വ്യത്യസ്തമാണെന്ന് പാപ്പ ലോകത്തോടുപറഞ്ഞു. കത്തോലിക്കാ സഭയുടെ രണ്ടായിരത്തിലധികം വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഫ്രാൻസിസ് എന്ന പേര് ഒരു മാർപാപ്പ സ്വീകരിക്കുന്നത്. മാർപാപ്പയായി സ്ഥാനമേറ്റെടുക്കുന്നവർ മുൻഗാമികളുടേതിന് സമാനമായ പേരുകൾ തെരഞ്ഞെടുക്കുന്നതാണ് പതിവ്. എന്നാൽ ഈ പതിവ് തെറ്റിച്ച് ജോർജ് ബെർഗോഗ്ളിയോ വിശുദ്ധ ഫ്രാൻസിസിന്റെ പേരാണ് സ്വീകരിച്ചത്.
പാവങ്ങളുടെ പുണ്യവാളനെന്നറിയപ്പെടുന്ന സെന്റ് ഫ്രാൻസിസിന്റെ പേര് സ്വീകരിച്ചതിലൂടെ തന്റെ ശൈലി അദ്ദേഹം വ്യക്തമാക്കുകയായിരുന്നു. ദരിദ്രരോടും സഹജീവികളോടും കാരുണ്യത്തോടെ പെരുമാറിയ വിശുദ്ധനാണ് അസ്സീസിയിലെ ഫ്രാൻസിസ്. ക്രിസ്തുവിനോടും മനുഷ്യരോടുമുള്ള സ്നേഹം മാത്രം മുന്നിൽ കണ്ട് ദാരിദ്ര്യം വ്രതമായെടുത്ത്, അവസാനത്തെ ഉടുതുണിപോലും തെരുവിൽ കഴിയുന്നവർക്കായി ഉരിഞ്ഞുകൊടുത്ത വിശുദ്ധ ഫ്രാൻസിസിന്റെ പേരിനോട് പൂർണമായി നീതി പുലർത്തിയാണ് കത്തോലിക്ക സഭയുടെ 266-ാമത് മാർപാപ്പ കാലം ചെയ്തത്. വിഷമിക്കുന്നവരെയും ദുർബലരെയും ചേർത്ത് പിടിച്ച് സഭയെ ഒരു പതിറ്റാണ്ടിലധികം മുന്നോട്ട് നയിച്ചാണ് മാർപ്പാപ്പയുടെ മടക്കം.
Adjust Story Font
16

