ഇസ്രായേൽ പിന്തുണയുള്ള സായുധ സംഘം വധിച്ച മാധ്യമ പ്രവർത്തകൻ സാലിഹ് അൽ ജഫറാവിയുടെ അന്ത്യമൊഴി
ഗസ്സ വംശഹത്യ യുദ്ധം റിപ്പോർട്ട് ചെയ്യുന്നതിൽ സജീവമായിരുന്ന സാലിഹിനെ നഗരത്തിലെ സാബ്ര പരിസരത്ത് നടന്ന ഏറ്റുമുട്ടലുകൾ റിപ്പോർട്ട് ചെയ്യുന്നതിനിടെ ഇസ്രായേൽ പിന്തുണയുള്ള ഒരു 'സായുധ മിലിഷ്യ' വധിക്കുകയായിരുന്നു

Photo|Al-Jazeera
അത്യന്തം കരുണാമയനും ദയാപരനുമായ ദൈവത്തിന്റെ നാമത്തിൽ,
ദൈവത്തിന് സ്തുതി, ലോകങ്ങളുടെ നാഥനായ അവൻ പറയുന്നു: 'ദൈവത്തിന്റെ മാര്‍ഗത്തില്‍ കൊല്ലപ്പെട്ടവരെ മരിച്ച് പോയവരായി നീ ഗണിക്കരുത്. എന്നാല്‍ അവര്‍ അവരുടെ രക്ഷിതാവിന്‍റെ അടുക്കല്‍ ജീവിച്ചിരിക്കുന്നവരാണ്. അവര്‍ക്ക് ഉപജീവനം നല്‍കപ്പെട്ടിരിക്കുന്നു.'
ഞാൻ സാലിഹ്,
ഞാൻ ഈ വസിയ്യത്ത് എഴുതുന്നത് വിടവാങ്ങുന്നതിനല്ല, മറിച്ച് ഞാൻ ദൃഢതയോടെ തെരഞ്ഞെടുത്ത ഒരു പാതയുടെ തുടർച്ചയിലേക്ക് പോകാനാണ്. എന്റെ ജനതക്ക് പിന്തുണയും ശബ്ദവുമാകാൻ ഞാൻ എന്റെ എല്ലാ ശക്തിയും പരിശ്രമവും നൽകിയിട്ടുണ്ടെന്ന് ദൈവത്തിനറിയാം. ഞാൻ വേദനയും അടിച്ചമർത്തലും എല്ലാ തലത്തിലും അനുഭവിച്ചു. പ്രിയപ്പെട്ടവരുടെ നഷ്ടവും വേദനയും പലവട്ടം രുചിച്ചറിഞ്ഞു. എന്നിട്ടും സത്യം അതേപടി പ്രചരിപ്പിക്കുന്നതിൽ ഞാൻ ഒരിക്കലും മടിച്ചിട്ടില്ല. അത് ഏറ്റെടുക്കുന്നതിൽ പരാജയപ്പെട്ടവർക്കും നിശബ്ദത പാലിച്ചവർക്കും എതിരായ ഒരു വാദമായി ആ സത്യം നിലനിൽക്കും. കൂടാതെ ഗസ്സയിലെ ജനങ്ങളെ പിന്തുണച്ച ഒപ്പം നിന്ന എല്ലാവർക്കുമുള്ള ഒരു ബഹുമതി കൂടിയാണിത്.
ഞാൻ രക്തസാക്ഷിയായാലും അപ്രത്യക്ഷനായിട്ടില്ല.എനിക്ക് മുമ്പേ പോയ അനസിനോടും ഇസ്മായിലിനോടും കൂടെ ദൈവത്തോട് വാഗ്ദാനം ചെയ്തതിൽ സത്യസന്ധരായിരുന്ന എല്ലാ പ്രിയപ്പെട്ടവരോടും കൂടെ ഞാൻ ഇപ്പോൾ സ്വർഗത്തിലാണ്. നിങ്ങളുടെ പ്രാർത്ഥനകളിൽ എന്നെ ഓർക്കണമെന്നും, എന്റെ ശേഷം ഈ യാത്ര തുടരണമെന്നും ഞാൻ ആവശ്യപ്പെടുന്നു.
എന്റെ കാരുണ്യവും മാതൃകയുമായ യുദ്ധത്തിന്റെ എല്ലാ പ്രത്യാഘാതങ്ങളോടും കൂടെ എന്നോടൊപ്പം നിന്ന എന്റെ പിതാവിനെ ഞാൻ നിങളുടെ സംരക്ഷണത്തിൽ ഏല്പിക്കുന്നു. സംതൃപ്തനായി ഞങ്ങൾ സ്വർഗത്തിൽ വീണ്ടും കണ്ടുമുട്ടാൻ ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു. എന്റെ സഹോദരനും ഗുരുവും കൂട്ടാളിയുമായ നാജിയെ ഞാൻ നിങ്ങളുടെ സംരക്ഷണത്തിൽ ഏല്പിക്കുന്നു. ഓ നാജി... നീ ജയിലിൽ നിന്ന് മോചിതനാകുന്നതിന് മുമ്പ് ഞാൻ ദൈവത്തിന്റെ അടുക്കലേക്ക് പോയി. ഇത് ദൈവം എഴുതിയ വിധിയാണെന്ന് അറിയുക. നിന്നെ കാണാൻ, നിന്നെ കെട്ടിപ്പിടിക്കാൻ, നിന്നെ കണ്ടുമുട്ടാൻ ഞാൻ ആഗ്രഹിച്ചിരുന്നു. പക്ഷേ ദൈവത്തിന്റെ വാഗ്ദാനം സത്യമാണ്. നമ്മുടെ കൂടിക്കാഴ്ച സ്വർഗത്തിൽ നീ കരുതുന്നതിനേക്കാൾ അടുത്താണ്.
എന്റെ ഉമ്മയെ ഞാൻ നിങ്ങളുടെ സംരക്ഷണത്തിൽ ഏല്പിക്കുന്നു. ഉമ്മാ, നിങ്ങളിലാത്ത ജീവിതം ഒന്നുമല്ല. നിങ്ങൾ എന്റെ അനന്തമായ പ്രാർത്ഥനയും എന്റെ അനശ്വരമായ ആഗ്രഹവുമായിരുന്നു. നിങ്ങളുടെ രോഗം ഭേദമാകാനും സുഖപ്പെടാനും ഞാൻ ദൈവത്തോട് പ്രാർത്ഥിച്ചു. ചികിത്സയ്ക്കായി യാത്ര ചെയ്ത് പുഞ്ചിരിയോടെ തിരിച്ചുവരുന്നത് കാണാൻ ഞാൻ സ്വപ്നം കണ്ടു. എന്റെ സഹോദരങ്ങളെയും സഹോദരിമാരെയും ഞാൻ നിങ്ങളുടെ സംരക്ഷണത്തിൽ ഏല്പിക്കുന്നു.
എന്റെ രക്തസാക്ഷിത്വം അവസാനമാണെന്ന് കരുതരുത്. അത് സ്വാതന്ത്ര്യത്തിലേക്കുള്ള ഒരു നീണ്ട പാതയുടെ തുടക്കമാണ്. ഞാൻ ഒരു സന്ദേശത്തിന്റെ ദൂതനാണ്. അത് ലോകത്തിന് എത്തിക്കാൻ ഞാൻ ആഗ്രഹിച്ചു. എന്നെക്കുറിച്ച് കേൾക്കുമ്പോൾ, എനിക്കുവേണ്ടി കരയരുത്.ഈ നിമിഷത്തിനായി ഞാൻ കൊതിച്ചിരുന്നു. ദൈവം അത് എനിക്ക് നൽകണമെന്ന് ഞാൻ പ്രാർത്ഥിച്ചിരുന്നു. ദൈവം എനിക്ക് ഇഷ്ടപ്പെട്ടത് തെരഞ്ഞെടുത്തതിന് ദൈവത്തിന് സ്തുതി. എന്റെ ജീവിതത്തിൽ എന്നെ അപമാനിച്ചവരോടും ശപിച്ചരോടും കള്ളം പറഞ്ഞരോടും അവമതി വരുത്തിയരോടും ഞാൻ പറയുന്നു: ഇതാ, ഞാൻ ദൈവത്തിന്റെ അടുക്കലേക്ക് രക്തസാക്ഷിയായിരിക്കുന്നു. ഇൻഷാ അല്ലാഹ് ഞാൻ പോകുന്നു. ദൈവത്തിന്റെ മുമ്പിൽ എല്ലാ എതിരാളികളും ഒരിക്കൽ കണ്ടുമുട്ടും.
ഫലസ്തീനിനെ ഞാൻ നിങ്ങളുടെ സംരക്ഷണത്തിൽ ഏല്പിക്കുന്നു. അൽ-അഖ്സ പള്ളിയിൽ അതിന്റെ മുറ്റത്ത് എത്തി അവിടെ പ്രാർത്ഥിക്കാനും അതിന്റെ മണ്ണിൽ തൊടാനും ഞാൻ ആഗ്രഹിച്ചിരുന്നു. ഈ ലോകത്ത് അതിന് ആയില്ലെങ്കിൽ നമ്മെ എല്ലാവരെയും ദൈവം നിത്യനന്മകളുടെ ഉദ്യാനങ്ങളിൽ ഒരുമിച്ചുകൂട്ടാൻ ഞാൻ പ്രാർത്ഥിക്കുന്നു. ഓ ദൈവമേ, എന്നെ രക്തസാക്ഷികളിൽ ഉൾപ്പെടുത്തേണമേ. എന്റെ മുൻകാലവും ഭാവിയിലെ പാപങ്ങളും പൊറുത്ത് തരേണമേ. എന്റെ രക്തത്തെ എന്റെ ജനതയ്ക്കും കുടുംബത്തിനും സ്വാതന്ത്ര്യത്തിന്റെ പാത പ്രകാശിപ്പിക്കുന്ന ഒരു വെളിച്ചമാക്കണേ. എനിക്ക് വീഴ്ച പറ്റിയെങ്കിൽ എന്നോട് ക്ഷമിക്കുക. എനിക്ക് കരുണയും ക്ഷമയും ലഭിക്കാൻ പ്രാർത്ഥിക്കുക. ദൈവത്തിന്റെ സമാധാനവും കരുണയും അനുഗ്രഹങ്ങളും നിന്റെ മേൽ ഉണ്ടാകട്ടെ.
നിങ്ങളുടെ സഹോദരൻ, രക്തസാക്ഷി, ഇൻഷാ അല്ലാഹ്
സാലിഹ് അമർ ഫൗവാദ് അൽ-ജഅഫറി
12/10/2025
Adjust Story Font
16

